Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാടാക്കര പള്ളിയിലെ...

‘മാടാക്കര പള്ളിയിലെ ഇമാം ‘സഖാവ്’ മുക്കം ഉമർ ഫൈസിയുടെ ആളല്ല​, സമസ്ത ലീഗ് വിഭാഗം’; ക്ഷേത്രങ്ങളിൽ ബി.ജെ.പിയും പള്ളികളിൽ ലീഗും മതരാഷ്ട്രീയം കളിക്കുന്നതായി കെ.ടി. ജലീൽ

text_fields
bookmark_border
Dr. KT Jaleel speaks to the media
cancel
camera_alt

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഡോ: കെ.ടി ജലീൽ വളാഞ്ചേരി കാവുംപുറത്തെ ഗസലിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

മലപ്പുറം: ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കണ്ണൂക്കര മാടാക്കര മുഹിയിദ്ദീൻ മസ്ജിദിൽ പൊലീസ് ലാത്തിവീശിയ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി മുൻ എം.എൽ.എ കെ.ടി. ജലീൽ. കഴിഞ്ഞ പത്തുവർഷം പിണറായി കാലത്ത് കാണാത്ത കാഴ്ചകളാണ് യു.ഡി.എഫ് വന്ന് ചിരിക്കുന്ന മുഖ്യമന്ത്രി നാട് ഭരിക്കൽ തുടങ്ങി 100 ദിവസം തികയുമ്പോൾ അരങ്ങേറുന്നതെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

പള്ളിയിൽ തല്ല് കൂടിയവരിൽ 99 ശതമാനവും മസ്‍ലിം ലീഗുകാരാണെന്ന് ജലീൽ ആരോപിച്ചു. ‘പള്ളിയുടെ പഴയ കമ്മിറ്റിക്കാരും പുതിയ കമ്മിറ്റിക്കാരും ലീഗുകാരാണ്. വിവാദ പുരുഷനായ ഇമാം സമസ്തയുടെ ലീഗ് വിഭാഗത്തിലെ അംഗമാണ്. ‘സഖാവ്’ മുക്കം ഉമർ ഫൈസിയെ പിന്തുണക്കുന്ന ആളല്ല. പരിശുദ്ധ പ്രവാചകന്റെ ജൻമദിനത്തിലാണ് ലീഗുകാർ ‘ഓണത്തല്ല്’ മതസൗഹാർദ്ദത്തിന്റെ ഭാഗമായി പള്ളിയിൽ വെച്ച് നടത്തിയത്. കുഴപ്പക്കാർ മുഴുവൻ ലീഗുനേതാക്കളും പ്രവർത്തകരുമാണ്’ -ജലീൽ ആരോപിച്ചു.

ക്ഷേത്രങ്ങളെയും അതിന്റെ കമ്മിറ്റികളെയും ബി.ജെ.പി സ്വന്തം വരുതിയിലാക്കുന്നതിന് സമാനമായ രീതിയിലാണ് മുസ്‍ലിം ലീഗും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അധികാരം സ്ഥാപിക്കാനും ഹിന്ദുക്കളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളെയും ഉൽസവങ്ങളെയും മതപാഠശാലകളെയും ബി.ജെ.പി സ്വന്തം വരുതിയിലാക്കുന്നു. ഇതിനായി ബി.ജെ.പി മതരാഷ്ട്രീയം കളിക്കുന്നു. സമാനമായ രീതിയിലാണ് മുസ്‍ലിം ലീഗും പ്രവർത്തിക്കുന്നത്. പള്ളി കമ്മിറ്റികളും മദ്റസ കമ്മിറ്റികളും മഹല്ല് കമ്മിറ്റികളും സ്വന്തം നിയന്ത്രണത്തിലാക്കുന്നു. 'ഖാദി' സ്ഥാനങ്ങളും സ്വന്തം നിയന്ത്രണത്തിലാക്കുന്നു. മുസ്‍ലിം സമുദായത്തിനു മേലുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് ഇത്. ഇതിനായി മതരാഷ്ട്രീയം പ്രയോഗിക്കുന്നു. ലക്ഷ്യം നേടാൻ ലീഗും ബി.ജെ.പിയും ആരാധനാലയങ്ങളുടെ പവിത്രത നോക്കില്ല. തല്ലും കൊല്ലും എന്ത് തോന്നിവാസവും ചെയ്യും -ജലീൽ ആരോപിച്ചു.

