കടുംകൈ ചെയ്തത് ഇന്ന് ഭർത്താവ് ഗൾഫിൽനിന്ന് വരാനിരിക്കെ; മൂന്നുജീവനെടുത്തത് കടബാധ്യതയും സ്വത്തുതർക്കവും
text_fieldsകരുനാഗപ്പള്ളി: ഒന്നരവയസ്സും ആറുമാസവും പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് കരുനാഗപ്പള്ളി കുലശേഖരപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഇന്ന് ഭർത്താവ് ഗൾഫിൽ നിന്ന് എത്താനിരിക്കെ. കുലശേഖരപുരം കൊച്ചുമാമൂട് വാർഡിൽ പതിനാറാം നമ്പർ കാഷ്യൂ കമ്പനിക്ക് സമീപം വാടകക്ക് താമസിക്കുന്ന ആദിനാട് സൗത്ത് കാട്ടിൽകടവ് പുത്തൻവീട്ടിൽ ഗിരീഷിന്‍റെ ഭാര്യ താര (36), മക്കളായ ഒന്നര വയസ്സുകാരി ആത്മീക, അനാമിക (ആറ്) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മക്കളെ ചേർത്തുപിടിച്ച് താര മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ മൂന്നുപേരും മരിച്ചു. ഗിരീഷ് ഇന്ന് ഗൾഫിൽനിന്ന് എത്താനിരിക്കുകയായിരുന്നു. ഭർത്താവിന്‍റെ ഓഹരി തർക്കവും സാമ്പത്തിക പരാധീനതയുമാണ് ദാരുണ സംഭവത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുതവണ ആത്മഹത്യ ഭീഷണി മുഴക്കി, അനുനയിപ്പിക്കാൻ പൊലീസും പിതാവുമെത്തി
കഴിഞ്ഞദിവസം ഉച്ചയോടെ, ഭര്‍തൃഗൃഹത്തിലെത്തിയ താര ഭർത്താവിന്‍റെ ഓഹരി സംബന്ധമായ കാര്യങ്ങൾ ബന്ധുക്കളുമായി സംസാരിക്കുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. തുടർന്ന്, കരുനാഗപ്പള്ളി പൊലീസെത്തി സംസാരിച്ച് വിഷയം രമ്യമായി പരിഹരിക്കാമെന്ന ഉറപ്പിൽ താരയെ അനുനയിപ്പിച്ച ശേഷം താമസിക്കുന്ന വീട്ടിലേക്ക് മടക്കിയയച്ചു. വീട്ടിലെത്തിയ ശേഷം താര തന്‍റെ പിതാവിനെ വിളിച്ചുവരുത്തി. വീണ്ടും ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടർന്ന് പൊലീസിനെ അവിടേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ചും പൊലീസ് താരയെ പിതാവിന്‍റെ സാന്നിധ്യത്തിൽ അനുനയിപ്പിച്ചു. താര ശാന്തമായ ശേഷം പൊലീസും പിതാവും മടങ്ങി. ഇതിനുശേഷമാണ് കൃത്യം നടത്തിയത്.
അര മണിക്കൂര്‍ കഴിഞ്ഞ് ഇവരുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ കതക് ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ മൂന്നുപേരെയും കണ്ടെത്തിയത്. ഉടന്‍ ആലപ്പുഴ മെഡിക്കൽ കോളജിലെ തീവ്രപരിചരണ യൂനിറ്റിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ഏഴരയോടെ മരിച്ചു. ആദ്യം താരയും പിന്നീട് മക്കളും മരിച്ചു. മൂവരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. കടുത്ത കടബാധ്യതയും സ്വത്തുതർക്കത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നറിയുന്നു.