ഉരുൾപുനരധിവാസം: ടൗൺഷിപ് നിർമാണം തുടങ്ങാനായില്ല
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ടൗൺഷിപ്പിന്റെ നിർമാണപ്രവൃത്തികൾ ഏപ്രിൽ നാലിന് തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും നടന്നില്ല. കൽപറ്റ നഗരത്തോട് ചേർന്ന് ബൈപാസിലെ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 64.47 ഹെക്ടറിലാണ് ടൗൺഷിപ് നിർമിക്കുക. എന്നാൽ, നഷ്ടപരിഹാരത്തുക സംബന്ധിച്ച എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഹരജി ഹൈകോടതി മാറ്റിവെച്ചതോടെയാണ് നിർമാണം നീണ്ടത്.
നേരത്തേ പ്രതീകാത്മകമായി ഭൂമി ഏറ്റെടുക്കാനും തറക്കല്ലിടൽ ചടങ്ങ് നടത്താനും മാത്രം കോടതി അനുമതി നൽകിയിരുന്നു. ഇതുപ്രകാരം മാർച്ച് 27നു മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടൽ ചടങ്ങ് നടത്തി. തൊട്ടുടനെ സർക്കാർ നിശ്ചയിച്ച 26 കോടി രൂപ അപര്യാപ്തമാണെന്നും 549 കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജ്മെന്റ് ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക നിശ്ചയിച്ചതിന്റെ മാനദണ്ഡം ഇതിനകം സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇതുപ്രകാരം ഏപ്രിൽ മൂന്നിന് കേസ് ഹൈകോടതി പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, ഹരജി കേൾക്കുന്നത് ഏപ്രിൽ പത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ നിർമാണപ്രവൃത്തിയും നീളുകയാണ്. നഷ്ടപരിഹാരത്തുക സംബന്ധിച്ച കാര്യങ്ങൾ കോടതി വഴി തീർപ്പാക്കാമെന്നാണ് നേരത്തേ മാനേജ്മെന്റ് നൽകിയ ഹരജി തള്ളി ഹൈകോടതി ഉത്തരവിട്ടത്. ഇതിനാൽതന്നെ ഏപ്രിൽ പത്തിനുള്ള ഹൈകോടതി നിലപാട് ടൗൺഷിപ്പിന്റെ കാര്യത്തിൽ നിർണായകമാണ്.
നഷ്ടപരിഹാരത്തിന്റെ കാര്യം കോടതി ഇനിയും മാറ്റിവെച്ചാൽ നിർമാണവും നീളും. ഇതിനാൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടത്തി നിലവിലുള്ള തുകയേക്കാൾ കൂടുതൽ നൽകി പ്രശ്നം അവസാനിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. എസ്റ്റേറ്റിലെ ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കിയുള്ള നഷ്ടപരിഹാരം വേണമെന്ന നിലപാടാണ് മാനേജ്മെന്റിന്. രണ്ടര സെന്റിന് 6.60 ലക്ഷം രൂപ വിപണി മൂല്യമുള്ള ഭൂമിയാണ് തങ്ങളുടേതെന്നും ഇതനുസരിച്ചുള്ള വിലയാണ് ആവശ്യപ്പെടുന്നതെന്നും എൽസ്റ്റൺ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ മൊയ്തീൻകുഞ്ഞ് ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, പാട്ടക്കാലാവധി കഴിഞ്ഞതും നിയമപ്രകാരം സർക്കാറിൽ നിക്ഷിപ്തമാകേണ്ടതുമായ ഈ ഭൂമി സർക്കാർതന്നെ വിലകൊടുത്തുവാങ്ങുകയാണെന്ന ആരോപണവും ശക്തമാണ്. 1947നു മുമ്പ് വിദേശ കമ്പനികളും ബ്രിട്ടീഷ് പൗരന്മാരും കൈവശം വെച്ച ഏക്കർ കണക്കിന് ഭൂമിയാണ് വയനാട്ടിലുള്ളത്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതോടെ വിദേശ കമ്പനികൾ അവരുടെ ഭൂസ്വത്തുക്കൾ ഇന്ത്യൻ സർക്കാറിന് കൈമാറണമെന്നാണ് നിയമം. ഇതിലുൾപ്പെട്ട ഭൂമിയാണ് എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺസ് എസ്റ്റേറ്റും. എന്നാൽ, ഇത്തരം ഭൂമികൾ നിയമനിർമാണത്തിലൂടെ പിടിച്ചെടുക്കാൻ സർക്കാറുകൾ നടപടി സ്വീകരിച്ചിരുന്നില്ല.