കടക്കെണിയിൽ മുങ്ങി ഉരുൾദുരന്തബാധിതർ
text_fieldsകൽപറ്റ: ഉരുൾദുരന്തത്തിൽ എല്ലാം തകർന്ന തങ്ങളുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തതോടെ ദേശസാത്കൃത ബാങ്കുകളിലെ 35.30 കോടി രൂപയെന്ന വൻ കടബാധ്യതയിൽ മുങ്ങി അതിജീവിതർ. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്നും ഒരു വർഷത്തെ മൊറട്ടോറിയവും വായ്പ പുനഃക്രമീകരണവുമാണ് ചെയ്യാനാകുകയെന്നുമാണ് കേന്ദ്രസർക്കാർ കേരള ഹൈകോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരന്തബാധിതരുടെ ആകെ ബാങ്ക് വായ്പ 35.30 കോടി രൂപയുടേതാണ്. ഈ പ്രദേശങ്ങളിൽ 12 ബാങ്കുകൾ ചേർന്ന് നൽകിയ 3220 വായ്പകളിലായാണിത്. ഉപജീവനമാർഗമടക്കം എല്ലാം നഷ്ടപ്പെട്ടവർക്ക് വായ്പ എഴുതിത്തള്ളിയാലല്ലാതെ മറ്റൊന്നുകൊണ്ടും വായ്പഭാരം ഒഴിയില്ല.
നിലവിലുള്ള വായ്പകളുടെ നിബന്ധനകൾ പരിഷ്കരിച്ച് വായ്പ കാലാവധി നീട്ടുകയടക്കമാണ് പുനഃക്രമീകരണത്തിൽ (റീ ഷെഡ്യൂൾ) ചെയ്യുക. നിശ്ചിത കാലത്തേക്ക് വായ്പകളിലുള്ള എല്ലാ നടപടികളും നിർത്തിവെക്കുകയെന്നതാണ് മൊറട്ടോറിയം. രണ്ടായാലും കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിൽ ദേശസാത്കൃത ബാങ്കുകളിലെ വായ്പ തുക പലിശയടക്കം തിരിച്ചടക്കേണ്ടിവരും.
ദുരന്തഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയപ്പോൾ ബാങ്ക് വായ്പകളടക്കം എഴുതിത്തള്ളാനുള്ള നടപടിയുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. മൊറട്ടോറിയം ആയാലും വായ്പകളുടെ പുനഃക്രമീകരണമായാലും പലിശയടക്കമുള്ള എല്ലാ ബാധ്യതകളും വായ്പക്കാർ തിരിച്ചടക്കേണ്ടിവരുമെന്ന് വയനാട് ജില്ല ലീഡ് ബാങ്ക് മാനേജർ മുരളീധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ല ഭരണകൂടമടക്കം നൽകിയ കണക്കനുസരിച്ച് ദുരന്തമേഖലയിലെ ആകെ വായ്പ 35 കോടിക്ക് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വായ്പകൾ പൂർണമായും ബാങ്കുകൾ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ആഗസ്റ്റ് 20ന് നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭൂരിപക്ഷം വായ്പകളും അനുവദിച്ച ദേശസാത്കൃത ബാങ്കുകൾ അനുകൂല നടപടിയെടുത്തില്ല. കേരള ബാങ്ക് മാത്രമാണ് 3.85 കോടിയുടെ വായ്പ എഴുതിത്തള്ളിയത്.
ഈ ബാങ്കിന്റെ ചൂരല്‍മല ശാഖയില്‍ 213 പേർക്കായി 6.63 കോടി രൂപയാണ് വായ്പ നല്‍കിയിരുന്നത്. നാനൂറിലേറെ സ്വർണ വായ്പകളുമുണ്ട്. ഇവിടത്തെ വായ്പക്കാരായ ഒമ്പതു പേർ ദുരന്തത്തിൽ മരിച്ചു. 15 പേരെ കാണാതായി. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 1.5 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന് അറിയിച്ചിരുന്നെങ്കിലും യാഥാർഥ്യമായിട്ടില്ല.