Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ വന്മരമായി...

വടകരയിൽ വന്മരമായി വളർന്ന ‘ഉണ്ണി’; തുടർജയങ്ങളുടെ കാൽനൂറ്റാണ്ട്

text_fields
bookmark_border
K.P. Unnikrishnan
cancel
camera_alt

കെ.പി. ഉണ്ണികൃഷ്ണൻ

കോഴിക്കോട്: കാൽ നൂറ്റാണ്ടുകാലം തങ്ങളുടെ പാർലമെൻറ്​ അംഗമെന്ന അഭിമാനനേട്ടത്തിലേക്ക് ഒരുനാട് ചേർത്തുവെച്ച കരുത്തുറ്റ ഹൃദയബന്ധമായിരുന്നു ഇന്ന് പുലർച്ചെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി​ കെ.പി. ഉണ്ണികൃഷ്​ണനും വടകരയും തമ്മിൽ ഉണ്ടായിരുന്നത്. 1971ൽ വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിയായി കെ.പി. ഉണ്ണികൃഷ്ണന്റെ പേരു പ്രഖ്യാപിച്ചപ്പോൾ ചുളിഞ്ഞ പുരികങ്ങളേറെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്മാരിൽ ഒരാളെന്ന മികവിൽ ഡൽഹിയുടെ അധികാര ഇടനാഴികളിൽ കരുത്തനാ​യപ്പോൾ കെ.പി.സി.സി നൽകിയ സ്ഥാനാർഥി പട്ടികയിൽനിന്ന് ലീലാ ദാമോദരന്റെ പേരുവെട്ടിയ ദേശീയ നേതൃത്വം ഉണ്ണികൃഷ്ണനെ വടകരയിൽ സ്ഥാനാർഥിയാക്കി.

സംസ്​ഥാന നേതൃത്വം പോലും അറിയാതെ അദ്ദേഹം വടകരയിലെത്തുമ്പോൾ നേരത്തെ പ്രഖ്യാപിച്ച പാർട്ടി സ്​ഥാനാർഥിക്ക്​ പിന്മാറേണ്ടി വന്നു. ആന്റണിയടക്കമുള്ള അന്നത്തെ യുവതുർക്കികൾ ഉൾപ്പെടെ ഇതിനെ ചോദ്യം ചെയ്തതോടെ ആ സ്ഥാനാർഥിത്വം ആദ്യം വലിയ കോളിളക്കമുണ്ടാക്കി. എന്നാൽ, ചരിത്രത്തിലാദ്യമായി വടകരയിൽ ഇടതുപക്ഷത്തെ തോൽപ്പിച്ചതിലൂടെ ഉണ്ണികൃഷ്ണൻ ആ എതിർപ്പുകളെയെല്ലാം തച്ചുടച്ച് പിന്നീട് വടകരയുടെ മാനസപുത്രനെന്ന പടയോട്ടത്തിന് തുടക്കമിടുകയായിരുന്നു.

പിന്നീട് തുടർച്ചയായ അഞ്ചുവട്ടം കൂടി. സോഷ്യലിസ്​റ്റ്​-കോൺഗ്രസ്​-വിമത കോൺഗ്രസ്​ നേതൃപദവികളിൽ ഒറ്റയാൾ രാഷ്​ട്രീയ പോരാട്ടം നടത്തി ഉയർന്നുനിന്ന ആജാനുബാഹുവായ ആ രാഷ്ട്രീയക്കാരൻ ഡൽഹിയിലും ഏറെ സ്വാധീനമുള്ള മലയാളി നേതാവായിരുന്നു. ആദ്യ പ്രതിരോധമന്ത്രി വി.കെ. കൃഷ്​ണമേനോ​ന്റെ പിന്തുണയിലാണ് കോൺഗ്രസ്​ ദേശീയ നേതൃത്വത്തിൽ എത്തിയത്. വൈകാതെ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ അടുത്ത ആളുകളിലൊരാളായി മാറി.

താഴ്ചകളേക്കാൾ ഉയർച്ചകളേറെക്കണ്ട പൊളിറ്റിക്കൽ കരിയറിൽ പല വഴികളും ഉണ്ണികൃഷ്ണൻ മാറിനടക്കുകയും പുതുവഴികൾ വെട്ടിത്തെളിക്കുകയും ചെയ്തിട്ടുണ്ട്. 1971 മുതൽ 77 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ എം.പിയായിരുന്നെങ്കിൽ അതിനുശേഷം ഇടതുപക്ഷസ്ഥാനാർഥിയായാണ് വടകരയിൽ അവതരിച്ചത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ വന്നതോടെ ഇന്ദിരയുടെ കടുത്ത വിമർശകനായി മാറുകയും 77ലെ കോൺഗ്രസ്​ പിളർപ്പിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്​തു.

നേതൃത്വത്തിന്റെ നിലപാടുകളിൽ കലഹിച്ച് കോൺഗ്രസ്(യു)വിലും പിന്നെ കോൺഗ്രസ് (എസ്)ലും എത്തി. 80ലാണ് ഇടതുപക്ഷത്തോടൊപ്പം കൂട്ടുകൂടുന്നത്. എ.കെ. ആന്റണിയും കൂട്ടരുമടക്കം ഇടതുബാന്ധവം മതിയാക്കി കോൺഗ്രസിലേക്ക് തിരിച്ചുപോയപ്പോഴും ഉണ്ണികൃഷ്ണന്റെ മനസ്സിൽ മാറ്റമുണ്ടായില്ല. വടകരയിൽ 1991ലെ ‘കോലീബി’ സഖ്യം പോലും ഉണ്ണികൃഷണനു മുന്നിൽ അടിയറവു പറഞ്ഞു. ഒടുവിൽ കോൺഗ്രസിൽ തിരിച്ചെത്തിയശേഷം 1996ൽ മത്സരിച്ചപ്പോഴാണ്​ പരാജയം രുചിച്ചത്​.

നരസിംഹറാവുവുമായുള്ള അടുപ്പത്തിലാണ് 1995ൽ കോൺഗ്രസിൽ തിരിച്ചെത്തിയത്. റാവുവിന്റെ പ്രതാപകാലം കഴിഞ്ഞതോടെ ഉണ്ണികൃഷ്​ണ​ന്റെ പ്രഭാവവും മങ്ങി. ഒടുവിൽ ഡൽഹിയിലും പിന്നീട്​ കോഴിക്കോ​ട്​ പന്നിയങ്കരയിലെ വീട്ടിലും പുസ്​തകങ്ങളുടെ ലോകത്തായിരുന്നു അദ്ദേഹം ജീവിത സായന്തനം ചെലവഴിച്ചിരുന്നത്​.

Show Full Article
TAGS:kp unnikrishnan Vatakara Constituency Obituary Kerala News 
News Summary - KP Unnikrishnan And Vatakara; 25 Years Of Continuous Victories
Next Story