ഉരുൾദുരന്തം; ടൗണ്‍ഷിപ് നിർമാണ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ടൗൺഷിപ് നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനം തുടങ്ങി. പദ്ധതി ഭൂമിയായ എൽസ്റ്റൺ എസ്റ്റേറ്റ്, ഹൈകോടതി ഉത്തരവിനെ തുടർന്ന് വെള്ളിയാഴ്ചതന്നെ സർക്കാർ ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു. ഇതോടെയാണ് ശനിയാഴ്ച രാവിലെ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഹൈകോടതിയുടെ നേരത്തേയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 26 കോടി രൂപ ഹൈകോടതി രജിസ്റ്റര്‍ ജനറലിന്റെ അക്കൗണ്ടില്‍ മുമ്പ് കെട്ടിവെച്ചിരുന്നു. വെള്ളിയാഴ്ചത്തെ ഉത്തരവ് പ്രകാരം 17.7754875 കോടി രൂപകൂടി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ഹൈകോടതിയിൽ കെട്ടിവെച്ചു. കൽപറ്റ വില്ലേജ് ബ്ലോക്ക് 19 റീസർവേ നമ്പര്‍ 88ല്‍ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ശനിയാഴ്ച രാവിലെയോടെ 12 പേരടങ്ങുന്ന റവന്യൂ സർവേ ടീം ഭൂമിയുടെ അതിരുകൾ നിർണയിക്കൽ തുടങ്ങി. സർവേയർമാരും ഹെൽപർമാരുമടക്കം 27 അംഗങ്ങളാണ് സർവേ നടത്തിയത്. ഇത് ഞായറാഴ്ചയും തുടരും. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് ചിലയിടങ്ങളിൽ തേയിലച്ചെടികൾ പിഴുതുമാറ്റുകയും ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയിൽ ഉൾപ്പെടുന്ന സ്ഥലമാണെന്ന് ഉറപ്പുള്ള ചെറിയ ഭാഗത്തെ തേയിലച്ചെടികളാണ് പിഴുതുമാറ്റിയത്. ടൗൺഷിപ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ നിർമാണ പ്രവൃത്തികൾ തുടങ്ങും.
അതിനിടെ, എൽസ്റ്റൺ എസ്റ്റേറ്റിലെ നിലവിലുള്ള തൊഴിലാളികളുടെ കുടിശ്ശികയുള്ള ശമ്പളം, പി.എഫ് ആനുകൂല്യം തുടങ്ങിയവ സംബന്ധിച്ച കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. നേരത്തേ സംയുക്ത തൊഴിലാളി യൂനിയൻ നേതാക്കളുമായി നടന്ന ചർച്ചയിൽ എസ്റ്റേറ്റ് മാനേജ്മെന്റിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുകയിൽനിന്ന് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുമെന്നാണ് ഉറപ്പുകൊടുത്തത്. എന്നാൽ, ഹൈകോടതിയുടെ പുതിയ ഇടക്കാല ഉത്തരവുപ്രകാരമുള്ള നഷ്ടപരിഹാരത്തുകയും അപര്യാപ്തമെന്ന് കാണിച്ച് എസ്റ്റേറ്റ് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇതോടെ തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച് വീണ്ടും അനിശ്ചിതത്വമുണ്ടായി. ഇക്കാര്യം ഉന്നയിച്ച് ശനിയാഴ്ച പദ്ധതി പ്രദേശത്ത് എത്തിയ തൊഴിലാളി യൂനിയൻ നേതാക്കളുമായി തൊഴിലാളികൾ വാക്തർക്കമുണ്ടായി.
പുനരധിവാസത്തിന് തങ്ങൾ തടസ്സമല്ലെന്നും എന്നാൽ, അർഹമായ ആനുകൂല്യങ്ങൾ നൽകാതെ എല്ലാവരും ചേർന്ന് തങ്ങളെ വഞ്ചിക്കുകയാണെന്നും തൊഴിലാളികൾ ആരോപിച്ചു. സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ ഞായറാഴ്ച മുതൽ പദ്ധതി പ്രദേശത്ത് അനിശ്ചിതകാല സമരം നടത്തും. എന്നാൽ, നിർമാണത്തിന് തടസ്സമുണ്ടാക്കില്ല. ചൊവ്വാഴ്ച സബ് കലക്ടർ തൊഴിലാളികളെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.