കൊച്ചി മേയർ; നിർണായകമായത് കൗൺസിലർമാരുടെ ‘ചോയ്സ്’
text_fieldsകൊച്ചി കോർപറേഷൻ നിയുക്ത മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർമാരാവുന്ന കെ.വി.പി. കൃഷ്ണകുമാർ, ദീപക് ജോയ് എന്നിവരെ അഭിനന്ദിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമീപം
കൊച്ചി: മേയറാവുമെന്ന പ്രതീക്ഷ വാനോളമുണ്ടായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞ് വി.കെ. മിനിമോൾക്കും ഷൈനി മാത്യുവിനും മേയർ പദവി വീതംവെക്കുമ്പോൾ നിർണായകമായത് കൗൺസിലർമാരുടെ അഭിപ്രായം. തിങ്കളാഴ്ച ചേർന്ന പാർലമന്റെറി പാർട്ടി യോഗത്തിലാണ് കോൺഗ്രസിന്റെ 42 കൗൺസിലർമാരും ആരായിരിക്കണം മേയറെന്ന വ്യക്തിപരമായ അഭിപ്രായവും ചോയ്സും മുന്നോട്ടുവെച്ചത്.
എന്നാൽ, അഭിപ്രായ വോട്ടെടുപ്പായിരുന്നില്ല ഇത്. പകരം, രഹസ്യാത്മകമായി യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, മുതിർന്ന കോൺഗ്രസ് നേതാവ് എൻ. വേണുഗോപാൽ എന്നിവരാണ് കൗൺസിലർമാരോട് തങ്ങളുടെ താൽപര്യങ്ങൾ ചോദിച്ചറിഞ്ഞത്. യോഗത്തിൽ കൂടുതൽ പേരും ഷൈനിയെ പിന്തുണച്ചുവെന്നാണ് സൂചന. ഷൈനിയെയും മിനിമോളെയും കൂടുതൽ പേർ പറഞ്ഞപ്പോൾ ദീപ്തിക്ക് കാര്യമായ പിന്തുണ കിട്ടിയില്ലെന്നും വിവരമുണ്ട്.
കൗൺസിലർമാരുടെ വികാരമാണ് ഡി.സി.സി നേതൃത്വവും ജില്ലയിലെ കോൺഗ്രസ് ജനപ്രതിനിധികളും ചർച്ച ചെയ്തതും തുടർന്ന് തീരുമാനത്തിലേക്കെത്തിയതും. ഇതിനിടെ തന്നെ വെട്ടിയ നേതൃത്വത്തിനെതിരെ പരസ്യമായ പടപ്പുറപ്പാടുമായി ദീപ്തിയും രംഗത്തെത്തി.
തന്റെ അതൃപ്തി മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി വ്യക്തമാക്കിയ ദീപ്തി, കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചു. സ്റ്റേഡിയം വാർഡിൽനിന്നുള്ള പ്രതിനിധിയാണ് ദീപ്തി. വി.കെ. മിനിമോൾ പാലാരിവട്ടത്തുനിന്നും ഷൈനി ഫോർട്ട്കൊച്ചിയിൽനിന്നുമുള്ള പ്രതിനിധിയാണ്.
എല്ലാവരുമായും ആലോചിച്ചെടുത്ത തീരുമാനം -മുഹമ്മദ് ഷിയാസ്
കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങി എല്ലാ നേതൃത്വവുമായും കൗൺസിലർമാരുമായും ചേർന്ന് ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും അതിനപ്പുറം മറ്റൊരു പരിഗണനയുമില്ലെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
ഏറ്റവും വലിയ പരിഗണന പ്രവർത്തന പരിചയമാണ്. മിനിമോൾക്ക് മൂന്നുതവണ കൗൺസിലറായി പരിചയസമ്പത്തുണ്ട്, കൂടാതെ സ്ഥിരംസമിതി അധ്യക്ഷയുമായിരുന്നു. നിലവിൽ സ്ഥാനങ്ങളിലേക്ക് തീരുമാനിക്കപ്പെട്ടവർ കൗൺസിലിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവുന്നവരാണ്. ദീപ്തി മേരി വർഗീസ് കെ.പി.സി.സിക്ക് നൽകിയ പരാതിയെക്കുറിച്ച് അറിയില്ലെന്നും കെ.പി.സി.സി മാനദണ്ഡങ്ങൾ പാലിച്ചാണ് തീരുമാനമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് ഇതു സംഭവിച്ചെന്ന് നേതൃത്വം വ്യക്തമാക്കണം -ദീപ്തി മേരി വർഗീസ്
പാർലമന്റെറി പാർട്ടി യോഗത്തിനു ശേഷം തിങ്കളാഴ്ച കോർ കമ്മിറ്റി ചേർന്ന് രാഷ്ട്രീയ തീരുമാനമെടുക്കാമെന്നാണ് താനുൾപ്പെടെയുള്ളവരോട് നേതൃത്വം അറിയിച്ചതെന്നും എന്നാൽ, കോർ കമ്മിറ്റി ചേർന്നിട്ടില്ലെന്നും ദീപ്തി മേരി വർഗീസ് പറയുന്നു. ഡൊമിനിക് പ്രസന്റേഷനും എൻ. വേണുഗോപാലും പറഞ്ഞത് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം, അല്ലാത്തവർ വിശ്വസിക്കേണ്ട.
അവർ പറഞ്ഞ കണക്ക് തനിക്കറിയില്ല. കെ.പി.സി.സി എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. കെ.പി.സി.സി സർക്കുലറിൽ പറഞ്ഞത് ചെയ്യേണ്ടത് താനല്ല, അതിന് ഉത്തരവാദപ്പെട്ടവരാണ്. ഈ തീരുമാനത്തിൽ തനിക്ക് പരിഭവവും പ്രശ്നവുമില്ല. മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതിനെക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റുമായി സംസാരിച്ചിട്ടുണ്ട്.
ഏറ്റവും ഉത്തരവാദപ്പെട്ട ആളാണ് കൊച്ചി കോർപറേഷന്റെ ചുമതലയിലുണ്ടായിരുന്നതെന്നും എന്തുകൊണ്ട് ഇങ്ങനൊരു തീരുമാനം വന്നുവെന്ന് അദ്ദേഹം പറയട്ടെയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേരു പറയാതെ ദീപ്തി വ്യക്തമാക്കി.
കോൺഗ്രസിേൻറത് ഒത്തൊരുമയുള്ള ടീം -മിനിമോൾ
പാർട്ടി നൽകിയ ഉത്തരവാദിത്തവും അംഗീകാരവും വലിയ സന്തോഷം നൽകുന്നതാണെന്ന് നിയുക്ത മേയർ വി.കെ. മിനിമോൾ പ്രതികരിച്ചു. ഇത്തവണ ജയിച്ചവരെല്ലാം പ്രഗല്ഭരാണ്. കോൺഗ്രസിന്റെ ടീം ഒത്തൊരുമയുള്ള ടീമാണ്. എല്ലാ കാര്യങ്ങളും നേതൃത്വമാണ് എടുക്കുന്നത്. കിട്ടുന്ന സമയം നല്ല രീതിയിൽ വിനിയോഗിക്കുക എന്നതാണ് പ്രധാനമെന്നും അവർ പറഞ്ഞു.


