കാസർകോട് യു.ഡി.എഫ് ജയിക്കുമെന്ന് എൽ.ഡി.എഫ്
text_fieldsകാസർകോട്: കാസർകോട് നിയോജക മണ്ഡലത്തിൽ 2000 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ബി.ജെ.പി കണക്ക് പുറത്തുവന്നിരിക്കെ, മണ്ഡലത്തിൽ യു.ഡി.എഫിെൻറ വിജയമുറപ്പിച്ച് എൽ.ഡി.എഫിെൻറ കണക്ക്. 66,000 വോട്ടാണ് എൽ.ഡി.എഫിെൻറ കണക്കിൽ എൻ.എ. നെല്ലിക്കുന്നിന് ലഭിക്കുക.
ബി.ജെ.പിക്ക് 58,000-61,000 വോട്ടാവും ലഭിക്കുക. കഴിഞ്ഞവർഷത്തെക്കാൾ 1000 വോട്ടിെൻറ വർധനവോടെ 23,300 വോട്ട് എൽ.ഡി.എഫിന് ലഭിക്കുമെന്നും ഇടതുമുന്നണി ശേഖരിച്ച കണക്കിൽ പറയുന്നു. മണ്ഡലത്തിൽ മുസ്ലിം ലീഗിൽ തെരഞ്ഞെടുപ്പിനുമുമ്പ് സംഘടനാപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് ഭൂരിപക്ഷത്തിൽ കുറവിന് കാരണമായേക്കാമെങ്കിലും മറ്റുള്ളവരുടെ പെട്ടിയിലേക്ക് വോട്ടായി എത്തിയിട്ടില്ല.
യു.ഡി.എഫിെൻറ മണ്ഡലം സംബന്ധിച്ച കണക്ക് ഞായറാഴ്ച ലഭിക്കും. പ്രാഥമിക കണക്കുപ്രകാരം 8000 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. ചെങ്കളയിൽനിന്നാണ് യു.ഡി.എഫിന് ഭൂരിപക്ഷത്തിനുള്ള വോട്ട് ലഭിക്കേണ്ടത്. ചെങ്കള കഴിഞ്ഞാൽ കാസർകോട് നഗരസഭയാണ് അവരുടെ വോട്ടുബാങ്ക്. ചെങ്കളയിൽനിന്ന് കഴിഞ്ഞതവണ 17,957 വോട്ടാണ് എൻ.എക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരന് (ബി.ജെ.പി) 4332 വോട്ട്.
12,000 വോട്ട് അധികമായി ലഭിച്ചത് നിർണായകം. ചെങ്കളയിൽ ഇത്തവണ പോളിങ് കുറഞ്ഞതാണ് ലീഗിെൻറ വിജയത്തിൽ സംശയം പ്രകടിപ്പിക്കുന്നവർ ഉന്നയിക്കുന്നത്. എന്നാൽ, വോട്ടു വർധനയാണുണ്ടായിട്ടുള്ളത് എന്ന് കണക്കുനിരത്തി യു.ഡി.എഫ് പറയുന്നു. ഇത് തങ്ങൾക്ക് അനുകൂലമാണെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തൽ. പോളിങ് കുറഞ്ഞത് ഇത്തവണ പൊതുവിലുള്ള പ്രവണതയാണെന്നും യു.ഡി.എഫിന് മാത്രം ബാധകമല്ലെന്നും സ്ഥാനാർഥി എൻ.എ. നെല്ലിക്കുന്ന് പ്രതികരിച്ചു.
കാസർകോട് നഗരസഭയിൽ 16,206 വോട്ടാണ് 2016ൽ യു.ഡി.എഫിന് ലഭിച്ചത്. ഇവിടെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 10,808 വോട്ട് ലഭിച്ചിരുന്നു. മറ്റു പഞ്ചായത്തുകളിൽ 2016ലെ യു.ഡി.എഫ് ബി.ജെ.പി വോട്ടുകൾ ഇപ്രകാരമാണ് (യു.ഡി.എഫ്-ബി.ജെ.പി എന്ന ക്രമത്തിൽ): മൊഗ്രാൽ പുത്തുർ: 6903-4617, മധൂർ: 8333-11,129, ബദിയടുക്ക: 7064-10,525, കുമ്പഡാജെ: 2968-4623, ബെള്ളൂർ: 1421-3718, കാറടുക്ക 3771-6019 എന്നിങ്ങനെയാണ്. ഇതിൽ ബദിയടുക്കയിൽ ബി.ജെ.പി വോട്ട് വർധിച്ചേക്കുമോയെന്ന ഭയം യു.ഡി.എഫിനുണ്ട്. പോൾ ചെയ്ത വോട്ടിൽ ബദിയടുക്കയിൽ കുറവുണ്ട്. ഇത് ആർക്കാണ് ദോഷം ചെയ്യുകയെന്നതാണ് കണ്ടെത്തേണ്ടത്. മധൂരിൽ കൂടുകയും കാസർകോട് കുറയുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ആർക്കാണ് ഗുണമായും ദോഷമായും മാറുകയെന്നത് വിധി നിർണായകമാണ്.
സ്വന്തം വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട് എന്ന ചിന്തയാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നത്്. ചുരുങ്ങിയ വോട്ടിൽ ജയിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദവും എൽ.ഡി.എഫിെൻറ കണക്കും കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫിെൻറ ആത്മവിശ്വാസം വർധിപ്പിക്കുന്നു.