കേന്ദ്ര ബജറ്റിൽ 1957 കോടി: കൊച്ചി മെട്രോക്ക് ഉണർവേകും
text_fieldsകൊച്ചി: സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ നടപടി ആരംഭിച്ച കൊച്ചി െമട്രോ രണ്ടാംഘട്ടത്തിന് കേന്ദ്ര ബജറ്റിൽ നീക്കിവെച്ച 1957.05 കോടി രൂപ കൂടുതൽ ഉണർവാകും. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം (ജെ.എൽ.എൻ) മുതൽ കാക്കനാട് വഴി ഇൻഫോ പാർക്ക് വരെ നീളുന്ന 11.2 കിലോമീറ്റർ ദൂരമാണ് രണ്ടാംഘട്ടം.
ഒന്നാംഘട്ടത്തിലെ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും രണ്ടാംഘട്ട മെട്രോ ഇടനാഴി നിർമാണം. 11 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകളാണ് ഇതിൽ ഉൾപ്പെടുക. ഒന്നാംഘട്ടവും രണ്ടാംഘട്ടവുമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്ക് സൗകര്യപ്രദമായി സഞ്ചരിക്കാനാകും. നാലുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാണ് ബജറ്റ് നിർദേശം.
തിരുവനന്തപുരം മുതൽ കാസർകോടുവരെ നീളുന്ന നിർദിഷ്ട സെമി ഹൈസ്പീഡ് റെയിൽ സംവിധാനമായ സിൽവർ ലൈൻ, മെട്രോ ഇൻഫോ പാർക്ക് സ്റ്റേഷൻ - 2വുമായി ബന്ധിപ്പിക്കൽ, ബസ് യാത്രാസംവിധാനം, ജലഗതാഗതം, പൊതുൈസക്കിൾ സംവിധാനം എന്നിവയെ സംയോജിപ്പിക്കുന്നതിലൂടെ മെട്രോ രണ്ടാംഘട്ടം ഏകീകൃത ഗതാഗത സംവിധാനരീതി കൈവരിക്കും. കൂടാതെ കാക്കനാട് ജെട്ടി, ഇൻഫോ പാർക്ക് െജട്ടി എന്നിവയുമായും മെട്രോ രണ്ടാംഘട്ട ഇടനാഴി സംയോജിപ്പിക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയാണ് കൊച്ചി മെട്രോ ഒന്നാംഘട്ടം. അതിൽ പേട്ട വരെ നിർമാണം പൂർത്തിയാക്കി സർവിസ് ആരംഭിച്ചു. തൃപ്പൂണിത്തുറ വരെയുള്ള ബാക്കി ഭാഗം നിർമാണത്തിെൻറ അവസാനഘട്ടത്തിലാണ്. കൂടാതെ, കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യകേന്ദ്രമാക്കി മാറ്റുമെന്ന ബജറ്റ് പ്രഖ്യാപനവും കൊച്ചിയുടെ വാണിജ്യ പ്രതീക്ഷകൾക്ക് ഉണർവേകും.