ചേർത്തല ഇനി കിഫ്ബിയിൽ മിന്നും!
text_fieldsനമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
വികസനങ്ങളുടെ വേഗതയാണ് കിഫ്ബിയുടെ പ്രത്യകത. വർഷങ്ങളുടെ കഷ്ടപ്പാടോടെ ചെയ്യുന്ന പല വികസനം പരിപാടികളും ഏറെക്കുറെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു എന്നുള്ളത് വലിയൊരു അഡ്വാന്‍റേജ് തന്നെ കിഫ്ബി നൽകുന്നു. ചേർത്തല മേഖലയിലും കിഫ്ബിയുടെ സഹായത്തോടെ വികസനങ്ങൾ നടന്നിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പ്രധാനപ്രദേശമാണ ചേർത്തല. ചെറിയ ടൗണും തീരപ്രദേശങ്ങളുമായി ഒരു വ്യത്യസ്തമായ ഭൂമിശാസ്ത്രമാണ് ചേർത്തലയിലേത്.
തീരപ്രദേശ വികസനങ്ങളാണ് ചേർത്തലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് മന്ത്രി പി. പ്രസാദ് പറയുന്നത്. കടൽ ക്ഷോഭം കടലാക്രമണം എന്നിവയെല്ലാം ചേർത്തല നിവാസികൾ എന്നും നേരിടുന്ന പ്രശ്നമാണ്. എപ്പോഴും പേടിച്ചു ജീവിക്കണം എന്നൊരു അവസ്ഥ തീരദേശ പ്രദേശവാസികളിൽ നിന്നും മാറ്റാൻ തീരദേശ വികസനങ്ങൾക്ക് സാധിക്കുമെന്ന് പറയുകയാണ് മന്ത്രി പ്രസാദ്. തീരസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒറ്റമശേരിയിലെ കടലേറ്റം തടയുന്നതിനു സംരക്ഷണ ഭിത്തി നിർമാണത്തിന് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ട്. 24 കോടിയോളമാണ് കടൽഭിത്തി പണിയുന്നതിനായി നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇത് ചേർത്തലയുടെ ഒരുപാട് നാളായുള്ള സ്വപ്നമാണെന്ന് മന്ത്രി പറഞ്ഞു.
ആറ് നിലയോളമുള്ള താലൂക്ക് ഹോസ്പിറ്റൽ കെട്ടിടവും കിഫ്ബി വഴി പണിതിട്ടുണ്ട്. 70 കോടിയോളമാണ് ഇതിന്‍റെ ബഡ്ജറ്റ്. കേരള സർക്കാരും കിഫ്ബിയുമൊന്നിച്ചാണ് ഇതിന്‍റെ പ്രവർത്തനം നടത്തുന്നത്. ചാരമംഗലം ജി.എച്ച്.എസ്.എസ്, ചേർത്തല ജി.എച്.എസ്.എസ്, ജി.എച്.എസ്.എസ് ചേർത്തല സൗത്ത്, വെല്ലിയംകുളം സ്കൂൾ എന്നിങ്ങനെ വ്യത്യസ്ത സ്കൂളുകൾകളും കിഫ്ബിയുടെ കീഴിൽ ഡെവലപ്പ് ചെയ്യും.ചേർത്തല-തണ്ണീർമുക്ക് റോഡ്, മുട്ടത്തിപറമ്പ്-അർതുങ്കൽ റോഡ് എന്നിവയെല്ലാം വികസിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമായതുകൊണ്ട് തന്നെ ഇത് മൊത്തത്തിലുള്ള വികസനത്തെ സ്വാധീനിക്കാൻ കെൽപുള്ളവയാണ്. അത്തരത്തിൽ ഒരുപാട് പെട്ടെന്നുള്ള മാറ്റങ്ങളെയാണ് കിഫ്ബിയിലൂടെ ചേർത്തലയിൽ നടപ്പിലാകുന്നത്.