അതിനി​ടെ, പള്ളിയിൽ ബൂട്ടിട്ട് കയറി ലാത്തിവീശിയ സംഭവത്തിൽ ചോമ്പാല എസ്.എച്ച്.ഒ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥ​​രെ സ്ഥലം മാറ്റി. എസ്.എച്ച്.ഒ പി.പി. ഷമീൽ, എ.എസ്.ഐമാരായ എം.വി. മനോജൻ, കെ.എം. മനോജ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.പി. അനിൽകുമാർ, സി. പ്രവീൺകുമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റി നിയമിച്ചത്. പി.പി. ഷമീലിന് പകരം പയ്യോളി സി.ഐ പി.ജെ. ജെയ്മോനെ ചോമ്പാല എസ്.എച്ച്.ഒ ആയി നിയമിച്ചു.

ചൊവ്വാഴ്ച രാത്രിയോടെയാണ് മാടാക്കര പള്ളിയിൽ മൗലീദ് പരായണവുമായി ബന്ധപെട്ട് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ പള്ളിയിൽ കയറി പൊലീസ് ലാത്തിവീശുകയുണ്ടായിരുന്നു. ബൂട്ടിട്ട് പള്ളിയിൽ കയറി പൊലീസ് വിശ്വാസികളെ മർദിച്ചത് വിമർശനത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ വ്യാപകമായി വിമർശനമാണ് ഉയർന്നത്. സി.പി.എം സംഭവത്തെ രാഷ്ട്രീയ വിവാദമാക്കി മാറ്റി പ്രചരണത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിനിടെയാണ് സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരെ സ്ഥലംമാറ്റി ഉത്തരവിട്ടത്. സംഘർഷത്തിനിടെ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കുറിപ്പിന്റെ പൂർണരൂപം:

ഞമ്മൻ്റെ പള്ളി, ഞമ്മൻ്റെ പോലീസ്, ഞമ്മ തല്ലും, ഞമ്മ കൊല്ലും, ഇങ്ങക്കെന്താ മാർക്സിസ്റ്റേ?

കഴിഞ്ഞ പത്തു വർഷം പിണറായി കാലത്ത് കാണാത്ത കാഴ്ചകളാണ് യു.ഡി.എഫ് വന്ന് ചിരിക്കുന്ന മുഖ്യമന്ത്രി നാട് ഭരിക്കൽ തുടങ്ങി 100 ദിവസം തികയുമ്പോൾ അരങ്ങേറുന്നത്.

കേരളത്തിൻ്റെ ചരിത്രത്തിൽ ഇന്നുവരെ വിശ്വാസികൾ ദൈവത്തിന് 'സുജൂദ്' (സാഷ്ടാംഗം) ചെയ്യുന്ന കാർപ്പറ്റിട്ട സ്ഥലത്ത് ബൂട്ട്സ് ഇട്ട് കയറി ഒരു പോലീസും മസ്ജിദിൻ്റെ അകത്തളം മലിനമാക്കുകയോ, പള്ളിക്കകത്ത് 'മിഹ്റാബി'ൻ്റെ മുന്നിൽ വെച്ച് ലാത്തിച്ചാർജ് ചെയ്യുകയോ ചെയ്തിട്ടില്ല. 1921 കാലത്ത് ബ്രിട്ടീഷ് പട്ടാളം ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പള്ളികളിൽ ചെയ്തതായി നാം കേട്ടിട്ടുണ്ട്.

വടകര മാടാക്കര പള്ളിയിൽ അത് സംഭവിച്ചു. പള്ളിയിൽ തല്ലുകൂടിയവരിൽ 99% വും മുസ്ലിംലീഗുകാരാണ്. പള്ളിയുടെ പഴയ കമ്മിറ്റിക്കാരും പുതിയ കമ്മിറ്റിക്കാരും ലീഗുകാരാണ്. വിവാദപുരുഷനായ ഇമാം സമസ്തയുടെ ലീഗ് വിഭാഗത്തിലെ അംഗമാണ്. "സഖാവ്" മുക്കം ഉമർ ഫൈസിയെ പിന്തുണക്കുന്ന ആളല്ല. പരിശുദ്ധ പ്രവാചകൻ്റെ ജന്മദിനത്തിലാണ് ലീഗുകാർ "ഓണത്തല്ല്" മതസൗഹാർദ്ദത്തിൻ്റെ ഭാഗമായി പള്ളിയിൽ വെച്ച് നടത്തിയത്. കുഴപ്പക്കാർ മുഴുവൻ ലീഗ് നേതാക്കളും പ്രവർത്തകരുമാണ്.

