ഉരുൾദുരന്തത്തിന് ഒരു വർഷം; ദുരന്തബാധിതർക്ക് ‘പ്രത്യാശ’യുമായി കുടുംബശ്രീ
text_fieldsകൽപറ്റ: രാജ്യത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വർഷം പൂർത്തിയാകാനിരിക്കെ, ദുരന്തബാധിതരുടെ ഉപജീവനത്തിനായി ‘പ്രത്യാശ’ എന്ന പേരിൽ കുടുംബശ്രീയുടെ വിപുല പദ്ധതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള തുക ഉപയോഗിച്ചാണ് കുടുംബശ്രീ വഴി ഉപജീവന പിന്തുണ പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി 3.61 കോടി രൂപ അനുവദിച്ച് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. നേരത്തേതന്നെ ദുരന്തബാധിത പ്രദേശങ്ങളിൽ കുടുംബശ്രീ സർവേ നടത്തി ഓരോരുത്തരുടേയും ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വ്യക്തിഗത മൈക്രോപ്ലാൻ തയാറാക്കിയിരുന്നു.
ഇതുപ്രകാരം കാർഷികമേഖലയിൽ 619 പേർക്കാണ് ഉപജീവനം ആവശ്യമായത്. 184 പേർക്ക് കുടുംബശ്രീയുടെ തന്നെ മറ്റ് പദ്ധതികൾ വഴി ഉപജീവനം ഉറപ്പുവരുത്തി. ഹ്രസ്വകാല പദ്ധതിയിൽ ഉൾപ്പെട്ട 78 പേർക്ക് സാമ്പത്തികസഹായം നൽകാനും തീരുമാനിച്ചു.
ബാക്കിയുള്ള, ചെറുകിട ഉപജീവന സംരംഭത്തിന് രണ്ട് ലക്ഷത്തിൽ താഴെ മാത്രം ആവശ്യമുള്ള 357 ഗുണഭോക്താക്കൾക്കാണ് പുതിയ ‘പ്രത്യാശ’ പദ്ധതി നടപ്പാക്കുന്നത്. ഗ്രാന്റ്, സബ്സിഡി, വായ്പ എന്നീ ഇനങ്ങളിലായാണ് തുക നൽകുക. ഗുണഭോക്താക്കൾ നൽകുന്ന സംരംഭങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചാണ് തുക അനുവദിക്കുക.
സംരംഭങ്ങൾ ഇങ്ങനെ
തയ്യൽ യൂനിറ്റുകൾ, പെട്ടിക്കട, വെൽഡിങ്, അലൂമിനിയം ഫാബ്രിക്കേഷൻ, ബാർബർ ഷോപ്പ്, പലചരക്ക് കട, ആശാരിപ്പണി, ചായക്കട തുടങ്ങിയ സംരംഭങ്ങൾക്കാണ് സഹായം നൽകുക.
സ്റ്റാർട്ട് അപ് ഫണ്ട്
പരമാവധി രണ്ടുലക്ഷം രൂപ വരെ ഒരാൾക്ക് നൽകും. സംഘം ചേർന്നുള്ള സംരംഭങ്ങൾക്ക് ഒരാൾക്ക് രണ്ട് ലക്ഷം എന്ന കണക്കിൽ അഞ്ചുപേർക്ക് പരമാവധി 10 ലക്ഷം. സംരംഭങ്ങൾ ആരംഭിക്കുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി തുക ഗ്രാന്റായാണ് നൽകുക. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും വ്യക്തികൾക്കും സബ്സിഡി.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി
വലിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ബാങ്ക് വായ്പയോ കുടുംബശ്രീ മുഖേനയുള്ള വായ്പയോ എടുക്കുകയാണെങ്കിൽ 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി ലഭിക്കും. പരമാവധി അനുവദിക്കുന്ന തുക 10 ലക്ഷം. ഇത്തരത്തിൽ വായ്പ ലഭിച്ചാൽ ഉടൻതന്നെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി നേരിട്ട് ബാങ്കുകൾക്ക് നൽകുകയാണ് ചെയ്യുക. ബാക്കിയുള്ള തുകയും പലിശയും മാത്രമേ ബാങ്കുകൾ ഈടാക്കുകയുള്ളൂ. അർഹരായവർക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡിയിൽ ഉൾപ്പെടുത്തി സാമ്പത്തികസഹായം നൽകും.
സഹായം ആർക്കൊക്കെ?
- കാറ്റഗറി ഒന്ന് (വീട്, സ്ഥലം, തൊഴിൽ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവർ). ആകെ 81 ഗുണഭോക്താക്കൾ, അനുവദിക്കേണ്ട തുക 111.10 ലക്ഷം.
- കാറ്റഗറി രണ്ട് (നോ ഗോ സോൺ മേഖലയിലുള്ളവർ): 75 ഗുണഭോക്താക്കൾ. അനുവദിക്കേണ്ട തുക 86.90 ലക്ഷം രൂപ.
- കാറ്റഗറി മൂന്ന് (ഉപജീവനമാർഗം മാത്രം നഷ്ടപ്പെട്ടവർ): 84 പേർ. അനുവദിക്കേണ്ട തുക 84 ലക്ഷം.
- കാറ്റഗറി നാല് (മറ്റ് നഷ്ടങ്ങൾ കൂടുതൽ ഇല്ലാത്ത ഉപജീവന മാർഗം മാത്രം നഷ്ടമായവർ): 117 പേർ. 79.66 ലക്ഷം രൂപ.
ആകെ 357 ഗുണഭോക്താക്കൾക്കായി 3,61,66,000 രൂപയാണ് അനുവദിക്കുക.