വന്യജീവികളെ കൊല്ലൽ: മന്ത്രിസഭ തീരുമാനത്തിൽ പ്രായോഗിക, നിയമ കടമ്പകളേറെ
text_fieldsതിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രായോഗിക, നിയമപ്രശ്നങ്ങളേറെ. മൃഗങ്ങളെ കൊല്ലാൻ കേന്ദ്രാനുമതി തേടുന്നതിനൊപ്പം സംസ്ഥാനത്ത് നിയമനിർമാണ സാധ്യത പരിശോധിക്കാനുമാണ് മന്ത്രിസഭ തീരുമാനം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഈ നീക്കത്തിന് കേന്ദ്ര അനുമതി കിട്ടാനുള്ള സാധ്യത പരിമിതമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം നേരത്തെ കേന്ദ്രം തള്ളിയതാണ്. ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ, നിയമത്തിലെ ഉപാധികൾ പാലിക്കാതെ കൊല്ലാൻ കഴിയും. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാറിന് മാത്രമാണ്.
കടുവ, കാട്ടാന തുടങ്ങിയവ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്നവയായതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമനിർമ്മാണം അസാധ്യമാണെന്നും വിലയിരുത്തുന്നു. വന്യജീവികളെ കൊല്ലണമെങ്കിൽ കടമ്പകളേറെയാണ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം.
പക്ഷേ, വന്യജീവി ജനവാസ കേന്ദ്രത്തിലാണെന്നും അപകടകാരിയാണെന്നും ജില്ല മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ലഭിക്കണം. ഇതിന് കാലതാമസമെടുക്കും. കേന്ദ്രനിയമ പ്രകാരം കലക്ടർക്ക് ശല്യകാരിയായ ജീവിയെ കൊല്ലാൻ ഉത്തരവിടാം. കലക്ടർ ഉത്തരവിട്ടാലും വൈൽഡ് ലൈഫ് വാർഡന്റെയും അനുമതി വേണ്ടിവരും.
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളുടെ കാര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതല നൽകി വെടിവെച്ചുകൊല്ലാൻ പ്രത്യേക അനുമതി നൽകിയിട്ടും കാര്യമായ ഗുണമുണ്ടായില്ല.
സമാന രീതിയിൽ കുരങ്ങുകൾ, മുള്ളൻപന്നി തുടങ്ങിയവ അടക്കമുള്ളവയെ കൊല്ലാനാണ് കേന്ദ്രാനുമതി തേടുക. അപകടകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും ജനന നിയന്ത്രണത്തിനും സംസ്ഥാനത്തിന് അധികാരം ലഭിക്കുന്ന തരത്തിൽ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ പരിഗണന. എ.ജിയുമായും നിയമസെക്രട്ടറിയുമായും കൂടിയാലോചിച്ച് നിയമഭേദഗതിക്ക് നിർദേശം തയാറാക്കാൻ വനം അഡി.ചീഫ്സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.-