കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വിദ്യാർഥിനിക്ക് പരിക്ക്
text_fieldsകോഴിക്കോട്: കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർഥിനിക്ക് പരിക്ക്. മീഞ്ചന്ത ആർട്സ് കോളജിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. മീഞ്ചന്ത ആർട്സ് കോളജിലെ വിദ്യാർഥിയായ നരിക്കുനി സ്വദേശിനി അഭിഷ്‌നക്കാണ് പരിക്കേറ്റത്. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നഗരസഭ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒന്നാണ് തകർന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ തൂണുകൾ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഇവിടെ സ്ഥാപിച്ച പരസ്യത്തിന്റെ ഫ്ലെക്സ് മാറ്റാൻ ഒരു തൊഴിലാളി കയറിയതിനിടെയാണ് ഷെഡ് തകർന്നുവീണത്. തൊഴിലാളിക്കും കാലിന് പരിക്കേറ്റിട്ടുണ്ട്.
വിദ്യാർഥിയുടെ കാലിൽ ഷെഡിന്‍റെ ഒരു ഭാഗം വീഴുകയായിരുന്നു. കാലിന്റെ എല്ലിന് പൊട്ടലുണ്ട്. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് അഭിഷ്നയെ ഷെഡിനടിയിൽ നിന്ന് പുറത്തെത്തിച്ചത്. ബസ് കാത്തുനിന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു.