കല്ലുകടി ഇല്ലാതെ കൊല്ലം
text_fieldsകൊല്ലം: കാര്യമായ കല്ലുകടിയില്ലാതെ കൊല്ലത്തെ സീറ്റ് വിഭജനം പൂർത്തിയാക്കിയ മുന്നണികൾ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവർത്തനത്തിന്‍റെ ആവേശത്തിലേക്ക് കടന്നു. പാർലമെന്‍റിലേക്ക് യു.ഡി.എഫിനെ പുൽകുമ്പോഴും നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതിനോട് കൂറ് കാണിക്കുന്നതാണ് ചരിത്രമെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മാറ്റത്തിന്‍റെ കാറ്റ് ഉൾക്കൊണ്ട് ഇടത് വൃത്തങ്ങൾ ജാഗ്രതയോടെ സ്ഥാനാർഥികളെ നിശ്ചയിച്ചപ്പോൾ യു.ഡി.എഫും കൊമ്പന്മാരുടെ കൊഴിഞ്ഞ്പോക്ക് തടഞ്ഞ് കാര്യമായ പരാതികളില്ലാതെ മൽസരാർഥികളെ നിശ്ചയിച്ചു. എങ്കിലും പുനലൂരിലടക്കം അങ്ങിങ്ങ് പൊന്തിവന്ന വിമതശബ്ദങ്ങൾ ഉടനെ പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് അണികൾ.
എൻ.ഡി.എയാകട്ടെ നേട്ടമുണ്ടാകാൻ സാധ്യതയുള്ളിടത്ത് മാത്രം ശ്രദ്ധിച്ച് മറ്റിടങ്ങളിൽ ശത്രുപക്ഷത്തുനിന്നെത്തിയവർക്കും സെലിബ്രേറ്റികൾക്കും അവസരം നൽകി പരീക്ഷണത്തിന് വിട്ടു. കഴിഞ്ഞ തവണ 11 മണ്ഡലങ്ങളിൽ ഒൻപതും ഇടതിനായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ മേൽകൈ നേടിയതിന്‍റെ പിൻബലത്തിലും പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം വിലയിരുത്തിയും യു.ഡി.എഫ് ആത്മ വിശ്വാസത്തിന്‍റെ നെറുകയിലാണ്.
കൊല്ലത്ത് മുകേഷിനെ മാറ്റി കശുവണ്ടി വികസന ബോർഡ് ചെയർമാനും പാർട്ടി ജില്ലസെക്രട്ടറിയുടെ ചുമതലയും വഹിക്കുന്ന എസ്. ജയമോഹനാണ് സി.പി.എം സ്ഥാനാർഥി . യു.ഡി.എഫ് എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണയെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കി. ബി.ജെ.പിയുടെ സ്ഥാനാർഥി മെഡിട്രീന ഹോസ്പിറ്റൽ എം.ഡികൂടിയായ ഡോ.എൻ. പ്രതാപ്കുമാറാണ്.
ചവറയിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥികൾ തന്നെയാണ് ഇരുമുന്നണികൾക്കുമായി മൽസര രംഗത്ത്. ആർ.എസ്.പിയുടെ ഷിബു ബേബി ജോൺ സിറ്റിങ് എം.എൽ.എ സി.പി.എം സ്വതന്ത്രൻ ഡോ. സുജിത് വിജയൻ പിള്ളയെയാണ് നേരിടുക. ബി.ജെ.പി സ്ഥാനാർഥി കെ.ആർ. രാജേഷാണ്.
മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി കഴിഞ്ഞ തവണ മൽസരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറാണ്. കോൺഗ്രസ് വിട്ട മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ആർ.എസ്. അരുൺരാജ് ആണ് ബി.ജെ.പി സ്ഥാനാർഥി.
കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാലിന് എതിരാളി മുൻ സി.പി.എം എം.എൽ.എ ഐഷ പോറ്റിയാണ്. ആർ. ബലകൃഷ്ണപിള്ളയെന്ന അതികായനെ അട്ടിമറിച്ച ഐഷ മറ്റൊരു അട്ടിമറി നടത്തുമോ എന്നത് കണ്ടറിയണം. അവിടെ കഴിഞ്ഞ തവണത്തെ കോൺഗ്രസ് സ്ഥാനാർഥി ആർ. രശ്മിയാണ് ബി.ജെ.പി കുപ്പായമിടുന്നത്.
പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് എതിരാളി കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ രണ്ടാമത്തെ ‘എം.എൽ.എ’യായി അഞ്ചുകൊല്ലം ചെലവഴിച്ച കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ്. മോട്ടിവേഷൻ കോച്ചായ ട്വന്‍റി 20യുടെ എസ്. അനിൽ കുമാറാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി.
ഇരവിപുരത്ത് രണ്ട് ടേം നിബന്ധനയിൽ ഇളവ് നേടി എം. നൗഷാദ് ഇടതിനായി വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി ആർ.എസ്.പിയുടെ യുവനേതാവ് അഡ്വ.വിഷ്ണു പ്രസാദാണ്. ആർ.എസ്.പി വിട്ട്വന്ന സജി. ഡി.ആനന്ദ് ആണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി.
ചാത്തന്നൂരിൽ സി.പി.ഐ സിറ്റിങ് എം.എൽ.എയെ മാറ്റി പുതുമുഖമായ ആർ. രാജേന്ദ്രനെയാണ് പരീക്ഷിക്കുന്നത്, എതിരാളി കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവിയാണ്. കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിയെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിച്ച ബി.ബി. ഗോപകുമാറാണ് ഇക്കുറിയും മൽസരിക്കുന്നത്.
പുനലൂരിൽ സി.പി.ഐ സിറ്റിംങ് എം.എൽ.എ പി.എസ്. സുപാലിനെ മാറ്റി സി. അജയപ്രസാദിനെയാണ് മൽസരിപ്പിക്കുന്നത്. മുസ്ലീം ലീഗിന്‍റെ സംസ്ഥാന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ തവണ മൽസരിച്ച ഈ സീറ്റിൽ ഇക്കുറി ജില്ല പ്രസിഡന്‍റ് നൗഷാദ് യൂനുസാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ബി.ജെ.പി സഹയാത്രികനായ അഡ്വ. രഘുനാഥ് കമുകുംചേരിയാണ് ട്വന്‍റി 20 സ്ഥാനാർഥി.
യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റായ കുണ്ടറയിൽ കെ.പി.സി.സി വർക്കിംങ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് തന്നെയാണ് സ്ഥാനാർഥി. സി.പി.എം പുതുമുഖമായ എസ്.എൽ. സജികുമാറിനെയാണ് മൽസരിപ്പിക്കുന്നത്. ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി.
കരുനാഗപള്ളിയിൽ സിറ്റിംങ് എം.എൽ.എ സി.ആർ. മഹേഷ് വീണ്ടും ജനവിധി തേടുമ്പോൾ സി.പി.ഐക്കായി വനിത നേതാവ് എം.എസ്. താരയാണ് മൽസരിക്കുന്നത്. ബി.ജെ.പി നോട്ടമിടുന്ന ഈ മണ്ഡലത്തിൽ അവരുടെ യുവ നേതാവ് വി.എസ്. ജിതിൻ ദേവ് ആണ് മൽസരിക്കുന്നത്.
സംവരണ മണ്ഡലമായ കുന്നത്തൂരിൽ സിറ്റിംങ് എം.എൽ.എ ആർ.എസ്.പി ലെനിനിസ്റ്റിന്‍റെ കോവൂർ കുഞ്ഞുമോൻ ആറാം തവണയും ഇടതിനായി ജനവിധി തേടുമ്പോൾ മുൻ എതിരാളി ആർ.എസ്.പിയുടെ ഉല്ലാസ് കോവൂരിനെ തന്നെ യു.ഡി.എഫ് രംഗത്തിറക്കി. ജില്ല പ്രസിഡന്‍റ് രാജി പ്രസാദാണ് ബി.ജെ.പി സ്ഥാനാർഥി.


