വീടുവെക്കാൻ തരംമാറ്റി നൽകിയത് 24,057 ഏക്കർ
text_fieldsമലപ്പുറം: നെൽവയൽ-നീർത്തട സംരക്ഷണ നിയമഭേദഗതിയുടെ ആനുകൂല്യത്തിൽ വീടു വെക്കാനായി സംസ്ഥാനത്ത് സർക്കാർ തരംമാറ്റം അനുവദിച്ചത് 24,057.99 ഏക്കർ നിലത്തിന്.
2018ൽ നെൽവയൽ-തണ്ണീർത്തട നിയമഭേദഗതി പ്രാബല്യത്തിലായശേഷം റവന്യൂ വകുപ്പ് തരംമാറ്റം അനുവദിച്ച ഭൂമിയുടെ കണക്കാണിത്. ഇക്കാലയളവിൽ കൂടുതൽ തരംമാറ്റം അനുവദിച്ചത് തൃശൂർ ജില്ലയിലാണ് -5314.21 ഏക്കർ. തൊട്ടുപിന്നിൽ എറണാകുളം- 4076.91 ഏക്കർ. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് -211.82 ഏക്കർ.
തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലാണ് (1165.91 ഏക്കർ) കൂടുതൽ തരംമാറ്റം അനുവദിച്ചത്. തൊട്ടുപിന്നിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കാണ്. ഇവിടെ 1118.3 ഏക്കർ തരംമാറ്റി നൽകി.
കണ്ണൂരിലെ തലശ്ശേരിയിൽ 1098.23 ഏക്കറിനും ആലപ്പുഴയിലെ കാർത്തികപ്പള്ളിയിൽ 1100.67 ഏക്കറിനും തൃശൂരിലെ ചാലക്കുടിയിൽ 1030.76 ഏക്കറിനും തരംമാറ്റം അനുവദിച്ചതായും റവന്യൂ രേഖകൾ പറയുന്നു. ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതും നിലവിൽ കൃഷിയില്ലാത്തതുമായ, വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയാണ് വീടുവെക്കാൻ തരംമാറ്റി നൽകുന്നത്. ഇതിനായി റവന്യൂ വകുപ്പ് സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ തയാറാക്കിയിട്ടുണ്ട്. സബ് ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളിൽ തരംമാറ്റം ലഭിച്ചാൽ പരമാവധി ഒരാഴ്ചക്കുള്ളിൽ ഭൂരേഖകളിൽ മാറ്റംവരുത്തി ഭൂനികുതി അടക്കാൻ സാധിക്കും.
ഫീസിനത്തിൽ കോടികൾ
ഭൂമി തരംമാറ്റത്തിന് ഫീസിനത്തിൽ ലഭിക്കുന്ന തുക കൃഷി പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന് നെൽവയൽ-നീർത്തട നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ഒരു രൂപപോലും കാർഷികാഭിവൃദ്ധിക്കായി ചെലവഴിച്ചില്ലെന്ന് ആക്ഷേപം. നെൽവയൽ-തണ്ണീർത്തട നിയമഭേദഗതി നടപ്പാക്കിയ 2018 ഏപ്രിൽ മുതൽ 2024 നവംബർ വരെ ഫീസിനത്തിൽ ലഭിച്ചത് 1606.9 കോടി രൂപയാണ്. ഈ തുക ഗഡുക്കളായി ഒരു വർഷത്തിനകം കാർഷികാഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്ന് ഹൈകോടതി ഉത്തരവുണ്ട്.
കോടതിവിധിപ്രകാരം കഴിഞ്ഞ ഡിസംബർ മുതൽ ഫീസിനത്തിൽ ലഭിക്കുന്ന തുക പ്രത്യേകം അക്കൗണ്ടിൽ സൂക്ഷിക്കുന്നുണ്ട്. ഇതുമാത്രം 8.29 കോടി രൂപയുണ്ട്. അനധികൃതമായി പാടം നികത്തിയത് പൂർവസ്ഥിതിയിലാക്കാൻ ആറു ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. 50.18 കോടി ഓഫിസിനും ജീവനക്കാർക്കുമായി നൽകി.
2018 മുതൽ തരംമാറ്റം അനുവദിച്ച ഭൂമിയുടെ വിസ്തൃതി (ജില്ല തിരിച്ച്)
തിരുവനന്തപുരം -1299.06 ഏക്കർ
കൊല്ലം-2571.96 ഏക്കർ
പത്തനംതിട്ട-991.84 ഏക്കർ
ആലപ്പുഴ-3494.19 ഏക്കർ
കോട്ടയം-1652.79 ഏക്കർ
ഇടുക്കി-372.09 ഏക്കർ
എറണാകുളം-4076.91 ഏക്കർ
തൃശൂർ-5314.21 ഏക്കർ
പാലക്കാട്-1433.12 ഏക്കർ
മലപ്പുറം-430.92 ഏക്കർ
കോഴിക്കോട്-1785.14 ഏക്കർ
വയനാട്-211.82 ഏക്കർ
കണ്ണൂർ-2581.11 ഏക്കർ
കാസർകോട്-842.83 ഏക്കർ
വർഷം, ഭൂമി തരംമാറ്റത്തിന് ഫീസിനത്തിൽ ലഭിച്ച തുക എന്നിവ യഥാക്രമം
2018-19 - 61.10 കോടി
2019-20 - 140.75 കോടി
2020-21 - 293.08 കോടി
2021-22 - 239.61 കോടി
2022-23 - 385.79 കോടി
2023-24 - 324.28 കോടി
2024 നവംബർ വരെ - 217.25 കോടി
ആകെ - 1606.90 കോടി