സ്മാർട്ട് സിറ്റി പദ്ധതി; ചോദ്യമുന സർക്കാറിന്റെ നിസ്സംഗതയിലേക്കും
text_fieldsതിരുവനന്തപുരം: സ്മാർട്ട് സിറ്റി ലക്ഷ്യം പരാജയമെന്ന് വിലയിരുത്തുമ്പോഴും കരാർ വർഷങ്ങളിൽ കൃത്യമായ ഇടപെടലുകൾക്ക് അധികാരമുള്ള സർക്കാറിന്റെ നിസ്സംഗതയിലേക്കും ചോദ്യമുന നീളുന്നു. ഓരോ വർഷവും ഇത്ര ചതുരശ്രയടി സജ്ജമാക്കണമെന്നും ഇത്ര തൊഴിലുകൾ സൃഷ്ടിക്കണമെന്നതടക്കം സമഗ്രമായ വ്യവസ്ഥയാണ് സർക്കാറും ടീകോമും തമ്മിൽ ഒപ്പുവെച്ചിരുന്നത്. കൃത്യമായ ഇടവേളകളിൽ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാനും പോരായ്മകളിൽ ഇടപെടാനുമുള്ള അധികാരം സർക്കാറിനുണ്ട്. എന്നാൽ അത്തരം ഒരു നീക്കവും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് ഗുരതരവീഴ്ചയാണ്. 2011ന് ശേഷം അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാറും ഒന്നും രണ്ടും പിണറായി സർക്കാറുകളും ഇതിൽ ഉത്തരവാദികളാണ്. 86 ശതമാനം ഓഹരി പങ്കാളിത്തം സ്വകാര്യ കമ്പനികൾക്കാണെങ്കിൽ ശേഷിക്കുന്ന 16 ശതമാനം സർക്കാറിൽ നിലനിർത്തിയിരിക്കുന്നത് തന്നെ ഇത്തരം ഇടപെടലുകൾക്കുള്ള അധികാരമെന്ന നിലയിലാണ്.
സംസ്ഥാന സർക്കാറും ടീകോമും തമ്മിൽ ഒപ്പിട്ട കരാർ അനുസരിച്ചാണ് സ്മാർട്ട് സിറ്റിക്കായി സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) രൂപവത്കരിച്ചത്. ഈ എസ്.പി.വിക്കാണ് 246 ഏക്കർ ഭൂമി 99 വർഷത്തേക്ക്, ഏക്കറിന് ഒരു രൂപ നിരക്കിൽ സർക്കാർ പാട്ടത്തിന് നൽകിയത്. 10 വർഷം കൊണ്ട് 88 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങൾ നിർമിക്കണമെന്നും ഇതിൽ 69 ലക്ഷം ചതുരശ്രയടിയും ഐ.ടി സ്ഥാപനങ്ങൾക്ക് മാത്രമേ നൽകാൻ പാടുള്ളൂവെന്നുമാണ് വ്യവസ്ഥ. എല്ലാ വർഷവും ഇക്കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡിന് അധികാരമുണ്ടായിട്ടും ആദ്യ വർഷമൊഴികെ അത്തരം നീക്കങ്ങളൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പദ്ധതി പൂർത്തിയാകേണ്ട സമയമായപ്പോൾ ‘അവർക്കതിന് സാധിച്ചില്ല’ എന്നുള്ള സർക്കാറിന്റെ കൈമലർത്തലിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാകുന്നത് ഇവിടെയാണ്. എസ്.പി.വിയിലെ ടീകോം കമ്പനിയുടെ പങ്കാളിത്തം കൂടി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ അതിനായി ഒരു മൂല്യനിർണയ പരിശോധന (അസസ്മെന്റ്) നടത്തുന്നതിനുള്ള വ്യവസ്ഥകൾ കരാറിലുണ്ട്. അല്ലാതെ പദ്ധതി ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നഷ്ടപരിഹാരം അങ്ങോട്ടുനൽകി ഒഴിവാക്കാൻ വ്യവസ്ഥയില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ സർക്കാറും സ്വകാര്യ കമ്പനിയും പൊതുധാരണ പ്രകാരമുള്ള പിന്മാറ്റമാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം സജീവ ചർച്ചയാകുന്നത്.
ഐ.ടി പദ്ധതി എന്നതിനപ്പുറം 2004 മുതൽ 2011 വരെ രാഷ്ട്രീയ കേരളത്തിന്റെ സജീവ ചർച്ചാവിഷയം കൂടിയായിരുന്നു സ്മാർട്ട് സിറ്റി. കൊച്ചിയുടെ അനന്തമായ സാധ്യതകളെ ലോക വിപണിയിൽ ടീകോം മാർക്കറ്റ് ചെയ്യുമെന്നതായിരുന്നു സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ. കേരളത്തിലെ ആദ്യത്തെ സ്വകാര്യ പ്രത്യേക സാമ്പത്തിക മേഖല കൂടിയാണിത്.
പദ്ധതിയുടെ ഭൂമി വ്യവസ്ഥ മുതൽ ഓഹരി പങ്കാളിത്തംവരെ ഇഴകീറിയുള്ള ചർച്ചകളാണ് അന്ന് നടന്നത്. സംസ്ഥാന സർക്കാറിന് 26 ശതമാനം ഓഹരി പങ്കാളിത്തം വേണമെന്നതായിരുന്നു നിലപാടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. 11 ശതമാനത്തിലായിരുന്നു ആദ്യ ധാരണ. പിന്നീട് 16 ശതമാനത്തിലേക്കെത്തിക്കാൻ നീണ്ട ചർച്ചകൾ വേണ്ടിവന്നു.