മെത്താംഫിറ്റമിനുമായി കൊടുവള്ളി, താമരശ്ശേരി സ്വദേശികൾ പിടിയിൽ; മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളെന്ന്
text_fieldsകൽപറ്റ: വയനാട് വൈത്തിരിയിൽ മയക്കുമരുന്നുമായി കൊടുവള്ളി, താമരശ്ശേരി സ്വദേശികൾ പിടിയിലായി. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി.പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എ.കെ. (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു.
3.06 ഗ്രാം മെത്താംഫിറ്റമിൻ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടോടെ ലക്കിടി ഭാഗത്ത് കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഡിൽ3 സി.ബി.എം 8664 നമ്പർ കാർ കസ്റ്റഡിയിലെടുത്തു.
സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി., വൈശാഖ് വി.കെ, പ്രജീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൽ റഹീം എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.31 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
പാലക്കാട്: മേപ്പറമ്പ് കാണിക്കമാതാ സ്കൂൾ പരിസരത്തുനിന്ന് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.31 കോടി രൂപ ടൗൺ സൗത്ത് പൊലീസ് പിടികൂടി. കണക്കിൽപെടാത്ത തുക കടത്തിയ കുറ്റത്തിന് നൂറണി സ്വദേശികളായ കൃഷ്ണൻ (55), ഹാരിസ് (40) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച ഓട്ടോയും പിടിച്ചെടുത്തു.
പാലക്കാട്ടെ ജ്വല്ലറികളിൽനിന്ന് പഴയ സ്വർണം വാങ്ങാനായി കൈവശംവെച്ച പണമാണിതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്നെന്നും പ്രതികൾ പറഞ്ഞു. പണത്തിന്റെ ഉറവിടത്തെപ്പറ്റി കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു.


