കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗ്; സീറ്റ് വെച്ചുമാറുന്നതും പരിഗണനയിൽ
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിക്കാൻ മുസ്‍ലിംലീഗ്. ജയസാധ്യത പരിഗണിച്ച് നിലവിൽ മത്സരിക്കുന്ന സീറ്റുകൾ വെച്ചുമാറാനും ഉഭയകക്ഷി ചർച്ചയിൽ ലീഗ് താൽപര്യമറിയിക്കും. യു.ഡി.എഫുമായുള്ള ലീഗിന്റെ സീറ്റ് വിഭജന ചർച്ച ഒരാഴ്ചക്കകം പൂർത്തീകരിക്കുമെന്നാണ് സൂചന.
പരിചയസമ്പന്നർക്കൊപ്പം യുവജനങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യമുള്ള സ്ഥാനാർഥിപ്പട്ടികയായിരിക്കും ലീഗ് തയാറാക്കുകയെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ സൂചന നൽകി. 2021ൽ ലീഗ് മത്സരിച്ചത് 27 സീറ്റുകളിലാണ്. വിജയിച്ചത് 15 ഇടത്തും. മലപ്പുറം ജില്ലയിലെ 11ഉം കാസർകോട്ടെ രണ്ടും കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഓരോ മണ്ഡലങ്ങളിലുമാണ് വിജയംകണ്ടത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പാർട്ടി മത്സരിച്ച ഒറ്റ സീറ്റിലും വിജയിച്ചില്ല. ഇത്തവണ മൂന്നു സീറ്റുവരെ അധികം ചോദിക്കുമെങ്കിലും ഇക്കാര്യത്തിൽ ലീഗ് പിടിവാശി കാണിക്കില്ല.
ലീഗിന് ജയസാധ്യതയില്ലാത്ത സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ചും യു.ഡി.എഫുമായി ചർച്ചയുണ്ടാവും. ഗുരുവായൂർ, പുനലൂർ സീറ്റുകളുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്.
കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ വനിത സ്ഥാനാർഥിയെ നിർത്തിയ ലീഗ് ഇത്തവണ ഒന്നിലധികം സീറ്റുകൾ വനിതകൾക്ക് നീക്കിവെച്ചേക്കും. മുസ്‍ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ജയന്തി രാജൻ, വനിത ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്റ മമ്പാട് എന്നിവരെ സ്ഥാനാർഥിത്വത്തിന് പരിഗണിച്ചേക്കാം.
തദ്ദേശ തെരഞ്ഞെടുപ്പിലേതുപോലെ സ്ഥാനാർഥിത്വത്തിന് മൂന്ന് ടേം വ്യവസ്ഥ കൊണ്ടുവന്നാൽ പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെയുള്ള ഏഴ് എം.എൽ.എമാർക്ക് മാറിനിൽക്കേണ്ടിവരും. എൻ. ഷംസുദ്ദീൻ (മണ്ണാർക്കാട്), കെ.പി.എ. മജീദ് (തിരൂരങ്ങാടി), പി. ഉബൈദുല്ല (മലപ്പുറം), പി.കെ. ബഷീർ (ഏറനാട്), എൻ.എ. നെല്ലിക്കുന്ന് (കാസർകോട്), മഞ്ഞളാംകുഴി അലി (മങ്കട), എം.കെ. മുനീർ (കൊടുവള്ളി) എന്നിവർ മൂന്നിലേറെ തവണ എം.എൽ.എയായവരാണ്. ഇവരിൽ ചിലർക്ക് ഇളവ് നൽകിയേക്കാം.
മഞ്ചേരി എം.എൽ.എ അഡ്വ. യു.എ. ലത്തീഫ് മത്സരരംഗത്തുണ്ടാവില്ല. ടി.വി. ഇബ്രാഹിം കൊണ്ടോട്ടിയിൽ വീണ്ടും മത്സരിക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിലും സീറ്റുറപ്പില്ല. ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം വേങ്ങരയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കും. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പി. അബ്ദുൽ ഹമീദ് മഞ്ചേരിയിലും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ തിരൂരങ്ങാടിയിലോ വള്ളിക്കുന്നിലോ പരിഗണിച്ചേക്കും. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് താനൂരിലോ എം.കെ. മുനീർ ഇല്ലെങ്കിൽ കൊടുവള്ളിയിലോ പരിഗണിക്കപ്പെടാം. കൊണ്ടോട്ടിയിലേക്ക് പി.എം.എ. ഷമീർ, എ.കെ. മുസ്തഫ എന്നിവരുടെ പേരുകളുണ്ട്. യൂത്ത്‍ലീഗ് ദേശീയ നേതാക്കളിൽ ഒരാളെ പരിഗണിച്ചേക്കും.


