ഒറ്റപ്പദവി: മുസ്ലിം ലീഗിലെ മൂന്ന് മന്ത്രിമാർക്ക് പാർട്ടി പദവികൾ ഒഴിയേണ്ടി വരും
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: ഒരാൾക്ക് ഒരു പദവി തീരുമാനം കർശനമായി നടപ്പാക്കാനൊരുങ്ങി മുസ്ലിം ലീഗ്. കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽഗഫൂർ എന്നീ മന്ത്രിമാരും എം.എൽ.എ.മാരും പാർട്ടി പദവി ഒഴിയും. തെരഞ്ഞെടുപ്പിൽ തഴയപ്പെട്ടവരടക്കം കൂടുതൽ പേർക്ക് അവസരം നൽകാൻ ലക്ഷ്യമിട്ടാണ് നീക്കം.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഒരാൾക്ക് ഒരു പദവി എന്ന നയംവഴി പാർട്ടി പുനഃസംഘടനക്ക് കളമൊരുക്കുന്നത്. തദ്ദേശത്തിൽ നടപ്പാക്കി വിജയിച്ച തീരുമാനമാണ് സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. സംസ്ഥാന ഭാരവാഹിത്വം ഒഴിയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി നിലനിർത്തും.
അഞ്ച് ലീഗ് മന്ത്രിമാരിൽ നാലുപേരും പാർട്ടി ഭാരവാഹികളാണ്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഇളവ് നൽകുമെങ്കിലും സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ. ഷംസുദ്ദീനും കെ.എം. ഷാജിയും എറണാകുളം ജില്ല സെക്രട്ടറിയായ വി.ഇ. അബ്ദുൽഗഫൂറും പദവി ഒഴിയേണ്ടി വരും.
എം.എൽ.എമാരിൽ സംസ്ഥാന സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുല്ല, ജില്ല ഭാരവഹികളായ കല്ലട്ര മാഹിൻ, എം.എ. റസാഖ്, എസ്.ടി.യു ദേശീയ പ്രസിഡന്റ് എം. റഹ്മത്തുല്ല, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എന്നിവരും ഒഴിയും.
യൂത്ത് ലീഗ് ഭാരവാഹികളായ പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, ഫാത്തിമ തഹ്ലിയ തുടങ്ങിയവരും മാറും. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ നിയമനം നേടിയവർ ഉൾപ്പെടെയുള്ള പുതിയ പദവികൾ ലഭിച്ചവർക്കും സംഘടന സ്ഥാനങ്ങൾ ഒഴിയേണ്ടി വരാം. ഒരാള്‍ക്ക് ഒരു പദവി നിർദേശവുമായി സംസ്ഥാന കമ്മിറ്റി നേരത്തേ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരും ഉപാധ്യക്ഷരും സ്ഥിരംസമിതി അധ്യക്ഷരുമാകുന്നവര്‍ക്കടക്കം ഒറ്റപ്പദവി നിർദേശം ബാധകമാക്കിയിരുന്നു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് കഴിഞ്ഞ ദിവസം പദവി ഒഴിഞ്ഞിരുന്നു. സംസ്ഥാന ഭാരവാഹിത്വം ഒഴിയുന്ന മുതിർന്ന നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗങ്ങളായി തുടരും.


