പാറമട അപകടം: ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും
text_fieldsകോന്നി: രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തിൽ ക്വാറി ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. സുരക്ഷാ നടപടികൾ പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം.
കോന്നി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗമാണ് തുടർ നടപടികൾ നിർദേശിച്ചത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ്. പാറമടക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കുമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.
കോന്നി, റാന്നി മേഖലയിലടക്കം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. . ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുക്കുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും.
അടൂര്‍ ആർ.ഡി.ഒ എം. ബിപിന്‍ കുമാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, ജില്ല ഫയര്‍ഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രന്‍, കോന്നി തഹസില്‍ദാര്‍ എന്‍.വി. സന്തോഷ്, കോന്നി ഡി.വൈ.എസ്.പി ജി.അജയ്നാഥ് എന്നിവർ പങ്കെടുത്തു.