കെ.എസ്.യുക്കാരെ മുഖംമൂടി ധരിപ്പിക്കൽ: ന്യായീകരിച്ച് സർക്കാർ; കൈവിലങ്ങിനെ തള്ളി
text_fieldsകെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച നിലയിൽ
തിരുവനന്തപുരം: തൃശൂരിലെ കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കുമ്പോൾ മുഖംമൂടിയണിയിച്ചതിനെ ന്യായീകരിച്ചും കൈവിലങ്ങ് ധരിപ്പിച്ചതിനെ തള്ളിപ്പറഞ്ഞും സർക്കാർ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി വി.എൻ. വാസവനാണ് നിലപാട് വ്യക്തമാക്കിയത്.
രണ്ട് വിദ്യാർഥികളെ തലക്കടിച്ച് പരിക്കേൽപിക്കുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് ഇവർ. പ്രതികളെ മുൻപരിചയമില്ലെന്നും എന്നാൽ കണ്ടാൽ തിരിച്ചറിയാമെന്നും ആക്രമണത്തിന് ഇരയായ വിദ്യാർഥി മൊഴിനൽകിയിരുന്നു. അതിനാൽ പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതുണ്ട്. ഇതിനുമുമ്പായി പ്രതികളെ പൊതുമണ്ഡലത്തിൽ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, വിദ്യാർഥികളെ വിലങ്ങ് വെച്ചതിനോട് സർക്കാറിന് യോജിപ്പില്ല. പരാതിയിൽ അന്വേഷണം നടത്താനും പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റാനും തീരുമാനിച്ചിട്ടുണ്ടെന്നും വാസവൻ അറിയിച്ചു.
തീവ്രവാദികളോട് പോലും കാട്ടാത്ത രീതിയാണ് വിദ്യാർഥികളോട് കാട്ടിയതെന്ന് സബ്മിഷൻ അവതരിപ്പിച്ച് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പൊലീസ് നടപടിയെ വിമര്‍ശിച്ച കോടതി, എന്തിനാണ് മുഖം മറച്ച് വിലങ്ങണിയിച്ചതെന്ന് ചോദിച്ചു. എന്നാല്‍, കൃത്യമായ മറുപടി നല്കാന് പൊലീസിന് സാധിച്ചില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.