
മലപ്പുറത്തെ ശക്തി കേന്ദ്രങ്ങളിൽ സീറ്റെന്ന പ്രതീക്ഷയും മങ്ങി; കെ.എം. ഷാജി അഴീക്കോട്ട് തന്നെ
text_fieldsകണ്ണൂർ: സുരക്ഷിത സീറ്റ് തേടിയുള്ള ചാഞ്ചാട്ടത്തിനൊടുവിൽ കെ.എം. ഷാജി അഴീക്കോട്ട് തന്നെ. അഴീക്കോട് വീണ്ടും മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ഷാജി രംഗത്തെത്തി. അഴീക്കോടുനിന്ന് തുടർച്ചയായി രണ്ടുതവണ ജയിച്ച ഷാജി ഇവിടെ മൂന്നാമങ്കത്തിന് ഇല്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
പകരം മറ്റൊരു സുരക്ഷിത സീറ്റ് എന്ന ആവശ്യം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ, അത് നടക്കില്ലെന്ന സാഹചര്യത്തിലാണ് അഴീക്കോട് വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത്. അഴീക്കോട് വീണ്ടുമൊരു മത്സരത്തിന് ഇല്ലെന്ന സൂചന ഷാജി പലകുറി നൽകിയിരുന്നു. കാസർകോട് സീറ്റിലായിരുന്നു ഷാജിയുടെ നോട്ടം.
എന്നാൽ, അവിടെനിന്ന് കടുത്ത എതിർപ്പാണ് ഉയർന്നത്. പുറം ജില്ലകളിൽനിന്നുള്ളവരെ കെട്ടിയിറക്കുന്നതിരായ പരാതി പാണക്കാട് വരെയെത്തി. മലപ്പുറത്തെ ശക്തി കേന്ദ്രങ്ങളിൽ സീറ്റെന്ന പ്രതീക്ഷയും മങ്ങിയതോടെയാണ് അഴീക്കോട് വേണ്ടെന്ന നിലപാട് മാറ്റിയത്. എന്നാൽ, അഴീക്കോട് നിന്ന് താൻ മാറേണ്ട സാഹചര്യമില്ലെന്നും അവിടെ മത്സരിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നുമാണ് ഷാജി ഇപ്പോൾ വിശദീകരിക്കുന്നത്.