Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖത്തർ ഗ്യാസ് പ്ലാൻറ്...

ഖത്തർ ഗ്യാസ് പ്ലാൻറ് സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

text_fields
bookmark_border
ഖത്തർ ഗ്യാസ് പ്ലാൻറ് സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും
cancel

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഖത്തർ എനർജി ​ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുൻ (29) ആണ് മരിച്ചത്. പ്ലാന്റിലെ സൂപ്പർവൈസറായിരുന്നു.

സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. സംഭവത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഉ​ഗ്ര ശബ്ദത്തോടെ ​ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു അപകടം. ഉടൻ തന്നെ, സുരക്ഷാ ഏജൻസികൾ സംഭവസ്ഥലത്ത് അടിയന്തര നടപടികൾ സ്വീകരിച്ചു.

അപ്രതീക്ഷിത സാങ്കേതിക തകരാർ മൂലം സംഭവിച്ച അപകടമാണിതെന്നും മറ്റ് അട്ടിമറികളോ ബാഹ്യ ഇടപെടലുകളോ ഇല്ലെന്നും ഖത്തർ എനർജി സ്ഥിരീകരിച്ചു.

അടിയന്തര അറ്റകുറ്റപ്പണികളെ തുടർന്ന് 2025 ഡിസംബർ മുതൽ ബർസാൻ ഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഇതിനിടെയാണ് സാങ്കേതിക തകരാർ മൂലം സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. 2022ൽ കമ്മീഷൻ ചെയ്ത ബർസാൻ ഗ്യാസ് കേന്ദ്രം, പ്രാദേശിക ആവശ്യങ്ങൾക്ക് ഗ്യാസ് വിതരണം നടത്താനായിരുന്നു ഉപയോഗിച്ചിരുന്നത്.

വ്യവസായങ്ങൾക്കും വൈദ്യുതി ഉൽപആദനത്തിനും ആവശ്യമായ പൈപ്പ്ലൈൻ ഗ്യാസ് വിതരണമാണ് ഇവടെ നിന്ന് പ്രധാനമായും നടത്തിയിരുന്നത്. റിഫൈനറികൾ, പെട്രോകെമിക്കൽ വ്യവസായങ്ങൾ, എന്നിവയിലേക്ക് ആവശ്യമായ ഹൈഡ്രോകാർബൺ ഉൽപന്നങ്ങളും ഇവിടെ നിന്ന് നൽകുന്നുണ്ട്. പ്രാദേശിക വൈദ്യുതി ഉൽപാദന നിലയങ്ങൾക്കും, ജലശുദ്ധീകരണ പ്ലാന്റുകൾക്കും പ്രാദേശിക വ്യവസായങ്ങൾക്കുമായി ദിവസവും ഇവിടെ നിന്ന് ഗ്യാസ് നൽകുന്നു. വിവിധ ആവശ്യങ്ങൾക്കായി പ്രതിദിനം 1.4 ബി.എസ്. സി.എഫ്.ഡി (പ്രതിദിനം ഒരു ബില്യൺ ക്യൂബിക് അടി മാനദണ്ഡം) ഗ്യാസ് നൽകാൻ ബർസാൻ പ്ലാന്റിന് ശേഷിയുണ്ട്.

ഇതുകൂടാതെ, പ്രാദേശിക വിപണികളിലേക്കും കയറ്റുമതിക്കുമായി ഈഥെയ്ൻ, കണ്ടൻസേറ്റ്, എൽ.പി.ജി, സൾഫർ എന്നിവ ഉൽപാദിപ്പിക്കാനുള്ള ശേഷിയും പ്ലാന്റിനുണ്ട്. പ്രാദേശിക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന പ്ലാന്റായതിനാൽ രാജ്യത്തിന്റെ അന്താരാഷ്ട്ര കയറ്റുമതിയെ ബാധിക്കില്ലെന്നും ഖത്തർ എനർജി വ്യക്തമാക്കി.

Show Full Article
TAGS:explosion Qatar Energy gas plant 
News Summary - Kozhikode native among dead in Qatar Energy gas plant explosion at Ras Laffan
Next Story