ഡിപ്പോ ടു ഡിപ്പോ രീതി മാറും; കെ.എസ്.ആർ.ടി.സി കൊറിയർ വിലാസക്കാർക്ക് നേരിട്ട്
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: കത്തുകളും പാർസലും വിലാസക്കാർക്ക് നേരിട്ട് എത്തിക്കുന്നതടക്കം മാറ്റങ്ങളോടെ കൊറിയർ സർവിസ് പരിഷ്കരിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം. വിലാസക്കാരൻ ഡിപ്പോയിൽനിന്ന് പാർസൽ കൈപ്പറ്റുന്ന നിലവിലെ ഡിപ്പോ ടു ഡിപ്പോ രീതി മാറുന്നതാണ് പ്രധാന പരിഷ്കാരം. കവറുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പ്രീമിയം സൗകര്യവും ഏർപ്പെടുത്തും.
പാസ്പോർട്ട് ഉൾപ്പെടെ വിലപിടിപ്പുള്ള രേഖകൾ അയക്കുന്നതിനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൊറിയർ സർവിസ് വിപുലീകരണവും ലക്ഷ്യമിടുന്നു. 47 ഡിപ്പോകളിലുള്ള സൗകര്യം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. പ്രതിദിനവരുമാനമായ 1.70 ലക്ഷം രൂപ ഇതോടെ നാലിരട്ടിയാകുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. സ്വകാര്യ കൊറിയർ കമ്പനികൾ ഈടാക്കുന്നതിനെക്കാൾ നിരക്ക് കുറവിൽ സേവനം നൽകുന്നതിനാണ് ആലോചന.
ഡിപ്പോ ടു ഡിപ്പോ സംവിധാനം തുടരുന്നതിനൊപ്പമാകും നേരിട്ടും സേവനം. ഗുണഭോക്താവിന്റെ വിലാസത്തിൽ കൊറിയർ നേരിട്ട് എത്തിക്കുന്നതിന് പിൻകോഡ് അടിസ്ഥാനത്തിൽ ഫ്രാഞ്ചൈസികളെ നിയമിക്കും. കൂടാതെ, സംസ്ഥാനത്തിന് പുറത്ത് ആദ്യഘട്ടത്തിൽ കോയമ്പത്തൂർ, നാഗർകോവിൽ, മൈസൂരു, ബംഗളൂരു, തിരുപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസികളെ ക്ഷണിക്കും. തിരുവനന്തപുരം-കാസർകോട് റൂട്ടിൽ കൊറിയറുകൾ കൊണ്ടുപോകുന്നതിന് രണ്ട് വാനും ഏർപ്പെടുത്തും.
വാൻ വാങ്ങുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. സ്വകാര്യ കമ്പനികൾക്കും കൊറിയർ കമ്പനികൾക്കും ആവശ്യമെങ്കിൽ ലഗേജ് കൊണ്ടുപോകുന്നതിന് ഇതിൽ നിശ്ചിത സ്ഥലം അനുവദിക്കും. സംസ്ഥാനത്ത് എവിടെയും 16 മണിക്കൂറിനകത്ത് കൊറിയർ എത്തിക്കാനുള്ള സൗകര്യം കെ.എസ്.ആർ.ടി.സിക്കുള്ളപ്പോൾ തന്നെയാണിത്. കഴിഞ്ഞ വർഷം ജൂണിലാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് തുടങ്ങിയത്.
ബസിൽ കുപ്പിവെള്ളം
തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിന് സർക്കാർ സംരംഭമായ ഹില്ലി അക്വയുമായി ചേർന്ന് കെ.എസ്.ആർ.ടി.സി കുപ്പിവെള്ള വിതരണം പദ്ധതി ആരംഭിക്കുന്നു. സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവിസുകളിലും ബസിനുള്ളിൽതന്നെ കുപ്പിവെള്ളം ലഭ്യമാക്കും. ഒരു ലിറ്ററിന് 15 രൂപയാണ് ഈടാക്കുക.
ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പിവെള്ളം വിതരണം ചെയ്യുന്ന കമ്പനികൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ സംവിധാനം യാത്രക്കാർക്ക് ഉപകാരമാകുമെന്നാണ് മാനേജ്മെന്റ് വിലയിരുത്തൽ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും ഹില്ലി അക്വ ലഭ്യമാകും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് (കിഡ്ക്) ഹില്ലി അക്വ’യുടെ ഉൽപാദനവും വിതരണവും.