കെ.എസ്.ആർ.ടി.സി സീസൺ ട്രാവൽ കാർഡ് വീണ്ടുമെത്തുന്നു; കാർഡിൽ ബാലൻസ് മൊബൈലിൽ അറിയാൻ കഴിയുന്നതുൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ രണ്ടുവട്ടം പാതിവഴിയിൽ നിലച്ച സീസൺ ട്രാവൽ കാർഡ് പുതിയ രൂപത്തിൽ വീണ്ടുമെത്തുന്നു. മൊബൈൽ ആപ് വഴി ഇടപാടുകളും ബാലൻസുമടക്കം അറിയാൻ കഴിയുംവിധം കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങളോടെയാണ് പദ്ധതി. ആധുനിക സംവിധാനങ്ങളുള്ള പുതിയ ടിക്കറ്റ് മെഷീനുകൾക്ക് അനുയോജ്യമായ വിധത്തിലാണ് കാർഡുകളുടെ രൂപകൽപന. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് സൗകര്യം.
സീസൺ കാർഡ് പരമാവധി യാത്രക്കാരിൽ എത്തിക്കാനാണ് തീരുമാനം. മുൻകൂട്ടി പണം അക്കൗണ്ടിലെത്തുമെന്നതാണ് സൗകര്യം. പുതിയ ടിക്കറ്റ് മെഷീനുകള്‍ ആറ് ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് വിതരണം പൂര്‍ത്തിയാകും. എ.കെ. ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് ആദ്യം സീസൺ കാർഡ് ഏർപ്പെടുത്തിയത്. നിശ്ചിത രൂപയ്ക്ക് കാർഡ് വാങ്ങിയാൽ ഒരു മാസം എത്രദൂരവും സഞ്ചരിക്കാമെന്നതായിരുന്നു പ്രത്യേകത. ഇത് നഷ്ടമെന്ന് കണ്ടതോടെ നിർത്തി. പിന്നീട് മെഷീനുകൾക്ക് അനുബന്ധമായി ഉപയോഗിക്കാവുന്ന കാർഡുകൾ കൊണ്ടുവന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾമൂലം അവസാനിപ്പിച്ചു.
വില 100 രൂപ; 50 മുതല്‍ 2000 രൂപവരെ ചാര്‍ജ് ചെയ്യാം
100 രൂപയാണ് കാർഡിന്‍റെ വില. കണ്ടക്ടർമാരിൽനിന്നും ഡിപ്പോകളിൽനിന്നും വാങ്ങാം. ഇത് സീറോ ബാലൻസായിരിക്കും. 50 രൂപ മുതല്‍ 2000 രൂപവരെ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. കാർഡിലെ തുകയ്ക്ക് സമയപരിധിയില്ല. തുക തീരുന്നതുവരെ യാത്രചെയ്യാം. ഒരു കാര്‍ഡ് വിൽക്കുമ്പോൾ പത്ത് രൂപ കണ്ടക്ടര്‍ക്ക് കമീഷൻ കിട്ടും. വാങ്ങിയ ആൾ തന്നെ കാർഡ് ഉപയോഗിക്കണമെന്ന നിബന്ധനയില്ല. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറാം. സാങ്കേതികപ്രശ്നം മൂലം കാര്‍ഡ് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ അപേക്ഷ നല്‍കിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ പുതിയത് ലഭിക്കും. എന്നാൽ, പൊട്ടുകയോ ഒടിയുകയോ ചെയ്താല്‍ മാറ്റിനല്‍കില്ല. പുതിയ കാര്‍ഡ് വാങ്ങേണ്ടിവരും. പൊട്ടിയ കാർഡിൽ തുക ശേഷിക്കുന്നുണ്ടെങ്കിൽ പുതിയ കാർഡിലേക്ക് മാറ്റി നൽകും. കളഞ്ഞുപോകുന്നവയ്ക്ക് ഇതൊന്നും ബാധകമാവില്ല.
ഇടപാടുകൾ അറിയാം, ആപ് വഴി
ആർ.എഫ്.ഐ.ഡി ചിപ്പ് ഘടിപ്പിച്ച കാർഡുകൾ ടിക്കറ്റ് മെഷീനിൽ ടാപ്പ് ചെയ്താണ് ഇടപാട് നടത്തുന്നത്. ‘ചലോ ആപ്’ വഴിയാണ് ഇടപാടുകളുടെ വിവരം യാത്രക്കാരന് അറിയാനാവുക. എത്ര തുക ബാക്കിയുണ്ട്, ഇതുവരെ ചെയ്ത യാത്രകളുടെ വിവരം, ഓരോ തവണയും ഇൗടാക്കുന്ന തുക എന്നിവ ആപ്പിലുണ്ടാകും. നേരത്തെ ഈ സൗകര്യമുണ്ടായിരുന്നില്ല. ബസുകളിൽ ടിക്കറ്റ് മെഷീനിൽ കാർഡ് സ്വൈപ് ചെയ്താലേ അറിയാൻ കഴിയുമായിരുന്നുള്ളൂ. തിരക്കുള്ള ബസുകളിൽ ഇതിന് സാധിക്കില്ലായിരുന്നു. ആപ്പിലൂടെ ട്രാവൽ കാർഡ് റീചാർജ് ചെയ്യാനും സൗകര്യമൊരുക്കുന്നുണ്ട്. ബസുകളിൽനിന്ന് കണ്ടക്ടർ വഴി റീചാർജ് ചെയ്യാനുള്ള സൗകര്യത്തിന് പുറമേയാണിത്.