‘ഇത് പൊലീസിനെതിരായ ജനവിധികൂടിയാവും’ -കുന്നംകുളത്ത് പൊലീസ് മർദനത്തിനിരയായ വി.എസ്. സുജിത്ത് സ്ഥാനാർഥി
text_fieldsവി.എസ്. സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ വി.എസ്. സുജിത്ത് നാമനിർദേശ പത്രിക സമർപ്പിക്കുന്നു
കുന്നംകുളം: ‘മൂന്ന് കൊല്ലം പൊലീസ് അതിക്രമത്തിനെതിരെ നടത്തിയ നിയമ പോരാട്ടം വിജയിച്ച ശേഷമാണ് ഈ ഒരു പോരാട്ടം. പൊലീസിനെതിരായ ജനവിധി കൂടിയാവും ഈ തെരഞ്ഞെടുപ്പ്’ -സ്റ്റേഷനിൽ പൊലീസിന്റെ ക്രൂരമർനത്തിനിരയായ ചൊവ്വന്നൂരിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് ഇപ്പോൾ വാശിയേറിയ തെരഞ്ഞെടുപ്പ് ഗോദയിലാണ്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർഥിയായാണ് ചൊവ്വന്നൂർ ഡിവിഷനിൽനിന്ന് മത്സരിക്കുന്നത്.
14 വാർഡുകൾ ഉൾപ്പെടുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ 12 വാർഡുകൾ ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനാണിത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സുജിത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു.
മർദിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത് ഏറെ വിവാദങ്ങൾക്ക് കാരണമാകുകയും മർദിച്ച സംഭവത്തിൽ അന്നത്തെ എസ്.ഐ ഉൾപ്പെടെ നാല് പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നിലവിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാർഡുകളും, ചൊവ്വന്നൂർ പഞ്ചായത്തും ഇടതുമുന്നണിയുടെ കൈയിലാണ്. സുജിത്ത് ഉൾപ്പെടെയുള്ള പുതുമുഖങ്ങളെ ഇറക്കി ചൊവ്വന്നൂർ പഞ്ചായത്തും ബ്ലോക്കും തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.


