Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്തുകൊണ്ട് ദേവസ്വം...

‘എന്തുകൊണ്ട് ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ഒരു പട്ടികജാതിക്കാരന് കൊടുത്തുകൂടാ?’ ആവശ്യമുന്നയിച്ച് കൊടിക്കുന്നിൽ; ‘അദ്ദേഹം സീനിയർ നേതാവ്, പറയുന്നത് തള്ളാൻ ഗവൺമെന്റിന് കഴിയി​​ല്ല’ എന്ന് മന്ത്രി

text_fields
bookmark_border
‘എന്തുകൊണ്ട് ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ഒരു പട്ടികജാതിക്കാരന് കൊടുത്തുകൂടാ?’ ആവശ്യമുന്നയിച്ച് കൊടിക്കുന്നിൽ; ‘അദ്ദേഹം സീനിയർ നേതാവ്, പറയുന്നത് തള്ളാൻ ഗവൺമെന്റിന് കഴിയി​​ല്ല’ എന്ന് മന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഒന്നിന്റെയെങ്കിലും പ്രസിഡന്റ് പദവി പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് നൽകി വി.ഡി. സതീശൻ സർക്കാർ ചരിത്രം തിരുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ചുരുങ്ങിയത് ഒരു ടേമെങ്കിലും ഈ പദവി നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

അയ്യങ്കാളി ജയന്തി പരിപാടിയിൽ ദേവസ്വം മന്ത്രി കെ. മുരളീധരനെ വേദിയിലിരുത്തിയായിരുന്നു എം.പിയുടെ ഈ ആവശ്യം. മുതിർന്ന നേതാവായ കൊടിക്കുന്നിൽ സുരേഷിന്റെ ഒരാവശ്യവും താൻ ഒരിക്കലും തള്ളിക്കളയാറില്ലെന്ന് മന്ത്രി മുരളീധരൻ പ്രതികരിച്ചു.

‘ബഹുമാനപ്പെട്ട ദേവസ്വം ബോർഡ് മന്ത്രി ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം ദേവസ്വം ബോർഡിന്റെ കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് കെ കരുണാകരന്റെ മന്ത്രിസഭയിൽ അന്നത്തെ ഹരിജന ക്ഷേമ മന്ത്രി ദലിത് വിഭാഗത്തില്‍ നിന്നുള്ള വെള്ള ഈച്ചരനെയാണ് ദേവസംമന്ത്രിയാക്കിയത്. വളരെ സ്വാഗതാർഹമായ കാര്യമാണ്. അതിനുശേഷം അടുത്ത കാലത്ത് ഇടതുപക്ഷ മന്ത്രി സഭയിലാണ് നമ്മുടെ വിഭാഗത്തിലുള്ള ഒരു മന്ത്രി ഉണ്ടായത്. പക്ഷേ ദേവസം ബോർഡ് പ്രസിഡന്റമാരെ നമുക്ക് ലഭിച്ചിട്ടുണ്ടോ? തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നീ അഞ്ചു ദേവസം ബോർഡുകൾ നമുക്കുണ്ട്. അവിടെയെല്ലാം മരുന്നിന് പോലും ഒരാളില്ല. എന്തുകൊണ്ട് ഈ ദേവസ്വം ബോർഡുകളിൽ ഒരു ചെയർമാൻ സ്ഥാനം, അല്ലെങ്കിൽ ഒരു പ്രസിഡന്റ് സ്ഥാനം ഒരു പട്ടികജാതിക്കാരന് കൊടുത്തുകൂടാ? ഒരു ടേം എങ്കിലും കൊടുക്കണ്ടേ? അത് ഞങ്ങളുടെ അവകാശമല്ലേ? അത് ആരുടെയും ഔദാര്യമല്ല. അത് ഞങ്ങളുടെ അവകാശമാണ്.

അതുകൊണ്ട് ദേവസം മന്ത്രി കൂടി ഇരിക്കുന്ന ഈ വേദിയിൽ വെച്ച് ഞാൻ പറയുന്നു, മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തിൽ ഞാൻ പറയുന്നു, എല്ലാത്തിനും മാറ്റങ്ങൾ വരുത്തുവാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ ഒരു പുതിയ യുഗത്തിലേക്ക് പോകാൻ ശ്രമിക്കുന്ന, അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കൊടുത്തിരിക്കുന്ന, വിഡി സതീശൻ ഗവൺമെന്റ് തീർച്ചയായും ചരിത്രം തിരുത്തി എഴുതണം. ഞങ്ങൾക്ക്, പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് ഈ അഞ്ചു ദേവസം ബോർഡിൽ എവിടെയെങ്കിലും ഒരു പ്രസിഡന്റ് സ്ഥാനം ഒരു ടേമെങ്കിലും തരണം. എല്ലാ കാലത്തും വേണം എന്ന് ഞങ്ങൾ പറയുന്നില്ല. ആ പദവിയിൽ ഇരിക്കാൻ ഞങ്ങൾക്ക് അർഹതയുണ്ട്. അത് പരിഹരിക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.

കൊടിക്കുന്നിലിന്റെ ഒരാവശ്യവും തള്ളിക്കളയില്ല -കെ. മുരളീധരൻ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ ഒരാവശ്യവും താൻ ഒരിക്കലും തള്ളിക്കളയാറില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. നിലവിലെ സ്റ്റാറ്റ്യൂട്ടറി ബോർഡിന് ഇനിയും ഒരു വർഷത്തെ കാലാവധിയുണ്ടെന്നും കൊടിക്കുന്നിൽ ഉന്നയിച്ച ആവശ്യം പുതിയ ബോർഡ് രൂപീകരണ വേളയിൽ പരിഗണിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കൊടിക്കുന്നിൽ ഉന്നയിച്ച ഒരു കാര്യവും ഞാൻ തള്ളി കളയാറില്ലല്ലോ. ഒരു കൊല്ലത്തേക്ക് ഇപ്പോഴത്തെ സ്റ്റാറ്റ്യൂട്ടറി ബോർഡിന് കാലാവധി ഉണ്ട്. അതിനിടക്ക് നമുക്ക് ആലോചിക്കാൻ സമയമുണ്ട്. ഒരു വർഷത്തിനുശേഷം പരിഗണിക്കും. അദ്ദേഹം ഒരു സീനിയർ നേതാവ് കൂടിയാണല്ലോ. അതുകൊണ്ട് അദ്ദേഹം പറയുന്നതിനെ തള്ളാൻ ഗവൺമെന്റിന് കഴിയില്ല. ഏതായാലും നമുക്ക് ആലോചിക്കാം. ഇപ്പോഴത്തെ എല്ലാ ചെയർമാൻമാർക്കും സ്റ്റാറ്റ്യൂട്ടറി അനുസരിച്ച് ഒരു കൊല്ലത്തിന് മേലെയുണ്ട്. കൊച്ചി മാത്രമാണ് എട്ടു മാസംഉള്ളത്’ -അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:kodikunnil suresh Devaswom Board K Muraleedharan Kerala News 
News Summary - Kodikunnil seeks Devaswom Board president post for SC
Next Story