യാത്രാമധ്യേ കെ.എസ്.ആർ.ടി.സി ബസ് റോഡരികിൽ നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർ ജീവനൊടുക്കി
text_fieldsതൃശൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് റോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയി ജീവനൊടുക്കി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (45) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബസിന്‍റെ സർവീസിനിടെ യാത്രാമധ്യേ ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ഇന്നലെ വൈകീട്ട് 3.30ഓടെയാണ് സംഭവം. പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് മണലിപ്പാലത്തിന് മുകളിലെത്തിയപ്പോൾ ബസ് പെട്ടെന്ന് നിർത്തി. തുടർന്ന് ബസിന്‍റെ ചാവി കണ്ടക്ടർക്ക് നൽകി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.
കണ്ടക്ടറും ഏതാനും യാത്രക്കാരും ബാബുവിന്‍റെ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഡ്രൈവർ ഇറങ്ങിപ്പോയതോടെ കണ്ടക്ടർ മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടു.
ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. പുതുക്കാട് അഗ്നിരക്ഷാ സേന നടത്തിയ പരിശോധനയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


