അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം: ആദിവാസികൾ നിയമസഭയിലെത്തി പരാതി നൽകി
text_fieldsകെ.കെ.രമ അട്ടപ്പാടിയിലെ ആദിവാസികളുമായി നിയമസഭക്കുള്ളിലേക്ക്
കോഴിക്കോട് : അട്ടപ്പാടിയിൽ വ്യജരേഖ നിർമിച്ച് വ്യാപകമായി നടക്കുന്ന ഭൂമി കൈയേറ്റം ഉന്നതതല സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികൾ നിയമസഭയിലെത്തി. വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നത് നിയമസഭ ചർച്ചചെയ്യണമെന്ന് സ്പീക്കർ സ്പീക്കർ എ.എം. ഷംസീറിനോട്ട് ആവശ്യപ്പെട്ടു. കെ.കെ രമ എം.എൽ.എയാണ് നിയമസഭക്ക് പുറത്തെത്തി ആദിവാസികളെയും കൂട്ടി സ്പീക്കറുടെ മുറിയിലെത്തി പരാതി നൽകിയത്.
മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം ഊരുകളിലെ ആദിവാസികൾ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേൽ ടി.ആർ.ഡി.എം ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്.ബാബു 2024 ഒക്ടോബർ 19, 20, 21 തീയതികളിൽ അട്ടപ്പാടിയിലെത്തി അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിലെ ശിപാർശകൾ നടപ്പാക്കണം. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റൽ സർവേ അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുടെ സർവേ പൂർത്തിയായതിനു ശേഷം മാത്രമേ നടത്താവൂവെന്നാണ് റിപ്പോർട്ടിലെ ശിപാർശ. അല്ലാത്തപക്ഷം തലമുറകളായി അനുഭവിച്ചു വന്നിരുന്ന ഭൂമി തെളിവുകളില്ല എന്ന കാരണത്താൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നഷ്ടപ്പെടും.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണം. റവന്യൂ, വനം, പട്ടികവർഗം, നിയമം, തദ്ദേശ സ്വയംഭരണം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെട്ട ഉന്നതല സംഘത്തെ നിയോഗിക്കണം. പട്ടികവർഗക്കാരുമായി തർക്കമുളള എല്ലാ ഭൂമിയുടേയും ആധാരങ്ങൾ, പട്ടയങ്ങളുടെ ആധികാരികത, വിശ്വസ്തതത എന്നിവ ഉറപ്പുവരുത്തുന്ന രീതിയിൽ നിർബന്ധമായും പരിശോധിക്കണം. 1961-64 കാലഘട്ടങ്ങളിൽ തയാറാക്കിയിട്ടുളള സർവേ സെറ്റിൽമെൻറ് രജിസ്റ്റർ, പ്രായം ചെന്ന ഊരുനിവാസികളുടെ വായ് മൊഴി, 1932 ൽ ഐ.ടി.ഡി.പി. വഴി നടത്തിയ സർവേ, മറ്റ് സർക്കാർ രേഖകൾ, കോടതി ഉത്തരവുകൾ, പട്ടികവർഗക്കാരുടെ നിർമിതികൾ എന്നിവ അടിസ്ഥാനമാക്കി അട്ടപ്പാടിയിലെ ഭൂമി സർവേ നടത്തുന്നതിന് പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണം.
അട്ടപ്പാടിയിലെ ആദിവാസികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകിയതിനെ തുർന്നാണ് പട്ടികവർഗ വകുപ്പ് പ്രാഥമിക അന്വേഷണത്തിന് സംഘത്തെ അട്ടപ്പാടിയിലേക്ക് അയച്ചത്.
പട്ടികവർഗ വകുപ്പ് അട്ടപ്പാടിയിലെ ആദിവാസികളുടെ കുടുംബഭൂമി അളന്ന് ഭാഗാധാരം തയാറാക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന് ഫണ്ട് നൽകണം. 2014 ഡിസംബർ 30ന് പട്ടികവർഗ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു.
ആദിവാസികൾ തലമുറകളായി താമസിച്ചുവന്നിരുന്ന ഊരുകളിലാണ് മറ്റുള്ളവർ ഭൂമി കൈയേറി അവകാശം സ്ഥാപിക്കുകയും സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. അട്ടപ്പാടിയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കുടിയേറി വന്നവർ ആദിവാസികളുടെ നിഷ്കളങ്കതയും അജ്ഞതയും മുതലെടുത്ത് ഭൂമി കൈയേറിയത്. കൈയേറ്റം സംബന്ധിച്ച യഥാർഥ വസ്തുത അറിയാൻ അന്വേഷണം നടത്തണം.
