Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോന്നി ക്വാറി അപകടം:...

കോന്നി ക്വാറി അപകടം: രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു; മൃതദേഹം പുറത്തെടുത്തു

text_fields
bookmark_border
കോന്നി ക്വാറി അപകടം: രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു; മൃതദേഹം പുറത്തെടുത്തു
cancel

കോന്നി: കോന്നി പയ്യനാമൺ ചെങ്കുളം ക്വാറിയിൽ ഉണ്ടായ അപകടത്തിൽപെട്ട രണ്ടാമ​ത്തെയാളുടെയും മൃതദേഹവും കണ്ടെത്തി. ജെ.സി.ബി ഓപറേറ്റർ ഝാർഖണ്ഡ്​ സ്വദേശി അജയ് കുമാർ റേയുടെ ​(48) മൃതദേഹമാണ്​ ചൊവ്വാഴ്ച 8.45 ഓടെ കണ്ടെത്തിയത്​. ആലപ്പുഴ തോട്ടപ്പള്ളയിൽ നിന്നെത്തിച്ച ലോങ്​ ബൂം എക്സ്​കവേറ്റർ ഉപയോഗിച്ച്​ നടത്തിയ തിരച്ചിലിലാണ്​ ജെ.സി.ബി യുടെ കാബിനിൽ കുടുങ്ങിയ നിലയിൽ മൃത​ദേഹം കണ്ടത്​.

ജെ.സി.ബി പാറക്കഷണങ്ങൾ കൊണ്ട്​ മൂടിയ നിലയിലായിരുന്നു. ഇത്​ നീക്കിയശേഷം രക്ഷാ പ്രവർത്തകൻ വടം കെട്ടി ഇറങ്ങിയാണ്​ മൃത​ദേഹം ഉ​​ണ്ടെന്ന്​ സ്ഥിരീകരിച്ചത്​. പിന്നീട്​ കൂടുതൽ രക്ഷാപ്രവർത്തകർ ഇറങ്ങിയാണ്​ മൃതദേഹം പുറത്തെത്തിക്കാൻ ശ്രമം നടത്തിയത്​. മൃത​ദേഹം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച വൈകീട്ട്​ മൂന്നോടെയാണ് കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ അപകടമുണ്ടായത്. ജെ.സി.ബി ഉപയോഗിച്ച് പാറ നീക്കുന്നതിനിടെ മുകളിൽ നിന്ന്​ കല്ലുകൾ ഇളകി വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ജെ.സി.ബി സഹായി ഒഡീഷ സ്വദേശി മഹാദേവ് പ്രധാന്‍റെ മൃതദേഹമാണ്​ ​വൈകീട്ട്​ ആറോടെ കണ്ടെത്തി​.

എന്നാൽ, അജയ് കുമാർ റേയെ കണ്ടെത്താൻ സാധിച്ചില്ല. അപകട സ്ഥലത്തേക്ക് എത്താൻ കഴിയാത്തത്​ രക്ഷാപ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. ഇതിനിടെ മുകളിൽ നിന്ന്​ വീണ്ടും പാറകൾ ഇളകിവീണതും രക്ഷാദൗത്യത്തിന്​ തടസ്സമായി. തിങ്കളാഴ്ച വൈകീട്ട്​ ഏഴോടെ രക്ഷാദൗത്യം അവസാനിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴോടെ ദൗത്യം പുനരാരംഭിച്ചെങ്കിലും വീണ്ടും കൂറ്റൻ പാറകൾ പതിച്ചത്​ രക്ഷാപ്രവർത്തനത്തിന്​ തടസ്സമായി. ഉച്ചയോടെ താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിച്ചു. പിന്നീട് വലിയ​ ​ക്രെയിൻ എത്തിക്കാൻ തീരുമാനിച്ചെങ്കിലും ഇത്​ വൈകിയത്​ പ്രതിസന്ധിയായി. ആറു മണിക്കൂറിന്​ ശേഷം ജില്ല ഭരണകൂടം ഇടപെട്ട്​ ലോങ്​ ബൂർ എസ്കവേറ്റർ എത്തിച്ച്​ ​രാത്രി ഏഴു മണിയോടെയാണ്​ തിരച്ചിൽ ആരംഭിച്ചതും മൃതദേഹം കണ്ടെത്തിയതും.

പൊട്ടിക്കുന്ന പാറ കൊണ്ടു പോകാനായി റോഡ്​ സജ്ജീകരിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. ജെ.സി.ബി ഉപയോഗിച്ച്​ മണ്ണും കല്ലും നീക്കി ലോറികൾക്ക്​ എത്താൻ കഴിയുന്ന തരത്തിൽ വഴി ഒരുക്കുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ. ഇവർ മാത്രമായിരുന്നു അപകടസമയത്ത്​ സ്ഥലത്തുണ്ടായിരുന്നത്​. ഇതിനിടെ ക്വാറിയുടെ മുകൾവശത്തെ പാറയുടെ ഒരുഭാഗം ജെ.സി.ബിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.

റോഡ്​ ഒരുക്കുന്ന ജോലി പൂർത്തിയാകാത്തതിനാൽ അപകടസ്ഥലത്തേക്ക്​ എത്താൻ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടി. പിന്നീട്​ ക്രെയിൻ കൊണ്ടു വന്നാണ്​ ഇവർക്കരികിലേക്ക്​ എത്തിയത്​. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും പാറകൾ താ​ഴേക്ക്​ പതിച്ചു.

Show Full Article
TAGS:Accidents Quarry Accident Worker 
News Summary - Konni quarry accident: Second out-of-state worker dies; body found
Next Story