കുമ്പളയിൽ സംഘർഷത്തിൽ കലാശിച്ച സ്കൂൾ കലോത്സവം തിങ്കളാഴ്ച നടത്തും; ‘ഗസ്സ’ പ്രമേയമായ മൈം വീണ്ടും അവതരിപ്പിക്കും
text_fieldsകുമ്പള: ഗസ്സ പ്രമേയമായ മൈം (മൂകാഭിനയം) അവതരണം തീരും മുമ്പേ അധ്യാപകർ തടഞ്ഞതിനെ തുടർന്ന് വിവാദമാവുകയും നിർത്തിവെക്കുകയും ചെയ്ത കാസർകോട് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം തിങ്കളാഴ്ച നടത്തും. നിർത്തിവെച്ച ഗസ്സ പ്രമേയമായ മൂകാഭിനയം അടക്കമുള്ളവ വേദിയിൽ അവതരിപ്പിക്കും.
അതേസമയം, മൈം അവതരിപ്പിച്ചതിന് പരിപാടി നിർത്തിവെപ്പിച്ച് കലോത്സവം തന്നെ മാറ്റിവെച്ച സംഭവത്തിൽ തിങ്കളാഴ്ച ഡി.ഡി.ഇ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഡി.ഡി.ഇ നാളെ സ്കൂൾ സന്ദർശിച്ചേക്കും. സംഭവം വാർത്തയും വിവാദവുമായതിനെ തുടർന്ന് അടിയന്തര അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി കലക്ടറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.
കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവവേദിയിൽ ഗസ്സ പ്രമേയമായ മൂകാഭിനയ (മൈം) മൽസരത്തിൽ അവതരണം തീരും മുമ്പേ അധ്യാപകരാണ് കർട്ടനിട്ടത്. വിഷയം വിവാദത്തിലും സംഘർഷത്തിലും എത്തിയതോടെ സ്കൂൾ കലോത്സവം തന്നെ നിർത്തിവെച്ചു. വെള്ളി, ശനി ദിവസങ്ങളിലായി നടക്കേണ്ട കലോത്സവത്തിൽ വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മൈം ഷോയിലാണ് ഗസ്സ പ്രമേയമാക്കി അവതരിപ്പിച്ചത്.
10 മിനിറ്റ് ദൈർഘ്യമുള്ള മൈം രണ്ട് മിനിറ്റും 10 സെക്കൻഡും വേദിയിൽ അരങ്ങേറി. തുടർന്ന് മത്സരാർഥികൾ ഗസ്സ ദൈന്യതയുടെ പ്ലക്കാർഡ് ഉയർത്തിയപ്പോൾ മൂന്ന് ഹയർ സെക്കൻഡറി അധ്യാപകർ രംഗത്തെത്തി കർട്ടൻ താഴ്ത്താൻ നിർദേശം നൽകുകയായിരുന്നു. അവതരണം നിഷേധിച്ചതോടെ മൈം അവതരിപ്പിച്ച വിദ്യാർഥികൾ പുറത്തിറങ്ങി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.
വിഷയം സംഘർഷത്തിലേക്ക് മാറിയതോടെ പൊലീസെത്തി രംഗം ശാന്തമാക്കി. ശനിയാഴ്ച രാവിലെ ചേർന്ന പി.ടി.എ യോഗത്തിലേക്ക് വിദ്യാർഥികൾ ഇരച്ചുകയറി. പൊലീസെത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്തുനീക്കി. എം.എസ്.എഫ്, എസ്.എഫ്.ഐ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
മൂകാഭിനയം അവതരിപ്പിക്കുന്നതിനെ എതിർത്തിരുന്നില്ലെന്നും പ്ലക്കാർഡ് ഉയർത്താൻ പാടില്ലെന്ന് നിർദേശം നൽകിയിരുന്നതായും അധ്യാപകർ പറഞ്ഞു. ഗസ്സ പ്രമേയമായ പരിപാടികൾ അവതരിപ്പിക്കാൻ പാടില്ലെന്നും പഹൽഗാം പോലുള്ള ഇന്ത്യൻ വിഷയങ്ങൾ ആകാമെന്നും ചില അധ്യാപകർ നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. തങ്ങൾ അവതരിപ്പിക്കുന്ന പ്രമേയം അധ്യാപകരെ കാണിച്ചിരുന്നു. അതിൽ അധ്യാപകർ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയതായും വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, മൈം തടഞ്ഞ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ഫലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം. ഫലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ശിവൻകുട്ടി ചോദിച്ചു. കുമ്പള സ്കൂളിലെ വിദ്യാർഥികൾക്ക് അതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.