ഭൂപരിഷ്കരണം: നാല് സോണൽ ലാൻഡ് ബോർഡ് രൂപീകരിച്ചിട്ടും കേസുകൾ തീർപ്പാക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : ഭൂപരിഷ്കരണ നിയമപ്രകാരമുള്ള കേസുകൾ തീർപ്പാക്കാൻ റവന്യൂ വകുപ്പ് നാല് സോണൽ ബോർഡ് രൂപീകരിച്ചിട്ടും കേസുകൾ തീർപ്പാക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്. ആകെ 2030 കേസുകളിൽ 2024 ആഗസ്റ്റ് വരെ തീർപ്പാക്കിയത് 231 കേസുകൾ മാത്രം. ഈ കേസുകളിൽ 2314 ഏക്കർ ഭൂമിയാണുണ്ടായിരുന്നത്. ഇതിൽ 1799 ഏക്കർ ഭൂമിയുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
1963ലെ ഭൂപരിഷ്‌കരണ (കെ.എൽ.ആർ) നിയമത്തിലെ വകുപ്പ് 100 (എ) പ്രകാരം സർക്കാർ ഓരോ താലൂക്കിനും താലൂക്ക് ലാൻഡ് ബോർഡുകൾ (ടി.എൽ.ബി) രൂപീകരിച്ചു. ഓരോ ടി.എൽ.ബിയിലും ഒരു ചെയർമാനും (ഡെപ്യൂട്ടി കലക്ടർ റാങ്കിലോ അതിൽ മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ) ഗവൺമെൻറ് നോമിനേറ്റ് ചെയ്ത ആറ് അംഗങ്ങളും ഉൾപ്പെടുന്നു.
കോഡ് ഓഫ് സിവിൽ പ്രൊസീജേഴ്‌സ് (സി.പി.സി) പ്രകാരം സിവിൽ കോടതിയുടെ അതേ അധികാരങ്ങൾ ടി.എൽ.ബിക്കുണ്ട്. കേരളത്തിൽ 77 താലൂക്കുകളാണുള്ളത്. 2020ൽ 77 ടി.എൽ.ബി കൾ വീതം ഒരു ചെയർമാനും ആറ് അംഗങ്ങളുമായി പുനഃസംഘടിപ്പിച്ചിരുന്നു. 2022 ഒക്‌ടോബർ 11ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ നാല് സോണൽ ലാൻഡ് ബോർഡ് രൂപീകരിച്ചു. ഇതിന്റെ ചെയർമാൻമാരായി ഡെപ്യൂട്ടി കലക്ടർമാരുടെ നാല് സൂപ്പർ ന്യൂമററി തസ്തികകൾ താൽക്കാലികമായി സൃഷ്‌ടിച്ചു.
2023 മാർച്ചിൽ സർക്കാർ നാല് സോണൽ ലാൻഡ് ബോർഡ് ചെയർമാന്മാരെ അതത് സോണുകളിലെ എല്ലാ ടി.എൽ.ബികളുടെയും മേൽനോട്ടം വഹിക്കാൻ നിയമിച്ചു. കോട്ടയത്ത് 34, തൃശൂരിൽ 20, മലപ്പുറത്ത്10, കണ്ണൂരിൽ 12 എന്നിങ്ങനെയാണ് ടി.എൽ.ബികൾ. സംസ്ഥാന ലാൻഡ് ബോർഡിൻറെ രേഖകൾ പ്രകാരം സോണുകൾ രൂപീകരിക്കുമ്പോൾ കെട്ടിക്കിടന്ന കേസുകൾ 1935 ആണ്. പിന്നീട് 75 കേസുകൾ കൂടി ഉണ്ടായി. അങ്ങനെ ആകെ കേസുകൾ 2030 ആയി.
ആകെ കേസ് കോട്ടയത്ത് 409 ആയിരുന്നു. അതിൽ 14 എണ്ണമാണ് തീർപ്പാക്കിയത്. തൃശൂരിൽ 666 കേസിൽ 45 തൂർപ്പാക്കി. മലപ്പുറത്ത് 483 കേസിൽ 66 ഉം കണ്ണൂരിലെ 472 കേസിൽ 106 ഉം ആണ് തീർപ്പു കൽപ്പിക്കാനായത്. ചുരുക്കത്തിൽ നാലു സോണുകളുടെയും പ്രവർത്തനം മന്ദഗതിയിലാണ് പോകുന്നതെന്ന് വ്യക്തം.
എന്നിട്ടും സീലിങ് കേസുകളുടെ തീർപ്പിൽ മുൻ സാഹചര്യത്തെ അപേക്ഷിച്ച് കാര്യമായ പുരോഗതി ഉണ്ടായെന്നാണ് സംസ്ഥാന ലാൻഡ് ബോർഡ് ജൂനിയർ സൂപ്രണ്ട് മറുപടി നൽകിയത്. കണക്കുകൾ പ്രകാരം ഈ മറുപടി അംഗീകരിക്കാനാവില്ല. കാരണം നാല് തസ്തികകൾ സൃഷ്ടിച്ചതിനു ശേഷം സീലിങ് കേസുകളിൽ 11.37 ശതമാനം മാത്രമേ തീർപ്പാക്കിയിട്ടുള്ളൂവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇത് ഒരു മോശം പ്രകടനമാണ്. പ്രത്യേകിച്ചും രണ്ടായിരിത്തോളം കേസുകൾ ഇപ്പോഴും തീർപ്പു കൽപ്പിക്കാതെ കിടക്കുകയാണ്. ഓരോ മാസവും പുതിയ കേസുകൾ ഫയൽ ചെയ്യപ്പെടുന്നു. സീലിങ് കേസുകൾക്ക് തീർപ്പുകൽപ്പിക്കാതെ തുടരുന്നത് തടയാൻ ശക്തമായ സംവിധാനം വേണമെന്നാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.