Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right“ഐക്യമെന്നത്...

“ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല; തിരിച്ചടിയുടെ കാലത്ത് വിലപേശൽ ഹീറോയിസമല്ല”: സി.പി.ഐക്കെതിരെ എം. വിജിൻ എം.എൽ.എ

text_fields
bookmark_border
ldf-spat-m-vijin-slams-cpi-tt-jismon-alliance-unity-dispute
cancel
camera_alt

എം. വിജിൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമായ ടി.ടി. ജിസ് മോന് രൂക്ഷമായ മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം നേതാവുമായ എം. വിജിൻ എം.എൽ.എ. ആപത്തുകാലത്ത് മുന്നണിയെ സഹായിക്കുന്നതിന് പകരം വിലപേശൽ നടത്തുന്ന നിലപാടാണ് സി.പി.ഐയുടേതെന്ന് വിജിൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

പഞ്ചതന്ത്ര കഥകളിലെ മല്ലന്റെയും മാതേവന്റെയും ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് വിജിന്റെ പ്രതികരണം. ആപത്തിൽ ഉപേക്ഷിച്ചു പോകുന്ന സുഹൃത്തുക്കളെക്കാൾ കഷ്ടമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു പടികൂടി കടന്ന് വിലപേശൽ നടത്തുന്നവരുടെ നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേട്ടം മാത്രമല്ല, നഷ്ടവും പങ്കുവെക്കുകയാണ് യഥാർത്ഥ മുന്നണി മര്യാദയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം വിശദീകരിച്ച ജിസ് മോൻ ചില പ്രധാന യാഥാർത്ഥ്യങ്ങൾ മറന്നുപോയെന്ന് വിജിൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഇടതുപക്ഷത്തെ ഇടതുപക്ഷമായി നിലനിർത്താൻ സി.പി.ഐ.എം എത്രത്തോളം ത്യാഗങ്ങളും നഷ്ടങ്ങളും സഹിച്ചിട്ടുണ്ടെന്ന ചരിത്രം മുൻഗാമികൾ പറഞ്ഞുതന്നു കാണില്ല. സിദ്ധാർത്ഥ് ശങ്കർ റേയുടെ അർദ്ധ ഫാസിസ്റ്റ് ഭീകരതയിൽ ജീവനും ജീവിതവും നഷ്ടപ്പെട്ട സി.പി.എം പ്രവർത്തകരുടെ ത്യാഗവും, അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരതയ്ക്ക് ഇരയായ സി.പി.എം നേതാക്കളെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത സി.പി.ഐ നിലപാടും വിജിൻ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

മുഖ്യധാര ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് രാജ്യത്ത് അവശേഷിക്കുന്നത് സി.പി.ഐ.എമ്മിന്റെ പിന്മാറാത്ത പോരാട്ടം കൊണ്ടു മാത്രമാണ്. വെച്ചുനീട്ടപ്പെട്ട പ്രധാനമന്ത്രി പദം പോലും രാഷ്ട്രീയ പ്രത്യയശാസ്ത്ര ബോധ്യങ്ങൾ മുൻനിർത്തി വേണ്ടെന്ന് വെച്ച പ്രസ്ഥാനത്തെ നഷ്ടക്കണക്കുകൾ പറഞ്ഞ് ഭയപ്പെടുത്താൻ നോക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് കുറ്റപ്പെടുത്തിയ വിജിൻ, പൂച്ചെണ്ട് മാത്രമല്ല, ഏറുവന്നാൽ അതും കൊള്ളുന്നതാണ് യഥാർത്ഥ ഹീറോയിസമെന്ന് ഓർമ്മിപ്പിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സി.പി.ഐ - സി.പി.എം യുവജന നേതാക്കൾ തമ്മിലുള്ള വാക്പോര് പരസ്യമായതോടെ വിഷയം എൽ.ഡി.എഫിൽ കൂടുതൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പഞ്ചതന്ത്രം കാലാതീതമാണ് . ആപത്തിൽ സഹായത്തിനെത്താത്ത സുഹൃത്ത് സുഹൃത്തല്ലെന്ന് ഓർമ്മപ്പെടുത്തുന്ന മല്ലനും മാതേവനും കഥ നമുക്കെല്ലാം ചിര പരിചിതമാണ് .

