ഇടത് ചായ്വ് ആവർത്തിച്ച് ഒറ്റപ്പാലം
text_fieldsഒറ്റപ്പാലം: ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തിയത് ഒറ്റപ്പാലം മണ്ഡലത്തിെൻറ അടിയുറച്ച ഇടത് ചായ്വ്. 15,152 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. പ്രേംകുമാർ ചുവപ്പ് കോട്ടയായി തന്നെ മണ്ഡലത്തെ നിലനിർത്തിയത്. 74,859 വോട്ടാണ് പ്രേംകുമാർ നേടിയത്. ഇടത് കോട്ട തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിന് 59,707ഉം എൻ.ഡി.എ സ്ഥാനാർഥിയായി മൂന്നാം തവണ മത്സരിച്ച പി. വേണുഗോപാലന്‍ 25,056 വോട്ടുമാണ് ലഭിച്ചത്.
1956 മുതൽ 2021 വരെ നടന്ന 16 നിയമസഭ തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് യു.ഡി.എഫിനെ മണ്ഡലം തുണച്ചത്. 1977ലും 1987ലും നടന്ന യു.ഡി.എഫ് വിജയം ഒഴിച്ച് നിർത്തിയാൽ ബാക്കി 14 തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനായിരുന്നു മേൽക്കൈ. 2011ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. ഉണ്ണി 16,088 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എതിർ സ്ഥാനാർഥിയായിരുന്ന യു.ഡി.എഫ് പ്രതിനിധി ഷാനിമോൾ ഉസ്മാന് 51,073 വോട്ടാണ് ലഭിച്ചത്.
എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പി. വേണുഗോപാലന്‍ 27,605 വോട്ടാണുണ്ടായിരുന്നത്. 2019ൽ നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം. രാജേഷിന് മണ്ഡലത്തിൽനിന്ന് ലഭിച്ചത് 60,486 വോട്ടാണ്. യു.ഡി.എഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന് 54,386 വോട്ടും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് 35,683 വോട്ടും ലഭിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനായിരുന്നു ആധിപത്യം.