കോട്ടയത്തെ വ്യാഴാഴ്ച പ്രസംഗ കൂട്ടായ്മക്ക് 70 വയസ്സ്; വരൂ, പ്രസംഗിച്ചുപോകാം...
text_fieldsകോട്ടയം: വാക്കുകൾ മുറിയാതെ പെയ്തിറങ്ങുന്നൊരു മനോഹര പ്രഭാഷണം പോലെയാണ് ഈ കൂട്ടായ്മ. പ്രസംഗം ഇഷ്ടപ്പെടുന്നവർക്കും പ്രാസംഗികരാകാൻ ആഗ്രഹിക്കുന്നവർക്കുമായി കഴിഞ്ഞ 70 വർഷമായി മുടങ്ങാതെ ഒത്തുചേരുന്ന കോട്ടയം നഗരത്തിലെ വ്യാഴാഴ്ച പ്രസംഗ കൂട്ടായ്മ. പുതുവർഷത്തിലെ ആദ്യ വ്യാഴാഴ്ച മൂർച്ചയേറിയ വാക്കുകളുമായി ഇവർ ചേർന്നിരിക്കുമ്പോൾ കൂട്ടായ്മക്ക് 3503 ആഴ്ച പ്രായം തികയും. കോട്ടയത്തെ ‘തേഴ്സ്ഡെ ക്ലബാണ്’ വാക്കുകളുടെ കരുത്തുമായി പതിറ്റാണ്ടുകൾ പിന്നിട്ട സഞ്ചാരം തുടരുന്നത്. ഇതുവരെ 3502 ആഴ്ചകളിൽ ഇവർ പ്രസംഗപീഠങ്ങൾക്ക് മുന്നിലെത്തി. മുട്ടിടിക്കാതെ ഇംഗ്ലീഷിൽ പ്രസംഗിച്ച് പഠിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ക്ലബിൽ ഇന്ന് ഇംഗ്ലീഷും മലയാളവും മാറിമാറി നിറയുന്നു.
വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30 മുതൽ 7.30 വരെയാണ് ഈ ഒത്തുചേരൽ. ആദ്യം മൂന്നു മിനിറ്റിൽ ചെറിയ വിഷയങ്ങൾ അവതരിപ്പിക്കാം. അറിയിപ്പുകളോ നിർദേശങ്ങളോ ഒക്കെയാകാം ഇത്. ആർക്കും സമയക്രമം പാലിച്ച് ഇതിൽ പങ്കുചേരാം. പിന്നീട് മുഖ്യപ്രസംഗം.
ലോകസംഭവങ്ങൾ മുതൽ പ്രാദേശിക രാഷ്ട്രീയം വരെ ഏത് വിഷയവും കടന്നുവരും. ഓരോ ആഴ്ചയിലും മാറി മാറിയാകും മുഖ്യ പ്രസംഗകൻ. 20 മിനിറ്റാണ് സമയം. തുടർന്ന് ഇതിനെ അനുകൂലിച്ചും വിമർശിച്ചും രണ്ട് -മൂന്ന് മിനിറ്റിൽ ഒരോരുത്തരും സംസാരിക്കും. ഇതിൽ രൂക്ഷ വിമർശനമുയർത്തിയാലും തോളിൽ കൈയിട്ടാകും മടക്കം.
കോട്ടയം വൈ.എം.സി.എയുടെ ഭാഗമായുള്ള കൂട്ടായ്മയിൽ 35 പേരാണുള്ളത്. എല്ലാ ആഴ്ചയും ഇതിൽ 20ഓളം പേരെത്തി മത്സരിച്ച് സംസാരിക്കുന്നു. നേരത്തെ രാത്രി ഏഴ് മുതൽ ഒമ്പത് വരെയായിരുന്നു സമയം. ക്ലബ് അംഗങ്ങളിൽ ഭൂരിഭാഗത്തിനും പ്രായമേറിയതോടെ ഇതിൽ മാറ്റം വരുത്തുകയായിരുന്നു.
70 വർഷം മുമ്പ് അന്നത്തെ സിലോണിൽനിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ കോട്ടയംകാരനായ പി. പീറ്ററാണ് പ്രസംഗ കൂട്ടായ്മ എന്ന ആശയം അവതരിപ്പിച്ചത്. അന്ന് ജില്ല ജഡ്ജിയായിരുന്ന മാത്യു തരകൻ, എം.എൻ. ഗോവിന്ദൻ നായർ എന്നിവർ ഒപ്പംനിന്നതോടെ ക്ലബ് പിറന്നു. സി.എം.എസ് കോളജിലെ അധ്യാപകർ ചേർന്നതോടെ കൂട്ടായ്മ വിപുലമായി. ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ ആഗ്രഹിച്ചവരും ഒപ്പം ചേർന്നു. ജസ്റ്റിസ് കെ.ടി. തോമസും ഇതിന്റെ ഭാഗമായിരുന്നു.
ഇത്രയും കാലമായി മുടങ്ങാതെ എല്ലാ ആഴ്ചയും പ്രസംഗിക്കുന്ന ഒരു കൂട്ടായ്മ കേരളത്തിലൊരിടത്തും ഉണ്ടാകാൻ സാധ്യതയില്ലെന്ന് ക്ലബ് പ്രസിഡന്റ് പ്രഫ. പി.സി. ജോൺ പറയുന്നു.
ഇപ്പോൾ ഇംഗ്ലീഷ് നിർബന്ധമല്ല. മലയാളത്തിലാണ് കൂടുതൽപേരും സംസാരിക്കുന്നത്. കോവിഡ് കാലത്ത് ഓൺലൈനായിട്ടായിരുന്നു യോഗം. പുതുതായി അംഗങ്ങൾ എത്തുന്നില്ലെന്നതാണ് 70 പിന്നിട്ട കൂട്ടായ്മയുടെ ദുഃഖം.