ഉരുൾദുരന്തം: 299 കോടിയുടെ ടൗൺഷിപ്, ഊരാളുങ്കലിന് മുൻകൂറായി 59.8 കോടി
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് കൽപറ്റയിൽ പുരോഗമിക്കുന്ന ടൗൺഷിപ്പിന്റെ ആകെ ചെലവ് 299 കോടി രൂപ. എന്നാൽ, കരാർ ഏറ്റെടുത്ത സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ സർവിസ് സൊസൈറ്റിക്ക് ഇതിനകം മുൻകൂറായി ലഭിച്ചത് 59.8 കോടി. കഴിഞ്ഞ മേയ് 17ന് നൽകിയ 20 കോടിക്ക് പുറമെ, 39.80 കോടി രൂപ കൂടി ഊരാളുങ്കലിന് മുൻകൂറായി കൈമാറാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടു.
പദ്ധതിയുടെ കരാർ മൂല്യത്തിന്റെ മൊബിലൈസേഷൻ അഡ്വാൻസായി ഈ തുക കൂടി അനുവദിക്കുമ്പോൾ ഇതുവരെ ആകെ 59.8 കോടി രൂപ ഊരാളുങ്കലിന് മുൻകൂറായി ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഈ തുക വയനാട് കലക്ടർക്കും തുടർന്ന് ടൗൺഷിപ് പദ്ധതിയുടെ സ്പെഷൽ ഓഫിസർ എസ്. സുഹാസിനും കൈമാറണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി എന്ന നിലയിൽ ടെൻഡറില്ലാതെയാണ് ഊരാളുങ്കലിന് ടൗൺഷിപ് നിർമാണത്തിന്റെ കരാർ ലഭിച്ചത്. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി (പി.എം.സി) ഇല്ലാതെ നേരിട്ട് നിർമാണപ്രവൃത്തി ഏറ്റെടുക്കുന്ന അക്രഡിറ്റഡ് ഏജൻസികൾക്ക് പദ്ധതിത്തുകയുടെ 20 ശതമാനം മുൻകൂറായി നൽകാമെന്ന 2021ലെ ധനകാര്യവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഊരാളുങ്കലിന് തുക മുൻകൂർ അനുവദിച്ചത്. എന്നാൽ, പദ്ധതിക്ക് നേരത്തേ സർക്കാർ കിഫ്ബിയെ പി.എം.സിയായി നിയോഗിച്ചിരുന്നു. ഇതോടെ, പി.എം.സിയുണ്ടായിട്ടും അതില്ലാത്ത പദ്ധതികൾക്ക് മാത്രം നൽകുന്ന മുൻകൂർ തുക ഊരാളുങ്കലിന് നൽകിയെന്ന ആരോപണവുമുയർന്നിരുന്നു. തുടർന്ന്, കിഫ്ബിയെ പി.എം.സി സ്ഥാനത്തുനിന്ന് സർക്കാർ മാറ്റുകയായിരുന്നു.
കൽപറ്റ ബൈപാസിനരികിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 49.5 ഹെക്ടറിലാണ് 410 വീടുകളടങ്ങുന്ന ടൗൺഷിപ് വരുന്നത്. കഴിഞ്ഞ മാർച്ച് 27നാണ് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ്, കിഫ്ബിയുടെ കൺസൽട്ടൻസിയായ കിഫ്കോൺ, ഊരാളുങ്കൽ സൊസൈറ്റി എന്നിവർ തമ്മിലാണ് ത്രികക്ഷി കരാർ.
ടൗൺഷിപ്പിനടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക ചെലവിടുന്നത്. ദുരന്തബാധിതരെ സഹായിക്കാനായി നിധിയിലേക്ക് പൊതുജനങ്ങൾ ആകെ സംഭാവന നൽകിയത് 773.98 കോടിയാണ്. ഇതിൽ 100.05 കോടി രൂപയാണ് ഇതിനകം ചെലവിട്ടത്.


