കോടന്നൂരിലെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsരാഹുൽ
ചേർപ്പ്: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോടന്നൂർ കൈലാത്ത് വീട്ടിൽ രാഹുലാണ്(28) അറസ്റ്റിലായത്. രാഹുലിന്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷമാണ് മറ്റ് മൂന്ന് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെങ്ങിണിശ്ശേരി ശിവപുരം ലക്ഷംവീട് കോളനിയിൽ കാരാട്ട് വീട്ടിൽ മഹേഷ് (മനു-27) ആണ് കൊല്ലപ്പെട്ടത്.
കോടന്നൂർ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ, ബന്ധു പ്രണവ്, മാരാത്ത് വീട്ടിൽ ആഷിക് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടന്നൂർ പെട്രോൾ പമ്പിന് സമീപമാണ് കൊലപാതകം നടന്നത്.
വെങ്ങിണിശ്ശേരി ശിവപുരം ലക്ഷം വീട് കോളനിയിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചായി ബൈക്കിൽ വരികയായിരുന്ന മഹേഷിനെ കോടന്നൂരിൽ തടഞ്ഞുനിർത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിയേറ്റ് മാരകമായി പരിക്കേറ്റ മഹേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ചേർപ്പ് സി.ഐ സി.വി. ലൈജു മോന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.