കിരണിന്‍റെ സഹോദരി ഭർത്താവിനെ ചോദ്യം ചെയ്യും; പോസ്റ്റ്മാർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴിയെടുത്തു
text_fieldsകൊല്ലം: വിസ്മയയുടെ മരണത്തിൽ കൂടുതൽ നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നു. വിസ്മയയുടെ ഭർത്താവ് കിരണിന്‍റെ സഹോദരി ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യും. ജനുവരി രണ്ടിന് കിരൺ വിസ്മയയെ മർദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് മുൻകൈയെടുത്തവരിൽ ഒരാൾ കിരണിന്‍റെ സഹോദരി ഭർത്താവായിരുന്നു. ഇതുകൂടാതെ വിസ്മയയുടെ കുടുംബം ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുമുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇയാളെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം, വിസ്മയയുടെ പോസ്റ്റ്മാർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്ന് ഡോക്ടർമാരുടേയും ഫോറൻസിക് ഡയറക്ടറുടേയും മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തി. ശുചിമുറിയുടെ ജനാലയിൽ കെട്ടിയിരുന്ന ടർക്കി കഴുത്തിൽ മുറുക്കിയാണ് വിസ്മയ മരിച്ചത്. ഇത് ആത്മഹത്യയാണോ അതോ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണോ എന്നതാണ് പൊലീസ് സംശയം. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാരുടേയും ഫോറൻസിക് വിദഗ്ധേന്റയും മൊഴിയെടുത്തത്.
കഴിഞ്ഞ ദിവസം കിരൺ കുമാറിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന അക്കൗണ്ട് പൊലീസ് സീൽ ചെയ്യുകയും ചെയ്തിരുന്നു. വിസ്മയയുടെ കുടുംബം കിരണിന് നൽകിയ കാർ തൊണ്ടി മുതലാക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.