Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിചാരണച്ചൂടിൽ...

വിചാരണച്ചൂടിൽ നേതൃത്വം; തിരുത്തൽ രേഖക്കൊരുങ്ങി സി.പി.എം

text_fields
bookmark_border
CPM
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ പാർട്ടി ഘടകങ്ങൾക്ക് ‘സ്വതന്ത്രമായും നിർഭയമായും’ അഭിപ്രായപ്രകടനത്തിന് അവസരം നൽകിയതിന് പിന്നാലെ വിമർശനങ്ങൾ ക്രോഡീകരിച്ച് രാഷ്ട്രീയ തിരുത്തൽ രേഖ തയാറാക്കാൻ സി.പി.എം. ജൂൺ അഞ്ചിന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗം ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റികളിലും ബ്രാഞ്ചുകളിലുമുയർന്ന അഭിപ്രായങ്ങളും വിമർശനങ്ങളും ചർച്ചചെയ്യും. പിന്നാലെ ഇവ ക്രോഡീകരിച്ച് റിപ്പോർട്ടാക്കി ജൂൺ ഏഴിന് ആരംഭിക്കുന്ന രണ്ടുദിവസത്തെ സംസ്ഥാന കമ്മിറ്റിയിൽ വെക്കും. സംസ്ഥാന കമ്മിറ്റിയാണ് തെറ്റുതിരുത്തൽ നടപടിക്രമങ്ങൾക്ക് അന്തിമ രൂപരേഖ തയാറാക്കുക.

അതേസമയം നയപരവും സംഘടനാപരവുമായ വീഴ്ചകൾ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും ഇവ ചർച്ചചെയ്യാനും തിരുത്താനും പ്രത്യേക പ്ലീനം ചേരണമെന്നുമുള്ള ആവശ്യം പാർട്ടിയിലുണ്ട്. ബഹുജന അടിത്തറയിലെ തകർച്ച പരിഹരിക്കാനും പാർട്ടി സ്വാധീനം വികസിപ്പിക്കാനും പ്ലീനം ആവശ്യമാണെന്നാണ് വിലയിരുത്തൽ. കേന്ദ്ര കമ്മിറ്റിയിലും സമാന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകൾ നിർണായകമാണ്.

ജില്ലകളിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടുത്ത രാഷ്ട്രീയ വിചാരണയാണ് നേരിട്ടത്. രൂക്ഷവിമർശനങ്ങളുണ്ടായിട്ടും പ്രതിപക്ഷ നേതാവായി പിണറായി വിജയനെത്തന്നെ നിശ്ചയിച്ച സാഹചര്യത്തിൽ തിരുത്തലുകൾ എത്രത്തോളം ഫലപ്രദമാകുമെന്നതിൽ സംശയമുണ്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി തീരുമാനത്തിനെതിരെ ഘടകങ്ങളിൽനിന്ന് അതൃപ്തി ഉയർന്നിട്ടുണ്ട്.

പാർട്ടിയെ കൈവിട്ട ന്യൂനപക്ഷ വിഭാഗങ്ങളെ തിരികെയെത്തിക്കാതെയും ഈഴവ വോട്ട് ബാങ്കിലെ ചോർച്ച അടയ്ക്കാതെയും മുന്നോട്ടുപോകാനാവില്ലെന്ന വിലയിരുത്തലാണ് ഘടകങ്ങളിലുയർന്നത്. പാർട്ടിയിലെ വലിയ വിഭാഗം പ്രവർത്തകർ 2016ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നശേഷം അംഗത്വം ലഭിച്ചവരാണ്. ഭരണത്തണലിലുള്ള അനുഭവങ്ങളാണ് അവർക്കുള്ളത്. അംഗത്വത്തിൽ മുസ്ലിം, ദലിത്, വിദ്യാർഥി, യുവജന വിഭാഗങ്ങളിൽനിന്നുള്ളവർ കുറവാണ്. പാർലമെന്ററി ലക്ഷ്യങ്ങൾക്കപ്പുറം അടിസ്ഥാന വർഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ജനകീയ സമരങ്ങളിലേക്ക് മടങ്ങണമെന്നതാണ് കീഴ്ഘടകങ്ങളുടെ ആവശ്യം. സമരങ്ങൾ വർഗ-ബഹുജന സംഘടനകളുടെ ചുമതലയാക്കാതെ പാർട്ടി നേരിട്ട് ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നത് വഴി നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Show Full Article
TAGS:CPM LDF Failure opposition correction Kerala Assembly 
News Summary - Leadership in the heat of trial; CPM prepares for correction document
Next Story