ഭീഷണിപ്പെടുത്തിയും മറ്റ് സ്വാധീനങ്ങൾ വഴിയും ആദിവാസികൾ തലമുറകളായി അനുഭവിച്ചു വരുന്ന ഭൂമി തട്ടിയെടുത്ത അവസ്ഥയുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരാണ് ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അവർ കൈയേറിയ ഭൂമിക്ക് ചുറ്റും ഇലക്ട്രിക് ഫെൻസിങ് സ്ഥാപിച്ചിരിക്കുകയാണ്. അതിനാൽ വനത്തിൽനിന് പുറത്ത് വരുന്ന വന്യമൃഗങ്ങൾ കൂട്ടത്തോടെ ആദിവാസികളുടെ ഊരുകളിലേക്കും കൃഷി സ്ഥലങ്ങളിലേക്കുമാണ് ഇറങ്ങുന്നത്.
അട്ടപ്പാടി ഊരുകളിലെ ആദിവാസികളുടെ സ്വൈരജീവിതം ഇപ്പോൾ പ്രതിസന്ധിയിലാണ്. മറ്റുള്ളവരുടെ ഭൂമികയേറ്റം കാരണം ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നഷ്ടപ്പെടുന്നു. പുതുതലമുറക്ക് താമസിക്കുന്നതിനും കാർഷികാവശ്യത്തിനും ഭൂമി ഇല്ലാതാകുന്ന അവസ്ഥയുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.ബഹുഭൂരിപക്ഷം ആദിവാസികളും നദികൾ, അരുവികൾ തുടങ്ങിയ ജലസ്രോതസുകളെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. കുടിവെള്ളം പോലും ആദിവാസികൾ പുഴകളിൽ നിന്നാണ് എടുക്കുന്നത്.അട്ടപ്പാടിയിൽ അടുത്തകാലത്തായി വൻതോതിൽ കുന്നുകൾ ഇടിച്ചു നിരത്തുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് നിയന്ത്രിക്കണം.
1975 ലാണ് ടി. മാധവൻ മേനോൻ നിക്ഷിപ്ത വനഭൂമി കമ്മറ്റി റിപ്പോർട്ട് കേരള നിയമസഭക്ക് സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പശ്ചിമഘട്ട വികസന പദ്ധതി പ്രഖ്യാപിച്ചത്. അടിമതുല്യം ജീവിക്കുന്ന ആദിവാസികളുടെ പുനരധിവാസത്തിനായി വിവിധ പ്രോജക്ടുകൾ പ്രഖ്യാപിച്ചു -ഈ പ്രോജക്ട് ഭൂമികൾ വയനാട്ടിൽ ആദിവാസികൾക്ക് അഞ്ച് ഏക്കർ വീതം പതിച്ച് നൽകിയിട്ടുണ്ട്. എന്നാൽ അട്ടപ്പാടിയിലെ പ്രോജക്ട് ഭൂമിയിൽ ആദിവാസികൾക്ക് നൽകിയ പട്ടയം ഇപ്പോഴും സൊസൈറ്റി കൈവശം വച്ചിരിക്കുകയാണ്. സൊസൈറ്റി നിലവിൽ 37 കോടി രൂപയോളം നഷ്ടത്തിലാണ്. സൊസൈറ്റിയുടെ ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയാണ് ഇത്രയധികം നഷ്ടം ഉണ്ടാക്കുന്നത്. അതിനാൽ ആദിവാസികളുടെ ഭൂമി ആദിവാസി കുടുങ്ങൾക്ക് നൽകണം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് ആദിവാസികൾ ഉന്നയിച്ചത്.
അട്ടപ്പാടിയിൽനിന്നെത്തിയ എല്ലാവരും നിയമസഭയിൽ എത്തി. സ്പീക്കർ ആദിവാസികളുടെ പരാതി വിശദമായി കേട്ടു. എം.എൽ.എമാരായ രമേശ് ചെന്നിത്തല, കെ.കെ ശൈലജ, വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, കടകംപള്ളി സുരേന്ദ്രൻ, പി. മുഹമ്മദ് മുഹ്സിൻ, എൻ. ഷംസുദീൻ തുടങ്ങിയവരും ആദിവാസികളുടെ പരാതി സ്വീകരിച്ചു. അട്ടപ്പാടിയിൽനിന്ന് 40 ഓളം ആദിവാസികളാണ് സുകുമാരൻ അട്ടപ്പാടിയുടെയും ആദിവാസി മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രന്റെയും നേതൃത്വത്തിൽ നിയമസഭയിൽ എത്തിയത്.