കെ.എസ്.ഇ.ബി: ഡി.എ കുടിശ്ശിക അടുത്ത മാസം മുതൽ
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഡി.എ, ഡി.ആർ കുടിശ്ശിക അടുത്ത മാസം മുതൽ പത്ത് തവണകളായി നൽകാൻ ഉത്തരവ്. 2022 ജനുവരി മുതൽ 2024 ജൂലൈ വരെയുള്ള 31 മാസത്തെ കുടിശ്ശിക ആഗസ്റ്റിൽ വിതരണം ചെയ്യണമെന്ന് ഹൈകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ നൽകിയ കേസിനെ തുടർന്നുള്ള വിധി നടപ്പാക്കാൻ കെ.എസ്.ഇ.ബി തയാറായിരുന്നില്ല.
ഒക്ടോബർ മുതൽ കുടിശ്ശിക കൊടുത്താൽ മതിയെന്ന ശിപാർശ സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന ഫുൾ ബോർഡിന് സമർപ്പിക്കുകയും ചെയ്തു. ആഗസ്റ്റിൽ കുടിശ്ശിക നൽകണമെന്ന കോടതി ഉത്തരവിന് വിരുദ്ധമായ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. പെൻഷനേഴ്സ് കൂട്ടായ്മ നൽകിയ കോടതിയലക്ഷ്യ കേസിനെ തുടർന്ന് വീണ്ടും ചേർന്ന മുഴുവൻ സമയ ഡയറക്ടർമാരുടെ യോഗമാണ് ഫുൾ ബോർഡിന്റെ പരിഗണനക്ക് വിടാതെ അടുത്ത മാസം മുതൽ പത്ത് തവണകളായി തുക നൽകാനുള്ള പുതിയ ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, കുടിശ്ശിക വിതരണത്തിൽ സമയപരിധി ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യ കേസ് ഒക്ടോബർ ആറിന് ഹൈകോടതി പരിഗണിക്കും. ഭരണാനുകൂല സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റിയും മാനേജ്മെന്റും കോടതി ഉത്തരവ് അട്ടിമറിക്കാൻ നടത്തിയ ഗൂഢാലോചന മറനീക്കി പുറത്തുവന്നതായി പെൻഷനേഴ്സ് കൂട്ടായ്മ ആരോപിച്ചു.