Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി തരം മാറ്റം:...

ഭൂമി തരം മാറ്റം: കിട്ടിയത് 2202 കോടി; നാലിലൊന്നും വകമാറ്റി

text_fields
bookmark_border
ഭൂമി തരം മാറ്റം: കിട്ടിയത് 2202 കോടി; നാലിലൊന്നും വകമാറ്റി
cancel
camera_alt

ലാൻഡ് റവന്യൂ കമീഷണറുടെ കാര്യാലയം

കൊച്ചി: ഭൂമി തരം മാറ്റി നൽകുന്നതിന് പൊതുജനങ്ങളിൽനിന്ന് ഫീസായി ലഭിക്കുന്ന തുക പൂർണമായി കാർഷികാഭിവൃദ്ധി ഫണ്ടിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥ പാലിക്കാതെ സർക്കാർ. 2018 മുതൽ ഈ വർഷം ജൂൺ 16 വരെ 2202.93 കോടി രൂപ ഭൂമി തരം മാറ്റം വഴി സർക്കാർ ഖജനാവിലെത്തിയതായാണ് ലാൻഡ് റവന്യൂ കമീഷണറേറ്റിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിൽ 530.63 കോടി മാത്രമാണ് കാർഷികാഭിവൃദ്ധി ഫണ്ടിലെത്തിയത്. ഈ തുക കാർഷിക മേഖലയുടെ ഉന്നമനത്തിന് വിനിയോഗിക്കണമെന്ന നിർദേശവും നടപ്പായില്ല.

ഭൂമി തരം മാറ്റുന്നതിന് അപേക്ഷാ ഫീസായി 1,000 രൂപയും 25 സെന്‍റ് മുതൽ ഒരേക്കർ വരെ ഭൂമിക്ക് ന്യായ വിലയുടെ പത്ത് ശതമാനവും അതിൽ കൂടുതലുള്ളതിന് 20 ശതമാനവുമാണ് ഈടാക്കുന്നത്. ഈ ഭൂമിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം 3000 ചതുരശ്ര അടിയിൽ കൂടുതലാണെങ്കിൽ ഓരോ ചതുരശ്രയടിക്കും നൂറ് രൂപ നിരക്കിലും അടയ്ക്കണം.

ഇങ്ങനെ ലഭിക്കുന്ന തുക പൂർണമായും കാർഷികാഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്നാണ് വ്യവസ്ഥ. ഇത് സംബന്ധിച്ച് ഹൈകോടതിയുടെ വ്യക്തമായ നിർദേശവുമുണ്ട്. കാർഷികാഭിവൃദ്ധി ഫണ്ടിലെ തുക സംസ്ഥാനത്ത് കൃഷി പ്രോത്സാഹിപ്പിക്കാനും അനധികൃതമായി നികത്തിയ കൃഷി ഭൂമികൾ പൂർവാവസ്ഥയിലാക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യവസ്ഥയുണ്ട്. എന്നാൽ, ഈ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി തുക കാർഷികാഭിവൃദ്ധി ഫണ്ടിലേക്ക് നൽകാതെ പലപ്പോഴും വകമാറ്റി ചെലവഴിക്കുകയാണ്. ഇക്കാലത്തിനിടെ കാർഷികാഭിവൃദ്ധി ഫണ്ടിലെത്തിയ 530കോടിയിൽനിന്ന് കാർഷികോന്നമനത്തിനോ ഭൂമി പൂർവസ്ഥിതിയിലാക്കാനോ തുക വിനിയോഗിച്ചിട്ടുമില്ല.

ഇതിനിടെ, വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയ 1,510 കോടി തിരിച്ചടക്കാൻ ഹൈകോടതി കർശന നിർദേശം നൽകിയിരുന്നു. കാർഷികോന്നമനത്തിന് ചെലവഴിക്കേണ്ട തുക ട്രഷറി വഴി ധനവകുപ്പിലേക്ക് മാറ്റിയെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു കോടതി ഇടപെടൽ. ഈ തുക തിരിച്ചടച്ചോ എന്ന വിവരം ഇപ്പോഴും ലാൻഡ് റവന്യൂ കമീഷണറേറ്റിന്‍റെ കൈവശമില്ല. തുക കമീഷണറുടെ കാര്യാലയത്തിൽനിന്ന് വകമാറ്റിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനുള്ള 2,83,033 അപേക്ഷകൾ തീർപ്പ് കാത്ത് കെട്ടിക്കിടപ്പുണ്ട്. അഞ്ചര ലക്ഷത്തോളം അപേക്ഷകർ ഇതിനകം തീർപ്പാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

Show Full Article
TAGS:Land revenue Commissioner Revenue department Government of Kerala Revenue Minister​ 
News Summary - ഭൂമി തരം മാറ്റം: കിട്ടിയത് 2202 കോടി; നാലിലൊന്നും വകമാറ്റി
Next Story