പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കൽ: സിവിൽ കേസ് ഫയൽ ചെയ്തതിന് സർക്കാരിന് ശിക്ഷയോ?
text_fieldsകോഴിക്കോട് : വയനാട്ടിലെ പുനരധിവാസത്തിന് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാമെന്ന സർക്കാർ വാദത്തിനെതിരെ നിയമവിദഗ്ധർ. ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തതിന് സർക്കാറിന് ലഭിച്ച ശിക്ഷയാണോ നഷ്ടപരിഹാരമെന്നാണ് നിയമവിദഗ്ധരുടെ ചോദ്യം. പരാതി കൊടുത്തതിന് പരാതിക്കാരന് തന്നെ ശിക്ഷ വിധിക്കുകയാണ് ഇവിടെ. ലോകത്ത് ഒരിടത്തും നടന്നിട്ടില്ലാത്ത അന്യായമാണ് കേരളത്തിൽ നടക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം.
1947ന് മുമ്പ് നാട്ടുരാജാക്കന്മാരും വ്യക്തികളും ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും പാട്ടത്തിന് നൽകിയ ഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തിൽ സിവിൽ കോടതിയിൽനിന്ന് സർക്കാർ അനുകൂല വിധി ലഭിക്കുമെന്ന് ഉറപ്പാണ്. കാരണം രാജമാണിക്യം അടക്കുമുള്ള അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഈ എസ്റ്റേറ്റുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് ഉടമസ്ഥത തെളിയിക്കുന്ന രേഖയൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും സർക്കാർ ഭൂമിക്ക് സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത് എന്തിനാണെന്ന ചോദ്യത്തിന് സർക്കാറിന് ഉത്തരമില്ല.
ഹാരിസൺ കേസിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ചോദിച്ചത് സിവിൽ കോടതിയിലെ കേസ് പിൻവലിക്കുമോയെന്നാണ്. പിൻവലിക്കില്ലെന്ന് സർക്കാർ ഉറപ്പിച്ചു പറഞ്ഞു. അതോടൊപ്പം നഷ്ടപരിഹാരം കൊടുത്താൽ സെക്യൂരിറ്റി ആര് നിൽക്കും എന്നുകൂടി കോടതി ചോദിച്ചു. ഹാരിസൺസിൻെറ ഭൂമി ഏറ്റെടുക്കുന്നില്ലെന്നായിരുന്നു സർക്കാറിന്റെ മറുപടി. ഇതേ ചോദ്യം എൽസ്റ്റൻ നൽകിയ കേസിലും ഹൈകോടതി ആവർത്തിക്കുമെന്ന് ഉറപ്പാണ്. കാരണം രണ്ട് കൂട്ടരും കൈവശം വെച്ചിരിക്കുന്നത് ഒരേ സ്വഭാവത്തിലുള്ള പാട്ടഭൂമിയാണ്.
സിവിൽ കോടതിയിൽ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കാൻ കേസ് ഫയൽചെയ്ത സർക്കാർ തന്നെയാണ് ഹൈകോടതിയിൽ വേഷം മാറിയത്. പാട്ടഭൂമി കൈവശം വെച്ചിരിക്കുന്ന എസ്റ്റേറ്റുകാർക്ക് ഭൂമിയുടെ ഉടമസ്ഥ(ടൈറ്റിൽ) രേഖയില്ല എന്നാണ് സിവിൽ കോടതിയിൽ സർക്കാർ വാദിക്കുന്നത്. അതിനുള്ള സത്യവാങ്മൂലമാണ് സിവിൽ കോടതിയിൽ വയനാട് കലക്ടർ സമർപ്പിച്ചത്.
നഷ്ടപരിഹാരം നൽകിയാൽ അത് ഉടമസ്ഥതയുണ്ടായിരുന്നുവെന്നതിന്റെ തെളിവായി സിവിൽ കോടതിയിൽ ഹാരിസൺസ് അടക്കം നാളെ വാദിക്കാം. ഇത് സർക്കാരിന് വലിയ തിരിച്ചടിയാവും. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂവുടമസ്ഥനാണ് കലക്ടർ നഷ്ടപരിഹാരം കൈമാറേണ്ടത്. ഇവിടെ ഉടമസ്ഥതയില്ലാത്ത ഭൂമിക്ക് എങ്ങനെയാണ് കലക്ടർക്ക് നഷ്ടപരിഹാരം നൽകാനാവുക എന്ന ചോദ്യമാണ് നിയമവിദഗ്ധകർ ഉന്നയിക്കുന്നത്. എന്ത് ഭൂരേഖയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകുന്നതെന്നതിന് മറുപടി പറയേണ്ടത് സർക്കാറാണ്.
സർക്കാറിന് ഇരട്ട അടിയാണ് ഇവിടെ കിട്ടിയിരിക്കുന്നത്. ഒരുഭാഗത്ത് സർക്കാർ ഭൂമി നഷ്ടപ്പെട്ടു പോകുകയും ചെയ്തു. മറുഭാഗത്ത് നഷ്ടപരിഹാരമായി പണം കൊടുക്കുകയും വേണം. ഹാരിസൺസും എൽസ്റ്റണും ഒരേ ആവശ്യത്തിനു വേണ്ടിയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. അതിനാൽ ഹൈകോടതി സംയുക്ത വിധിയാണ് പറഞ്ഞത്. ഹാരിസൻസ് കമ്പനിയോട് സെക്യൂരിറ്റി എന്താണെന്ന് കോടതി ചോദിച്ചു. അതേ ചോദ്യം എൽസ്റ്റൻ എസ്റ്റേറ്റിനോടും ഹൈകോടതിക്ക് ആവർത്തിക്കാം.