കാൽനൂറ്റാണ്ടിൽ ഭൂനികുതി കൂട്ടിയത് മുപ്പതിരട്ടി
text_fieldsതിരുവനന്തപുരം: അടിസ്ഥാന ഭൂനികുതി കാൽനൂറ്റാണ്ടുകൊണ്ട് വർധിച്ചത് 30 ഇരട്ടി. സംസ്ഥാന ബജറ്റിലൂടെ അടിച്ചേൽപിച്ച 50 ശതമാനം കുത്തനെയുള്ള വർധനവിലൂടെയാണ് ഇത്രയധികം വർധനയുണ്ടായത്. 1998 മുതൽ 2025 വരെ കാലയളവിൽ പലഘട്ടങ്ങളിലായി അഞ്ച് തവണയാണ് ഭൂനികുതി സർക്കാറുകൾ വർധിപ്പിച്ചത്. 50 ശതമാനം കുത്തനെ കൂട്ടിയത് ഇതാദ്യം. ആദ്യഘട്ടമായി 1998 മുതൽ 2012 വരെയും, പിന്നീട് 2012 മുതൽ 2014 വരെയും അതിനുശേഷം 2014 മുതൽ 2018 വരെയും, തുടർന്ന് 2018 മുതൽ 2022 വരെയും തുടർന്ന് 2022 മുതൽ 25 വരെയും ഇപ്പോൾ 2025 മുതലുള്ള വർധനവുമാണ് വരുത്തിയത്.
പഞ്ചായത്ത് മേഖലയിൽ 20 ആർ വരെ അതായത് (ഒരു ആർ 2.47 സെന്റ്) 50 സെന്റുവരെ 50 പൈസയും 20 ആറിന് മുകളിൽ ഒരു രൂപയുമായിരുന്നു1998 മുതൽ 2012 വരെ ഭൂനികുതി. അതിപ്പോൾ 8.1 ആർ വരെ അതായത് 20 സെന്റുവരെ 7.50 രൂപയും 8.1 ആറിന് മേൽ ആർ ഒന്നിന് 12 രൂപയുമായി വർധിച്ചു.
1998 മുതൽ 2012 വരെ അന്ന് നഗരസഭകളിൽ ആറ് ആർ വരെ ഭൂമിക്ക് ആറിന് ഒരു രൂപയായിരുന്നു നികുതി. ആറ് ആറിന് മുകളിൽ ആറിന് രണ്ടുരൂപ. അതിപ്പോൾ ആർ ഒന്നിന് 15 രൂപയും അതിന് മുകളിൽ 22.50 രൂപയുമായി. കോർപറേഷനുകളിൽ 1998 മുതൽ 2012 വരെ രണ്ട് ആർ വരെ ആറിന് രണ്ടുരൂപയും രണ്ട് ആറിന് മുകളിൽ ആറിന് നാലുരൂപയുമായിരുന്നു നിരക്ക്. അതിപ്പോൾ ആർ ഒന്നിന് 30 രൂപയും അതിന് മുകളിൽ 45 രൂപയുമായി. 2012-14ൽ വധിപ്പിച്ചപ്പോൾ പഞ്ചായത്തുകളിൽ 20 ആർ വരെ ആറിന് ഒരുരൂപയും 20 ആറിന് മുകളിൽ ആറിന് രണ്ടുരൂപയുമായിരുന്നു നിരക്ക്. നഗരസഭകളിൽ ആറ് ആർ വരെ ആറിന് രണ്ടുരൂപയും ആറ് ആറിന് മുകളിൽ ആറിന് നാലുരൂപയുമായിരുന്നു നിരക്ക്. കോർപറേഷനുകളിൽ രണ്ട് ആർ വരെ ആറിന് നാലുരൂപയും രണ്ട് ആറിന് മുകളിൽ ആറിന് എട്ടുരൂപയുമായിരുന്നു.
തുടർന്ന് 2014-18ൽ പഞ്ചായത്തുകളിൽ എട്ട് ആർ വരെ ആറിന് ഒരു രൂപയും രണ്ട് ഹെക്ടർവരെ ആറിന് രണ്ടുരൂപയും രണ്ട് ഹെക്ടറിന് മുകളിൽ 400 രൂപയും രണ്ട് ഹെക്ടർ കഴിഞ്ഞുള്ള ഓരോ ആറിനും അഞ്ച് രൂപ വീതവുമായിരുന്നു നിരക്ക്. നഗരസഭകളിൽ മൂന്ന് ആർ വരെ ആറിന് രണ്ടുരൂപയും രണ്ടുഹെക്ടർ വരെ ആറിന് നാലുരൂപയും രണ്ട് ഹെക്ടറിന് മുകളിൽ 800ഉം രണ്ട് ഹെക്ടർ കഴിഞ്ഞുള്ള ഓരോ ആറിനും പത്തുരൂപ വീതവുമായിരുന്നു നിരക്ക്. കോർപറേഷനുകളിൽ രണ്ട് ആർ വരെ ആറിന് നാല് രൂപയും രണ്ട് ഹെക്ടർ വരെ ആറിന് എട്ടുരൂപയും രണ്ട് ഹെക്ടറിന് മുകളിൽ 1600ഉം രണ്ട് ഹെക്ടർ കഴിഞ്ഞുള്ള ഓരോ ആറിനും 20 രൂപവീതവുമായിരുന്നു നിരക്ക്.
2018-22 കാലയളവിൽ പഞ്ചായത്തിൽ 8.1 ആർ വരെ ആറിന് 2.50 രൂപയും 8.1 ആറിന് മുളിൽ ആറിന് അഞ്ച് രൂപയുമായിരുന്നു നിരക്ക്. നഗരസഭകളിൽ 2.43 ആർ വരെ ആറിന് അഞ്ചുരൂപയും 2.43 ആറിന് മുകളിൽ ആറിന് പത്തുരൂപയുമായിരുന്നു നിരക്ക്. കോർപറേഷനുകളിൽ 1.62 ആർ വരെ ആറിന് പത്ത് രൂപയും 1.62ന് മുകളിൽ ആറിന് 20 രൂപയുമായിരുന്നു നിരക്ക്.
2022 മുതൽ 25 വരെ പഞ്ചായത്തുകളിൽ 8.1 ആർ വരെ ആറിന് അഞ്ചുരൂപയും 8.1 ആറിന് മുകളിൽ എട്ടുരൂപയുമായിരുന്നു നിരക്ക്. നഗരസഭകളിൽ 2.43 ആർ വരെ ആറിന് 10 രൂപയും 2.43 ആറിന് മുകളിൽ ആറിന് 15 രൂപയുമായിരുന്നു. ഇത് കോർപറേഷനുകളിൽ 1.62 ആർ വരെ ആറിന് 20 രൂപയും 1.62 ആറിന് മുകളിൽ ആറിന് 30 രൂപയുമായിരുന്നു.