കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ്; അപ്പീലിന് മടി, നിയമോപദേശത്തിൽ അടയിരുന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ സംരക്ഷിക്കുന്നതിന് അപ്പീൽ നൽകാൻ കൃത്യമായ നിയമോപദേശം ലഭിച്ചിട്ടും അനക്കമില്ലാതെ സർക്കാർ. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യബസുകൾക്ക് കൂടി അനുമതി നൽകിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മാർച്ച് 20 നാണ് സർക്കാറിന് നിയമോപദേശം ലഭിച്ചത്.
31 സംരക്ഷിത റൂട്ടുകളിലെ 1700 സൂപ്പര്ക്ലാസ് സര്വിസുകളുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നട്ടെല്ല്. ഈ വരുമാനമുപയോഗിച്ചാണ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ സർവിസുകൾ നടത്തുന്നതും. സ്ഥാപനത്തിന്റെ നിലനിൽപ് പ്രതിസന്ധിയിലാക്കുന്ന വിധിക്കെതിരെ ആഴ്ചകൾ കഴിഞ്ഞിട്ടും നിയമപരമായ നീക്കങ്ങളൊന്നും ഗതാഗത വകുപ്പിന്റെ ഭാഗത്തുനിന്നില്ല.
കെ.എസ്.ആർ.ടി.സിയിലെയും വകുപ്പിലെയും ചില ഉന്നതർക്ക് അപ്പീൽ പോകുന്നതിനോട് യോജിപ്പില്ലാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ദേശസാത്കൃത റൂട്ടുകളിൽ സ്കീം തയാറാക്കുന്നതിൽ വന്ന വീഴ്ച മുതൽ തുടങ്ങിയ അലംഭാവം അപ്പീൽ കാര്യത്തിലും തുടരുകയാണ്. കെ.എസ്.ആർ.ടി.സിയുടെ സ്കീം തയാറാക്കുന്നതിൽ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങളെ സാധൂകരിക്കുന്ന സുപ്രീംകോടതി വിധികളടക്കം ഉൾപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സിക്ക് നിയമോപദേശം ലഭിച്ചത്.
റൂട്ട് വിജ്ഞാപനം ചെയ്യാനുള്ള അധികാരം സർക്കാറിന്
മോട്ടോർ വാഹന നിയമം അധ്യായം ആറ് പ്രകാരം ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ പൊതു ഗതാഗത സംവിധാനം ലഭ്യമാക്കുന്നതിന് ഏത് റൂട്ടും വിജ്ഞാപനം ചെയ്യുന്നതിനോ ഭേദഗതി വരുത്തുന്നതിനോ ഉള്ള അധികാരം സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമാണ്.
സ്കീം രൂപവത്കരിക്കുമ്പോൾ സ്വകാര്യ ഓപറേറ്റർമാരെ പൂർണമായോ ഭാഗികമായോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ ഒഴിവാക്കാൻ സർക്കാറിന് അധികാരമുണ്ട്. മോട്ടോർ വാഹന നിയമം അധ്യായം ആറ് ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെട്ടതായതിനാൽ വിജ്ഞാപനം ചെയ്യുന്ന സ്കീമിൽ കോടതി ഇടപെടലുകൾക്ക് പരിമിത സാധ്യത മാത്രമാണുള്ളത്. വിജ്ഞാപനവും അതിലെ വ്യവസ്ഥകളും സർക്കാറിന്റെ നയപരമായ തീരുമാനമാണ്.
മുന്നിലുണ്ട് നിയമ പിടിവള്ളികൾ
1. സർക്കാർ തയാറാക്കിയ സ്കീം റദ്ദാക്കുന്നതിന് പ്രധാനമായി കോടതി ചൂണ്ടിക്കാട്ടിയ കാരണം മോട്ടോർ വാഹന നിയമം 1988, വകുപ്പ് 100 (4) പ്രകാരം ‘ഒരു വർഷത്തിനുള്ളിൽ കരട് സ്കീം എതിർവാദങ്ങളിൽ ഹിയറിങ് നടത്തി അന്തിമ വിജ്ഞാപനം പുറത്തിറക്കണം’ എന്ന സമയപരിധി പാലിച്ചില്ലെന്നതാണ്. എന്നാൽ, വാഹന നിയമം 1988, വകുപ്പ് 99 പ്രകാരം ഇറക്കുന്ന പുതിയ സ്കീമിനാണ് ഈ നിബന്ധന ബാധകം. വകുപ്പ് 102 പ്രകാരം നിലവിലെ ദേശസാത്കരണ സ്കീം ഭേദഗതി ചെയ്ത് പുതിയ സ്കീം ഇറക്കുന്നതിന് ഈ സമയപരിധി ബാധകമല്ല. സമാന വിഷയത്തിൽ അലഹബാദ് ഹൈകോടതി വിധിയുണ്ട്.
2. സ്വകാര്യ ഓപറേറ്റർമാരിൽ നിന്ന് എതിർവാദം സ്വീകരിച്ച് ഹിയറിങ് നടത്തുന്ന സ്ഥലം മുൻകൂട്ടി അറിയിച്ചില്ല, വാദങ്ങൾ തള്ളി വിശദ ഉത്തരവ് പുറപ്പെടുവിച്ചില്ല എന്നീ കാരണങ്ങളാണ് ഹൈകോടതി ഉത്തരവിൽ രണ്ടാമതായി പറയുന്നത്. കരട് സ്കീം ഇറക്കുമ്പോൾ തന്നെ എതിർവാദം സമർപ്പിച്ചവരുടെ വിലാസമടക്കം വിജ്ഞാപനത്തിനൊപ്പം നൽകിയിരുന്നു. 700 ലധികം എതിർവാദങ്ങൾ നേരിൽ കേട്ട ശേഷമാണ് സർക്കാർ നയപരമായ തീരുമാനമെടുത്തതും. ഇത്തരത്തിൽ തീരുമാനമെടുക്കുമ്പോൾ ഓരോ പരാതിക്കാരന്റെയും അപേക്ഷ നിരസിച്ച് വ്യക്തമായ ഉത്തരവ് നൽകണമെന്ന് മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ല. വിഷയത്തിൽ സുപ്രീം കോടതി ഉത്തരവുമുണ്ട്.