ഇ.ഡി കത്തിൽ തിടുക്കമില്ല; പിണറായിക്കെതിരെ കേസ് ഉടൻ വേണ്ടെന്ന് കെ.പി.സി.സി ധാരണ
text_fieldsതിരുവനന്തപുരം ഇന്ദിര ഭവനിൽ കെ.പി.സി.സി നേതൃയോഗത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസിഡന്‍റ് സണ്ണി ജോസഫും വൈസ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥുമായി സംഭാഷണത്തിൽ. എം.എം. ഹസൻ സമീപം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിക്കുന്ന ഇ.ഡിയുടെ കത്തിൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ പങ്കെടുത്ത കെ.പി.സി.സി നേതൃയോഗത്തിൽ ധാരണ. ആലോചനക്കും സൂക്ഷ്മപരിശോധനക്കും ശേഷം അവധാനതയോടെ മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നും ധാരണയായി. ഇതുസംബന്ധിച്ച് യോഗത്തിൽ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയർന്നത്.
ഇ.ഡിക്ക് സംസ്ഥാന സർക്കാർ വടിയാകരുത്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വളരെയധികം ഉപദ്രവിച്ച ഏജൻസിയാണ് ഇ.ഡി. കത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതിനുമുമ്പ് രണ്ടുതവണ ആലോചിക്കണമെന്നും അഭിപ്രായമുയർന്നു. എന്നാൽ, ഇ.ഡി നിയമപ്രകാരമുള്ള അന്വേഷണ ഏജൻസിയാണെന്നും അവർ കത്ത് നൽകി എന്നതുകൊണ്ട് മാത്രം കേസെടുക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പുറത്തുവന്ന കാര്യങ്ങൾ മാത്രമല്ല കത്തിൽ പറയുന്നത്; ഗൗരവമുള്ള മറ്റു കാര്യങ്ങളുമുണ്ട്.
ഭരണപരമായ യുക്തികളുടെയും യുക്തിരാഹിത്യത്തിന്‍റെയും പ്രശ്നങ്ങൾ വിഷയത്തിലുണ്ട്. സർക്കാർ കേസെടുത്തില്ലെങ്കിൽ ബി.ജെ.പി ഉൾപ്പെടെയുള്ളവരുടെ ആരോപണം ഉയരും. കേസെടുക്കാതിരുന്നാൽ അതിനെതിരെ കോടതിയിൽ പോയാൽ സർക്കാറിന് പ്രഹരമേൽക്കാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കണമെന്ന ഒറ്റപ്പെട്ട നിലപാടും യോഗത്തിലുണ്ടായി. ഇതിനുശേഷമാണ് തിടുക്കത്തിൽ കേസിലേക്ക് പോകേണ്ടെന്ന ധാരണയിലെത്തിയത്.
വിദേശ വിവരങ്ങൾ തേടി ഇ.ഡി
കൊച്ചി: സി.എം.ആർ.എൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും മരുമകനുമെതിരെ പുതിയ നീക്കവുമായി ഇ.ഡി. ഇതിന്റെ ഭാഗമായി വിദേശ ഹവാല പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ നീക്കം തുടങ്ങി. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡിയുടെ ശിപാർശ കത്തിൽ ഹവാല ഇടപാടിന്‍റെ വിവരങ്ങളുമുണ്ടെന്നാണ് സൂചന.
ബിസിനസ് ആവശ്യത്തിനാണ് പണം കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ സർക്കാർ കേസ് രജിസ്റ്റർ ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇ.ഡി. അതിനിടെ, കൈക്കൂലിയായി വാങ്ങിയ പണം ദുബൈയിലേക്ക് അയച്ചെന്ന ഇ.ഡി കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ യു.എ.ഇ സർക്കാറിന് കോടതി വഴി ലെറ്റർ റൊഗേറ്ററി (എൽ.ആർ) അയച്ച് തെളിവ് ശേഖരിക്കുമെന്നറിയുന്നു. ഇതിനായി ഇ.ഡി ഉടൻ കോടതിയെ സമീപിക്കും. ഇവർ അയച്ചെന്ന് പറയുന്ന പണം വിദേശത്തെ വിവിധ അക്കൗണ്ടിലേക്ക് എത്തിയതിന്‍റെ വിശദ വിവരങ്ങൾ ഇ.ഡി ശേഖരിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് കോടതിയുടെ അനുമതി തേടുന്നത്. ഒരു രാജ്യത്തെ കോടതി മറ്റൊരു രാജ്യത്തെ കോടതിയോട് നിയമപരമായ സഹായം അഭ്യർഥിച്ച് അയക്കുന്ന ഔദ്യോഗിക കത്താണ് ലെറ്റർ റൊഗേറ്ററി/ലെറ്റർ ഓഫ് റിക്വസ്റ്റ്. ഔദ്യോഗികമായി വിവരങ്ങളും തെളിവുകളും ശേഖരിക്കാൻ ഒരു രാജ്യത്തെ കോടതിയിൽനിന്ന് മറ്റൊരു രാജ്യത്തെ കോടതിയിലേക്കാണ് എൽ.ആർ അയക്കുക.
ജഡ്ജിയുടെ അംഗീകാരം ലഭിച്ചാൽ ആഭ്യന്തര, വിദേശ വകുപ്പുകൾ മുഖേനയാണ് കത്തയക്കുക. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ വിചാരണ വേളയിൽ തെളിവായി പരിഗണിക്കപ്പെടും. എൽ.ആർ അയച്ചാൽ കുറ്റാരോപിതർക്ക് കോടതി ഉത്തരവിനെ ചോദ്യംചെയ്യാനാവില്ല.