കഥയിൽ ആപത്തിൽ ഉപേക്ഷിച്ചു പോകുന്ന സുഹൃത്തിനെയാണ് കണ്ടത്.

ഇവിടെ ആപത്തു കാലത്ത് ഒരു പടി കൂടി കടന്ന് വിലപേശുന്നവരെ കാണാം .

നേട്ടം മാത്രമല്ല നഷ്‌ടവും പങ്കിടണം .

അതാണല്ലോ മര്യാദ .

തെരഞ്ഞെടുപ്പ് ചരിത്രവും രാഷ്ട്രീയ ചരിത്രവും വിശദമായി തന്നെ വിശദീകരിച്ച ജിസ്മോൻ മറന്നുപോയ ചില കാര്യങ്ങളുണ്ട് .

ഇന്ത്യൻ ഇടതുപക്ഷത്തെ ഇടതുപക്ഷമായി തന്നെ നിലനിർത്താൻ സി പി ഐ എം സഹിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്തതിൻ്റെ ചരിത്രം ജിസ്മോന്

മുൻഗാമികൾ പറഞ്ഞു തന്നു കാണില്ല .

സിദ്ധാർത്ഥ് ശങ്കർ റേയുടെ അർദ്ധ ഫാസിസ്റ്റ് ഭീകരതയിൽ ജീവനും ജീവിതവും നഷ്‌ടപ്പെട്ട സി പി ഐ എം പ്രവർത്തകരുടെ എണ്ണം എത്രയെന്ന് ജിസ്മോന് നിശ്ചയമുണ്ടോ .

അടിയന്തരാവസ്ഥയെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത സി.പി. ഐയ്ക്ക് അടിയന്തരാവസ്ഥയിൽ ഭരണകൂട ഭീകരതക്കിരയാക്കിയ സി.പി ഐ എം നേതാക്കളെയും പ്രവർത്തകരെയും കുറിച്ചറിയാമോ .

ഞങ്ങളാണ് യഥാർത്ഥ ഇടതുപക്ഷമെന്നവകാശപ്പെടുന്നവർ മുഖ്യധാര ഇടതുപക്ഷരാഷ്ട്രീയം അവശേഷിച്ചത് സിപിഐഎമ്മിൻ്റെ

പിന്മടങ്ങാത്ത പോരാട്ടം കൊണ്ടായിരുന്നുവെന്ന് മറക്കരുത് .

വച്ചു നീട്ടപ്പെട്ട പ്രധാനമന്ത്രി പദം

രാഷ്രീയ പ്രത്യയ ശാസ്ത്ര ബോധ്യങ്ങളെ മുൻനിർത്തി

വേണ്ടെന്ന് വച്ചവരെ നഷ്‌ട കണക്കു പറഞ്ഞ് ഭയപ്പെടുത്തരുത് .

ഇടതുപക്ഷ ഐക്യമെന്നത് മുന്നണിയിലെ വലിയ കക്ഷിയുടെ മാത്രം ഉത്തരവാദിത്തമല്ല .

പൂച്ചെണ്ടു മാത്രമല്ല

ഏറുവന്നാൽ അതും കൊള്ളണം

അതല്ലേ ഹീറോയിസം ...

എം. വിജിൻ

Show Full Article
TAGS:m vijin mla cpm cpi clash TT Jismon LDF CPM DYFI Facebook posts 
News Summary - LDF Spat Escalates: M Vijin Slams CPI Leader TT Jismon Over Bargaining and Alliance Unity
Next Story