സൗജന്യയാത്ര ഹൗസ്ഫുൾ: ഇന്നലെ കൂടിയത് 5.95 ലക്ഷം സ്ത്രീ യാത്രികർ, പുരുഷൻമാർ കുത്തനെ കുറഞ്ഞു; വരുമാനത്തിൽ കോടിയിലേറെ നഷ്ടം
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള പ്രിയദർശനി സൗജന്യ യാത്ര ആദ്യദിനമായ ഇന്നലെ തന്നെ ഹൗസ്ഫുള്ളായി. 13,29,938 സ്ത്രീ യാത്രികരാണ് ഇന്നലെ ഓർഡിനറി ബസുകളെ ആശ്രയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂൺ എട്ട്) യാത്ര ചെയ്തത് 7,34,693 പേരായിരുന്നു. 5,95,245 വനിതാ യാത്രക്കാരാണ് വർധിച്ചത്. 81 ശതമാനം വർനവ്.
ഇന്നലെ രാത്രി 10 മണി വരെ ഓർഡിനറി ബസുകളിൽ സഞ്ചരിച്ചവരുടെ കണക്കാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി പുറത്തുവിട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയും ഇന്നലെയും താരതമ്യപ്പെടുത്തിയുള്ള പട്ടികയിൽ പുരുഷന്മാരുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച 6,94,799 പുരുഷന്മാർ ഓഡിനറി ബസ്സിൽ സഞ്ചരിച്ചപ്പോൾ ഇന്നലെ അത് 2,26,073 ആയി കുറഞ്ഞു. അതായത് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 67 ശതമാനം കുറവ്.
1,59,56,801 രൂപയുടെ സീറോ ടിക്കറ്റാണ് ആദ്യദിനം നൽകിയത്. ഇന്നലെ ഓർഡിനറി ബസുകളിൽ നിന്ന് 2,79,9,751 രൂപയാണ് കെഎസ്ആർടിസിക്ക് മൊത്ത വരുമാനമായി ലഭിച്ചത്. അതിൽ സീറോ ടിക്കറ്റിന്റെ തുക കെഎസ്ആർടിസിക്ക് സർക്കാർ തിരിച്ചു കൊടുക്കണം.
ഇന്നലെ പല ഡിപ്പോകളിലും നല്ല തിരക്കുണ്ടായിരുന്നു. പൊതുവേ തിങ്കളാഴ്ചകളിൽ കെഎസ്ആർടിസിക്ക് എട്ടു കോടിയോളം വരുമാനം ലഭിക്കുന്ന ദിവസമാണ്. കൂടാതെ ഉദ്ഘാടന പരിപാടിയും മറ്റുമൊക്കെ പലയിടത്തും നടന്നതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇത്രയും വർധനവ് രേഖപ്പെടുത്തിയത്.


