Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി പുനഃസംഘടന:...

കിഫ്ബി പുനഃസംഘടന: ഉന്നതതല സമിതിയെ നിയോഗിച്ചു; മസാല ബോണ്ടുകൾ ഉൾപ്പെടെ പരിശോധിക്കും

text_fields
bookmark_border
കിഫ്ബി പുനഃസംഘടന: ഉന്നതതല സമിതിയെ നിയോഗിച്ചു; മസാല ബോണ്ടുകൾ ഉൾപ്പെടെ പരിശോധിക്കും
cancel

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി)യുടെ ഇതുവരെയുള്ള പ്രവർത്തനം പരിശോധിച്ച് പുനഃസംഘടിപ്പിക്കാൻ സർക്കാർ. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും ഭരണനിർവ്വഹണം മെച്ചപ്പെടുത്തുന്നതിനുമായി പ്രമുഖ സാമ്പത്തിക-ഭരണ വിദഗ്ധർ ഉൾപ്പെടുന്ന ഉന്നതതല സമിതിയെ സർക്കാർ നിയോഗിച്ചു.

മുൻ ഐ.എ.എസ് ഉദ്യോഗസ്ഥയായ സുധ പിള്ളയാണ് അഞ്ചംഗ സമിതിയുടെ അധ്യക്ഷ. പ്രമുഖ ബാങ്കിങ് വിദഗ്ധനും ഫെഡറൽ ബാങ്ക് മുൻ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ നിതേഷ് വികംസി, മുൻ റെവന്യൂ സെക്രട്ടറി തരുൺ ബജാജ്, സി.എ.ജി ഓഡിറ്റ് ബോർഡ് മുൻ ഡയറക്ടർ എച്ച്. ശുഭലക്ഷ്മി നാരായണൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു.

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറായുള്ള പ്രത്യേക സെക്രട്ടേറിയറ്റ് സംവിധാനം സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, സച്ചിൻ കുമാർ യാദവ്, മുഖ്യമന്ത്രിയുടെ എ.പി.എസ് കെ.പി.കെ. തിലകൻ എന്നിവർ ഈ ഏകോപന സമിതിയിൽ അംഗങ്ങളാണ്.

കിഫ്ബിയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സമിതി വിശദമായി പരിശോധിക്കും. മസാല ബോണ്ടുകൾ ഉൾപ്പെടെയുള്ള വിപണി മാർഗ്ഗങ്ങളിലൂടെ നടത്തിയ വായ്പയെടുപ്പുകളുടെ ചെലവും അത് കിഫ്ബിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യവും സമിതി പരിശോധിക്കും. വായ്പയെടുത്ത പണം കുറഞ്ഞ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിൽ മാറ്റിവെച്ചതിലൂടെ നഷ്ടമുണ്ടായോ എന്നും പരിശോധനിക്കും. സംസ്ഥാന വരുമാനം കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റാതെ നേരിട്ട് കിഫ്ബിയിലേക്ക് വഴിതിരിച്ചുവിട്ടതിലെ നിയമപരവും ഭരണഘടനാപരവുമായ കാര്യങ്ങൾ സമിതി വിലയിരുത്തും.

ഓഫ്-ബജറ്റ് വായ്പകൾ സംബന്ധിച്ച കേന്ദ്ര സർക്കാർ നയങ്ങളുടെ പശ്ചാത്തലത്തിൽ കിഫ്ബിയുടെ നിലനിൽപ്പും ഭാവി പ്രവർത്തനങ്ങളും സമിതി പരിശോധിക്കും. കിഫ്ബിയിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ, നയം, ഘടന എന്നിവയിൽ വന്ന വീഴ്ചകൾ പരിശോധിക്കുകയും പുനഃസംഘടന നിർദ്ദേശിക്കുകയും ചെയ്യും. ഫണ്ട് വിതരണത്തിൽ ജില്ലകൾക്കും വിവിധ മേഖലകൾക്കും തുല്യമായ പരിഗണന ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായവും സമിതിക്ക് തേടാവുന്നതാണ്. മൂന്ന് മാസമാണ് സമിതിയു​ടെ പ്രവർത്തന കാലാവധി.

Show Full Article
TAGS:kiifb Masala Bond 
News Summary - KIIFB restructuring: High-level committee appointed, Masala Bonds to be reviewed
Next Story