Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി സിറ്റി പൊലീസ്...

കൊച്ചി സിറ്റി പൊലീസ് കമീഷണറെ മാറ്റി; ചേരാനല്ലൂർ അപകടത്തിൽ വീണ്ടും നടപടി

text_fields
bookmark_border
Cheranalloor Accident Death
cancel
camera_alt

എസ് കാളിരാജ് മഹേഷ് കുമാർ


കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതിലെ പൊലീസ് വീഴ്ചയിൽ വീണ്ടും നടപടി. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ആര്‍. നിശാന്തിനി പുതിയ കമീഷണറായി ചുമതലയേല്‍ക്കും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കമീഷണറെ നീക്കുന്ന ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നേരത്തെ, കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ചേരാനല്ലൂർ സി.ഐ കെ.എസ്. ശ്യാംകുമാർ, എസ്.എച്ച്.ഒ പി.എച്ച്. വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ കെ.പി. മനോജ്, സി.പി.ഒ അരുൺജോയ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസിന്‍റെ അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി നിയമസഭയിൽ സമ്മതിച്ചിരുന്നു. പിന്നാലെയാണ് പൊലീസുകാർക്കെതിരെ നടപടിയുണ്ടായത്.

പ്രതിയായ 17കാരന്‍റെ പിതാവായ ജഡ്ജിയുടെ വീട്ടിൽ പരിശോധന നടത്തിയതിലും വീഴ്ചയുണ്ടായി. ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്താനായിരുന്നു നിർദേശം നൽകിയത്. എന്നാൽ, വൈകീട്ടാണ് വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. കാറുടമയായ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയാണ് ക്രൈംബ്രാഞ്ച് നടത്തിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആരംഭിച്ച പരിശോധന പുലര്‍ച്ചെ മൂന്ന് മണിക്കാണ് അവസാനിച്ചത്. പരിശോധനയില്‍ ആഡംബര ഇരുചക്ര വാഹനവും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു.

ചേരാനല്ലൂർ സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയൻ അപകടസ്ഥലം സന്ദർശിച്ചിരുന്നു. അപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കളോടും സംസാരിച്ചു. ഇതുസംബന്ധിച്ച ഹൃസ്വറിപ്പോർട്ട് ഡി.ജി.പിക്ക് സമർപ്പിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ പ്രതിക്ക് ജാമ്യം കിട്ടിയ നടപടി ചോദ്യം ചെയ്ത് മേൽകോടതിയെ സമീപിക്കും. അപകടമുണ്ടാക്കിയ പ്രതിയായ കുട്ടിയുടെ പിതാവ് ജഡ്ജിയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ച സംഭവത്തിൽ വാഹനയുടമയുമായ പിതാവിനെ പ്രതി ചേർത്ത് കേസെടുത്തതായി ഹൈകോടതി രജിസ്ട്രാറെ അറിയിച്ചു.

കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ മേല്‍കോടതിയെ സമീപിച്ചിട്ടുണ്ട്. ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭ്യമായാല്‍ ഉടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, കേസില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരായ നടപടിയില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം തൃപ്തിയറിയിച്ചു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്പില്‍ കുടുംബം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kochi city Police Commissioner S Kaliraj Mahesh Kumar Cheranalloor Accident Death 
News Summary - Kochi City Police Commissioner S. Kaliraj Mahesh Kumar transferred
Next Story