ഒല്ലൂരിൽ ഇനി ചെറിയ കളികളില്ല! കിഫ്ബിയിലൂടെ വമ്പൻ ഡെവലപ്മെന്‍റുകൾ
text_fieldsനമ്മുടെ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
കിഫ്ബിയുടെ വികസന പദ്ധതികളെ മികച്ച രീതിയിൽ ഉപയോഗിച്ച നിയോജക മണ്ഡലങ്ങളിലൊന്നാണ് ഒല്ലൂർ. റവന്യൂ മന്ത്രി കെ രാജൻറെ മണ്ഡലമായി ഇവിടെ വികസന പദ്ധതികൾ എത്തിയിട്ടില്ലാത്ത സ്ഥലങ്ങൾ വളരെ കുറവാണ്. പശ്ചാത്തല വികസനത്തിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളുടെ കാലമാണ് കഴിഞ്ഞ 9 വർഷം കൊണ്ട് ഒല്ലൂരിന് സംഭവിച്ചത്. ടൂറിസത്തെ ലോകോത്തര നിലവാരത്തിലെത്തിച്ച പുത്തൂർ സുവോളജിക്കൽ പാർക്ക് കിഫ്‌ബിയുടെ വികസന പദ്ധതികളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. പശ്ചാത്തല സൗന്ദര്യ വികസന രംഗത്തെ ഐതിഹാസിക മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു ഇത്. കിഫ്ബിയുടെ സഹായത്തോടെ മണ്ഡലത്തിലെ ഏല്ലാ പി.ഡ.ബ്ല്യുഡി റോഡുകളും ബി.എം.ബിസി ആക്കാനും സാധിച്ചു.
നെടുമ്പുഴ മേൽപ്പാലം ഉൾപ്പെടെ മണ്ഡലത്തിൻറെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും പ്രധാനപ്പെട്ട നാല് പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചതും ഈ സർക്കാരിൻറെ കാലത്താണ്. ഒല്ലൂർ നിയോജക മണ്ഡലത്തിനായി മൊത്തം 560 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി നീക്കിവച്ചത്. കിഫ്ബി ഫണ്ട് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള മണ്ഡലങ്ങളിലൊന്നും ഒല്ലൂരാണ്.
കണ്ണാറയിലെ ബനാന ആൻഡി ഹണി പാർക്കിൻറെ നിർമ്മാണത്തിനായി 24 കോടി രൂപയാണ് കിഫ്ബി വക എത്തിയത്. ഇവിടുത്തെ ഏകദേശം എല്ലാ സ്കൂളുകളുടെയും വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ട്. പൂത്തൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് 6 കോടി രൂപയും, പീച്ചി ഗവ.ഹയർസെക്കണ്ടറി സ്കൂളിന് 3 കോടിയും, പീച്ചി എൽ.പി സ്കൂളിന് ഒരു കോടി രൂപയും, മൂർക്കനിക്കര ഗവ.യുപി സ്കൂളിന് 3 കോടി രൂപയും, ഒല്ലൂർ സ്കൂൾ നിർമ്മാണത്തിന് 4 കോടിയും, പട്ടിക്കാട് ഗവ.എൽപി സ്കൂളിന് 1 കോടിയും, ആശാരിക്കാട് എൽപി സ്കൂളിന് 1 കോടി രൂപയും, നെടുപുഴ ജെബിഎൽ എൽപി സ്കൂളിന് 1 കോടി, പട്ടിക്കാട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ 4 കോടി, കട്ടിലപൂവം സ്കൂൾ 1 കോടി, അഞ്ചേരി ഗവ. സ്കൂളിന് 1 കോടി രൂപയും കിഫ്ബി ഫണ്ട് ലഭിച്ചിട്ടുണ്ട്.
റോഡ് വികസനത്തിലും അതിശയകരമായ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിലുണ്ടായിരിക്കുന്നത്. ശ്രീധരി പാലത്തിനും അനുബന്ധ റോഡ് നിർമ്മാണത്തിനുമായി 10 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. നെടുപുഴ റയിൽവെ മേൽപ്പാലത്തിനായി 36 കോടി രൂപ അനുവദിച്ചു. മണ്ണുത്തി-എടക്കുന്നു റോഡ് നിർമ്മാണത്തിനായി 35 കോടി രൂപയാണ് കിഫ്ബി ഫണ്ട് ലഭിച്ചത്. പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡ് വികസനത്തിനായി 65 കോടി രൂപ ലഭിച്ചു. കണ്ണാറ മൂർക്കിനിക്കര റോഡ്-36 കോടി, നെടുപുഴ-പടിഞ്ഞാറേ കോട്ട റോഡ്- 18 കോടി, എന്നിങ്ങനെയാണ് മറ്റ് റോഡുകൾക്ക് ലഭിച്ച കിഫ്ബി ഫണ്ട്.