അതിൻ്റെ തൊട്ടടുത്ത ദിവസം മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത് സമസ്ത സംഘടിപ്പിച്ച നബിദിനഘോഷയാത്രയിൽ സമസ്തയുടെ പതാക പിടിച്ചപ്പോൾ അത് പാടില്ലെന്ന് പറഞ്ഞ് കുഴപ്പമുണ്ടാക്കി തല്ലുണ്ടാക്കിയതും മുസ്ലിംലീഗ് പ്രവർത്തകരാണ്. പൂക്കി ഭരണം തുടങ്ങിയതു മുതൽ പള്ളികളും മദ്രസകളും മതസ്ഥാപനങ്ങളും മുസ്ലിംലീഗിൻ്റെ 'സമ്പൂർണ്ണ' നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലീഗ് നടത്തുന്നത്. മതസ്ഥാപനങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിൽ "മുസ്ലിംസമുദായ"ത്തിന് മേലുള്ള 'അധികാരം' ലീഗിന് നഷ്ടപ്പെടുമോ എന്ന ആശങ്ക അവരെ വല്ലാതെ അലട്ടുന്നുണ്ട്!

ക്ഷേത്രങ്ങളെയും അതിൻ്റെ കമ്മിറ്റികളെയും, ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളെയും, ഉത്സവങ്ങളെയും, മതപാഠശാലകളെയും എങ്ങിനെയാണോ സ്വന്തം വരുതിയിലാക്കി ബി.ജെ.പി, അധികാരം സ്ഥാപിക്കാനും, ഹിന്ദുക്കളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനും മതരാഷ്ട്രീയം കളിക്കുന്നത് സമാനമായ രീതിയിലാണ് മുസ്ലിംലീഗ് പള്ളി കമ്മിറ്റികളും മദ്രസാ കമ്മിറ്റികളും, മഹല്ല് കമ്മിറ്റികളും, 'ഖാളി' സ്ഥാനങ്ങളും സ്വന്തം നിയന്ത്രണത്തിലാക്കി മുസ്ലിം സമുദായത്തിനു മേലുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കാൻ മതരാഷ്ട്രീയം പ്രയോഗിക്കുന്നത്. ലക്ഷ്യം നേടാൻ ലീഗും ബി.ജെ.പിയും ആരാധനാലയങ്ങളുടെ പവിത്രത നോക്കാതെ, തല്ലും കൊല്ലും എന്ത് തോന്നിവാസവും ചെയ്യും!

മാറ്റത്തിന് വോട്ടു ചെയ്തവരേ, റേഷൻകട മുതൽ പള്ളി മദ്രസാ കമ്മിറ്റികളിൽ വരെ "മാറ്റം" പ്രകടമാണ്. ജമാഅത്തെ ഇസ്‌ലാമിക്കാർക്കും മൂന്ന് വിഭാഗം മുജാഹിദുകൾക്കും ഇമാം കൗൺസിലിനുമെല്ലാം തൃപ്തിയായല്ലോ അല്ലേ? ഞമ്മൻ്റെ ഭരണം, ഞമ്മൻ്റെ പോലീസ്, ഞമ്മൻ്റെ പള്ളികൾ, ഞമ്മൻ്റെ നബിദിന ജാഥ, ഞമ്മ തല്ലും, ഞമ്മ കൊല്ലും, ഇങ്ങക്കെന്താ മാർക്സിസ്റ്റേ?, സമുദായ ഐക്യം സിന്ദാബാദ്, മുസ്ലിംലീഗ് സിന്ദാബാദ്!


Show Full Article
TAGS:KT Jaleel madakkara mosque Muslim League 
News Summary - KT Jaleel against madakkara palli cnflict
Next Story