ഇരിപ്പിടം മുതൽ സമീപനം വരെ: രാഹുലിൽ അവ്യക്തത; അടിയന്തര കെ.പി.സി.സി ചേരുന്നു
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കുമ്പോഴും രാഹുൽ മാങ്കൂട്ടത്തിലിന്റെ സമ്മേളന പങ്കാളിത്തത്തിൽ കോൺഗ്രസിൽ അവ്യക്തത. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും ഇരിപ്പിടം മുതൽ സമീപനം വരെയുള്ള വിഷയത്തിൽ നിലപാടിലെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല.
കോൺഗ്രസ് എം.എൽ.എമാരുടെ ബ്ലോക്കിൽനിന്ന് രാഹുലിനെ ഒഴിവാക്കണമെങ്കിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പാർലമെന്ററി പാർട്ടി കത്ത് നൽകണം. രാഹുലിനെതിരെ നടപടിയെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും കത്ത് നൽകണോ വേണ്ടയോ എന്നതിൽപോലും ധാരണയായില്ല. സസ്പെൻഷന് പിന്നാലെ ഒരു വിഭാഗം നേതാക്കൾ രാഹുലിനെ പിന്തുണച്ചതോടെയാണ് നേതൃത്വം ആശയക്കുഴപ്പത്തിലായത്.
പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കുകയും സഭയിലെ ബ്ലോക്കിൽ തുടരാൻ അനുവദിക്കുകയും ചെയ്യുന്നത് അച്ചടക്ക നടപടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യുമെന്ന വാദം കോൺഗ്രസിൽ പ്രബലമാണ്. അതിനാൽ കത്ത് നൽകാനാണ് സാധ്യത. സഭ സമ്മേളനം തുടങ്ങാനിരിക്കെ ഇനിയും അവ്യക്തത തുടരുന്നത് ദോഷംചെയ്യുമെന്ന വിലയിരുത്തിലിൽ 15ന് അടിയന്തര കെ.പി.സി.സി യോഗം ചേരുമെന്നാണ് വിവരം. 15ന് സഭ ആരംഭിക്കുമെങ്കിലും ആദ്യദിവസം ചരമോപചാര നടപടികൾ മാത്രമാണുള്ളത്. അതിനുശേഷമാകും കെ.പി.സി.സി യോഗം ചേരുക.
സഭ സമ്മേളനത്തിൽ രാഹുൽ അവധിയെടുക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവടക്കം ഒരു വിഭാഗം നേതാക്കൾ. പൊലീസ് അതിക്രമങ്ങളടക്കം ചൂണ്ടി സർക്കാറിനെ പ്രതിരോധത്തിലാക്കേണ്ട ഘട്ടത്തിൽ, രാഹുൽ വന്നാൽ ഭരണപക്ഷം പിടിവള്ളിയാക്കുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം. പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയതോടെ സഭയിലെത്തിയാലും സ്വതന്ത്ര അംഗത്തിന്റെ പരിഗണനയേ രാഹുലിന് കിട്ടൂ. അതായത് 180 മിനിട്ട് ചർച്ചയിൽ പ്രസംഗിക്കാൻ ഒരു മിനിട്ട് മാത്രം. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകൾ അവതരിപ്പിക്കാനും അവസരം കിട്ടില്ല. ചോദ്യോത്തര വേളയിൽ സംസാരിക്കാനും അവസരമുണ്ടാകില്ല.


